വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെ സസ്‌പെന്റ് ചെയ്തു

കൊല്ലം എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഭാര്യയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ തിങ്കളാഴ്ച രാത്രിയാണ് പിടിയിലായത്. പൊലീസ് ചൊവ്വാഴ്ച അറസ്റ്റു രേഖപ്പെടുത്തി

കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയാണ് ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞത്. ബാത്ത് റൂമില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. വിസ്മയയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കാറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡന മരണം എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട് . പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍കണ്ടതായി ഭര്‍തൃവീട്ടുകാര്‍ അറിയിച്ചത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വിസമയ മരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ കിരണ്‍ രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍ കുമാര്‍ . സംഭവത്തില്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

22-Jun-2021