ഐഷ സുൽത്താനയ്‌ക്കെതിരെ ക്വാറന്റീൻ ലംഘനത്തിന് നോട്ടീസ്

രാജ്യദ്രോഹകുറ്റത്തിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി ലക്ഷദ്വീപിലെത്തിയ സംവിധായക ഐഷ സുൽത്താനയ്‌ക്കെതിരെ ക്വാറന്റീൻ ലംഘനത്തിന് നോട്ടീസ്. ലക്ഷദ്വീപ് ജില്ലാ ഭരണകൂടമാണ് നോട്ടീസ് നൽകിയത്.ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോവെപ്പൺ പ്രയോഗത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസിൽ ഐഷ സുൽത്താനയെ കഴിഞ്ഞ ദിവസമാണ് കവരത്തി പൊലീസ് ചോദ്യം ചെയ്തത്.

മൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം ഐഷയെ വിട്ടയച്ച പൊലീസ് ആവശ്യം വന്നാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി വിളിപ്പിക്കുമെന്നും അറിയിച്ചിരുന്നു.ചോദ്യംചെയ്യലിന് ഹാജരായ സമയത്ത് കാറിൽ ഒന്നിൽകൂടുതൽ ആളുകൾ ഉണ്ടായിരുന്നെന്നും ഇത് ക്വാറന്റീൻ ലംഘനമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

ചോദ്യം ചെയ്യലിന് ശേഷം തങ്ങളുമായി പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച നടത്തിയതും നിയമലംഘനമാണെന്ന് കളക്ടർ വ്യക്തമാക്കുന്നു. ചോദ്യംചെയ്യലിൽ മാത്രമായിരുന്നു ഐഷ സുല്ത്താനയ്ക്ക് ഇളവുകൾ നൽകിയതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിശദീകരണം.

22-Jun-2021