കെ. സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി പുറത്ത്

സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോൺ സംഭാഷണം പുറത്ത്. ജാനുവിനും ജെആർപിക്കും പണം നൽകിയത് ആർഎസ്എസിന്റെ അറിവോടെയാണെന്ന് പറയുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

പണം ഏർപ്പാട് ചെയ്തിരിക്കുന്നത് ആർഎസ്എസ് ഓർഗനൈസിംഗ് സെക്രട്ടറി എം ഗണേഷാണെന്നാണ് സുരേന്ദ്രന്റെ സംഭാഷണത്തിലുള്ളത്. മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. അതേസമയം സി.കെ. ജാനുവിന് ബി.ജെ.പി. 25 ലക്ഷം രൂപ കൂടി നൽകിയെന്ന് പ്രസീത പറഞ്ഞിരുന്നു.

'25 ലക്ഷം നൽകുന്ന കാര്യം കെ. സുരേന്ദ്രൻ തന്നോട് പറഞ്ഞിരുന്നു. എവിടെ വച്ച് ആരു പണം കൈമാറി എന്ന് അറിയാമെങ്കിലും ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അന്വേഷണത്തെ ബാധിക്കുന്നതിനാലാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താത്തത്,' പ്രസീത പറഞ്ഞു. കെ. സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സി.കെ. ജാനുവിനെയും പ്രതിയാക്കിയാണ് കേസെടുത്തത്.

23-Jun-2021