ലക്ഷദ്വീപിൽ ഡല്‍ഹി, പോണ്ടിച്ചേരി മാതൃകയില്‍ നിയമസഭ അനിവാര്യം: പി.പി ഫൈസല്‍ എം.പി
അഡ്മിൻ
ലക്ഷദ്വീപിൽ നിയമസഭ വേണം പി.പി. ഫൈസല്‍ എം.പി. ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഭരണതലത്തില്‍ പരിഗണിക്കുന്നതിന് ഡല്‍ഹി, പോണ്ടിച്ചേരി മാതൃകയില്‍ നിയമസഭ അനിവാര്യമാണെന്ന്ഫൈസല്‍ പറഞ്ഞു.അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഇതിനായി സേവ് ലക്ഷദ്വീപ് ഫോറത്തിന് രൂപം നല്‍കിയിട്ടുണ്ട്.
അഡ്മിനിസ്ട്രേറ്ററെ എത്രയും വേഗം പിന്‍വലിക്കണമെന്നാണ് ഫോറത്തിന്‍റെ പ്രധാന ആവശ്യം.പ്രഫുല്‍ പട്ടേല്‍ ഇറക്കിയ ജനദ്രോഹ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ തയാറാകണം. കേരളവുമായുള്ള ലക്ഷദ്വീപിന്‍റെ ബന്ധത്തെ വിച്ഛേദിക്കാനുള്ള ഗൂഢനീക്കങ്ങളാണ് നടക്കുന്നത്.കേരള ഹൈക്കോടതിയില്‍ നിന്ന് വ്യവഹാരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള നീക്കം ശരിയല്ല.
ദ്വീപിലെ ജില്ലാ കോടതി, രണ്ട് മുനിസിഫ് കോടതികള്‍ അടക്കമുള്ളവയുടെ നടപടിക്രമങ്ങള്‍ മാതൃഭാഷയായ മലയാളത്തിലാണ്. ജനങ്ങള്‍ക്ക് പരിചയമില്ലാത്ത ഭാഷ സംസാരിക്കുന്ന കര്‍ണാടക കോടതിയുടെ കീഴിലേക്ക് കൊണ്ടു പോകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഈ നീക്കം അഡ്മിനിസ്ട്രേറ്റര്‍ക്ക് കേരള ഹൈക്കോടതിയില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്നും ഫൈസല്‍ ആവശ്യപ്പെട്ടു.സി.ബി.എസ്.ഇ മാതൃകയിലും കേരള എഡ്യുക്കേഷന്‍ ബോര്‍ഡിന്‍റെ കീഴിലുമാണ് ദ്വീപിലെ സ്കൂളുകളിലെ സിലബസ് ക്രമീകരിച്ചിട്ടുള്ളത്.
കേരള എഡ്യുക്കേഷന്‍ ബോര്‍ഡ് മാറ്റി സി.ബി.എസ്.ഇ മാത്രം നിലനിര്‍ത്താനുള്ള നീക്കവും നടക്കുന്നുണ്ട്.ബേപ്പൂര്‍ തുറമുഖത്ത് നിന്ന് മംഗലാപുരത്തേക്ക് യാത്രകള്‍ മാറ്റാന്‍ ദ്വീപുകാര്‍ ആഗ്രഹിച്ചിട്ടില്ല. എന്നാല്‍, കൂടുതല്‍ ക്രമീകരണങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. ലക്ഷദ്വീപിനെ പിന്തുണക്കുന്ന കേരളവുമായുള്ള ബന്ധം ഇല്ലാതാക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്.
ലക്ഷദ്വീപില്‍ പ്രശ്നങ്ങളില്ലെന്നും എല്ലാം കേരളത്തിലാണെന്നുമുള്ള അഡ്മിനിസ്ട്രേറ്റുടെയും ജില്ലാ കലക്ടറുടെയും ആരോപണം വാസ്തവവിരുദ്ധമാണ്. കേരളവുമായി നൂറ്റാണ്ടുകളുടെ ബന്ധമാണ് ലക്ഷദ്വീപിനുള്ളത്. അത് മാറ്റാന്‍ സാധിക്കില്ലെന്നും ഫൈസല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.