ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒരേ സമയം 15 പേരില്‍ കൂടുതല്‍ ദര്‍ശനത്തിനായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല. അന്നദാനം അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. പൂജാ സമയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ പാടില്ല. ദര്‍ശനത്തിനെത്തുന്നവര്‍ മാസ്‌ക് ധരിച്ചിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

ശ്രീകോവിലില്‍ നിന്നു ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബലിതര്‍പ്പണ ചടങ്ങുകള്‍ സാമൂഹിക അകലം പാലിച്ച് നടത്താം. സപ്താഹം, നവാഹം എന്നിവയ്ക്കും അനുമതിയില്ല.

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ഒരു സമയം പതിനഞ്ച് പേര്‍ക്ക് മാത്രമാകും പ്രവേശനം. ഓരോ പത്ത് മിനിറ്റിലും ഓരോ നടകള്‍ വഴി മൂന്ന് പേര്‍ക്ക് വീതമായിരിക്കും ദര്‍ശനം അനുവദിക്കുക. ദര്‍ശനത്തിനെത്തുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഗുരുവായൂര്‍ ക്ഷേത്രവും തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഗുരുവായൂരില്‍ ഒരു ദിവസം 300 പേര്‍ക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക. ഒരേ സമയം15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനാകുക. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതിയുണ്ടായിരിക്കും. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓണ്‍ ലൈന്‍ ബുക്കിംഗിലൂടെയായിരിക്കുമെന്നും അറിയിപ്പുണ്ട്.

23-Jun-2021