ജനാധിപത്യ മുഖം ഉപേക്ഷിക്കുന്ന കേരളത്തിലെ കോൺഗ്രസ്

കേരളത്തിലെ കോൺഗ്രസിന് ഇനിമുതൽ ജനാധിപത്യ മുഖമില്ല. പാർട്ടിക്കുള്ളിലും പുറത്തും ശബ്ദം ഉയർത്തേണ്ടവർ ആരെന്നു കെ.പി.സി.സി പ്രസിഡന്റ് തീരുമാനിക്കും. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്ക് നിലവിലുണ്ടായിരുന്ന മുഴുവൻ കമ്മിറ്റികളും നോക്കുകുത്തിയായി തുടരും.

കെ.പി.സി.സി പുതുതായി ആരംഭിക്കുന്ന പൊളിറ്റിക്കൽ സ്കൂളിൽ പ്രായഭേദമന്യേ കേരളത്തിലെ മുഴുവൻ പാർട്ടി നേതാക്കളെയും രാഷ്ട്രീയം പഠിപ്പിക്കും. മുഴുവൻസമയ പാർട്ടി പ്രവർത്തനത്തിന് തയ്യാറല്ലാത്ത ഒറ്റ നേതാക്കൾക്കുപോലും സ്ഥാനമാനങ്ങൾ നൽകില്ല. കെ.പി.സി.സി പ്രസിഡന്റായി അധികാരമേറ്റശേഷം ചേർന്ന ആദ്യ രാഷ്ട്രീയകാര്യ സമിതിയോഗത്തിലാണ് കെ സുധാകരൻ ഇക്കാര്യങ്ങൾ അറിയിച്ചത്.

വരുതിയിൽ നിൽക്കാത്തവർക്കെതിരെ വാളോങ്ങിയും ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെ പൂഴിക്കടകൻ പ്രയോഗിച്ചും യോഗത്തിൽ നിശബ്ദരാക്കി. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ മുരളീധരൻ, വി എം സുധീരൻ, എം എം ഹസൻ തുടങ്ങിയ മുൻനിര നേതാക്കളെ സംസ്ഥാന കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്റെ പടിക്ക് പുറത്തു നിർത്തിയാണ് വൈകുന്നേരം മൂന്നിന് കെ സുധാകരൻ യോഗം വിളിച്ചു ചേർത്തത്.

ഇതിനു മുന്നോടിയായി രാവിലെ ഗ്രൂപ്പു നേതാക്കളെ മാത്രം വിളിച്ച് മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ നിശബ്ദരാക്കിയത്.

24-Jun-2021