ജിഡ പദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കും: മന്ത്രി എം.വി ഗോവിന്ദന്‍

ജിഡ പദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. പൊതുഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കും.പദ്ധതി പൂര്‍ത്തീകരണത്തില്‍ കാലതാമസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും വൈപ്പിന്‍ മണ്ഡലത്തിലെ ജിഡ പദ്ധതികളുടെ അവലോകനയോഗത്തില്‍ മന്ത്രി പറഞ്ഞു.

യോഗത്തില്‍ നടപ്പ് പദ്ധതികളുടെ പൊതുമേല്‍നോട്ട നിര്‍വഹണത്തിന് മന്ത്രി, വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തി.ജിഡ പദ്ധതിയില്‍ ഭരണാനുമതി ലഭിച്ച എല്ലാ ജോലികളും തുടരും. റോഡുകളുടെയും സര്‍വീസ് റോഡുകളുടെയും അക്വിസിഷന്‍ നടപടികള്‍ വേഗത്തിലാക്കും . ഭൂരേഖ തഹസില്‍ദാര്‍മാരുടെ നിയമനത്തിനു ഉടന്‍ നിര്‍ദേശം നല്‍കും.

ചാത്തനാട് വലിയ കടമക്കുടി പാലത്തിന്റെ അപ്രോച്ച്‌ റോഡുകളുടെ സ്ഥലമെടുപ്പ്, കോതാട് - ചേന്നൂര്‍, പിഴല - ചേന്നൂര്‍ - ചെരിയംതുരുത്ത് പാലങ്ങളുടെ നിര്‍മ്മാണം, മൂലമ്പിള്ളി - പിഴല പാലം മുതല്‍ പിഴല റോഡുവരെ 350മീറ്റര്‍ റോഡിന്റെ നിര്‍മ്മാണവുമുള്‍പ്പെടെ 15 പ്രധാന പദ്ധതികള്‍ വിലയിരുത്തിയ യോഗം സമയബന്ധിത നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കി.

കെഎസ്‌ഇബി, കേരള വാട്ടര്‍ അതോറിറ്റി, ബിഎസ്‌എന്‍എല്‍ എന്നീ സ്ഥാപനങ്ങളുടെ പോസ്റ്റുകളും മറ്റും മാറ്റിസ്ഥാപിക്കുന്നത് കഴിയുന്നത്ര വേഗം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജിഡ പ്രോജക്‌ട് ഡയറക്ടര്‍ ജിനുമോള്‍ വര്‍ഗീസ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗം വി വി ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

24-Jun-2021