രമേശ് ചെന്നിത്തലക്കെതിരെ വിമര്‍ശനവുമായി പി. ജെ കുര്യന്‍

മുന്‍ പ്രതിപക്ഷ നേതാവ് മേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ രാജ്യസഭാ ഉപാധ്യക്ഷനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ജെ കുര്യന്‍. ചെന്നിത്തലയുടെ നെഗറ്റീവ് സമീപനം മൂലമാണ് കോണ്‍ഗ്രസിന് പരാജയം സംഭവിച്ചതെന്ന് പി. ജെ കുര്യന്റെ കുറ്റപ്പെടുത്തല്‍.കേരളത്തിലെ ജനങ്ങള്‍ ചെന്നിത്തലയെ ഗൗരവത്തിലല്ല കാണുന്നതെന്നും കുര്യന്റെ കുറ്റപ്പെടുത്തല്‍. കേരളത്തിന്റെ ചുമതലക്കാരനായ താരിഖ് അന്‍വറിനാണ് പി. ജെ കുര്യന്‍ കത്ത് നല്‍കിയത്.

രമേശ് ചെന്നിത്തലയെ എ. ഐ. സി. സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് പിന്നാലെയാണ് കത്ത് പുറത്താവുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ ചെന്നിത്തല തുടര്‍ച്ചയായി വിമര്‍ശിച്ചതാണ് ജനങ്ങളെ പരിപൂര്‍ണ്ണമായും എതിരാക്കിയത്. അത് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായി.കേരളത്തിലെ ജനങ്ങള്‍ ചെന്നിത്തലയെ ഗൗരവത്തിലല്ല കാണുന്നതെന്നും ചെന്നിത്തലയുടെ കൈയ്യിലിരിപ്പ് കാരണം എല്ലാ സമുദായങ്ങളെയുംഎതിരാക്കിയെന്നും കത്തില്‍ അക്കമിട്ട് പറയുന്നു.

വിഷുവിന് കിറ്റ് നല്‍കിയതിനെ ചെന്നിത്തല എതിര്‍ത്തത് ഹിന്ദുവിഭാഗത്തെ കോണ്‍ഗ്രസിന് എതിരാക്കി. കെ. ടി ജലീലിനെതിരെ ഖുറാന്‍ വിഷയം ഉയര്‍ത്തിയത് മുസ്ലീം വിഭാഗത്തെ കോണ്‍ഗ്രസിന്റെ ശത്രുവാക്കി. കത്തോലിക്കാ ഇതര വിഭാഗത്തിലെ ബിഷപുമാര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ തന്നോട് വ്യക്തിപരമായി ചെന്നിത്തലയെ പറ്റി കുറ്റം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (മാണി) മുന്നണി വിട്ടത് ചെന്നിത്തലയുടെ സമീപനം കാരണമാണെന്നും കുര്യന്‍ ആരോപിച്ചു. ഈഴവ ഭൂരിപക്ഷം ഉളള കോന്നിയില്‍ ആ വിഭാഗത്തിന് പുറത്തുളള ചെന്നിത്തലയുടെ അനുയായിയെ സ്ഥാനാര്‍ത്ഥിയാക്കി.

24-Jun-2021