സംസ്ഥാനത്തെ കര്‍ഷകസമരം ചൊവ്വാഴ്ചയിലേക്ക് മാറ്റി

സംയുക്ത കർഷകസമിതി നാളെ ദേശവ്യാപകമായി ആഹ്വാനം ചെയ്ത കർഷക പ്രക്ഷോഭം ജൂൺ 29ലേക്ക് മാറ്റി. ശനി, ഞായർ ദിവസങ്ങളിൽ കേരളത്തില്‍ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാലാണ് സംസ്ഥാനത്തെ സമരം ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.

മോഡി സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിലും, ജില്ലാ ലോക്കൽ- പ്രാദേശിക കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാര്‍ ഓഫീസുകൾക്ക് മുന്നിലും രാവിലെ 11 മണിക്ക് സമരം നടത്തും.

‘കൃഷിയെ രക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം. രാജ്ഭവനിലെ സമരശേഷം കർഷക നേതാക്കൾ ഗവർണറെ സന്ദർശിച്ച് നിവേദനം നൽകും. പ്രക്ഷോഭം വിജയിപ്പിക്കാൻ സംയുക്ത കര്‍ഷകസമിതി അഭ്യർത്ഥിച്ചു.

25-Jun-2021