രാജിയോടെ ജോസഫൈനുമായി ബന്ധപ്പെട്ട വിവാദങ്ങൾ തീർന്നു: എ വിജയരാഘവന്‍

ഇന്ന് നടന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈൻ രാജിസന്നദ്ധത അറിയിക്കുകയും പാർട്ടി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന്
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

ജോസഫൈനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതോടെ തീർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ ഒരു മാധ്യമപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അനുചിതമായ ചില പരാമർശങ്ങൾ അവരിൽ നിന്നുണ്ടായി. ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ചേർന്നപ്പോൾ ആ വിഷയം പരിശോധിക്കുകയും ചെയ്തു.

ഈ യോ​ഗത്തിൽ പങ്കെടുത്തിരുന്ന സഖാവ് ജോസഫൈൻ ഉണ്ടായ കാര്യങ്ങൾ വിശദീകരിച്ചു. അവർക്ക് പറ്റിയ പിശകിൽ ഖേദം പ്രകടിപ്പിച്ച കാര്യം പാർട്ടിയെ അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് അവർ പൊതുസമൂഹത്തോട് മാപ്പ് പറയുകയും പാർട്ടിയിൽ ഇതേക്കുറിച്ച് വിശദീകരണം നൽകുകയും രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു.

അവരുടെ രാജി തീരുമാനത്തെ പാർട്ടി അംഗീകരിച്ചു. ഇക്കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാട് എന്താണ് എന്നതിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല - സിപിഎം സെക്രട്ടേറിയറ്റിന് ശേഷം മാധ്യമങ്ങളെ കണ്ട എ.വിജയരാഘവൻ പറഞ്ഞു.

25-Jun-2021