സര്‍വകക്ഷിയോഗം : കേന്ദ്രം കേരളത്തെ പരിഗണിച്ചില്ല
അഡ്മിൻ
ന്യൂഡല്‍ഹി : കേരളത്തോട് മുഖംതിരിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി അനുകൂല നിലപാട് കൈക്കൊണ്ടില്ല. റേഷന്‍ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങി കേരളത്തിന്റെ പ്രധാന ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി, കേരളത്തെ തീര്‍ത്തും രാഷ്ട്രീയപരമായ കണ്ണോടെയാണ് വീക്ഷിക്കുന്നത് എന്നത് പറയാതെ പറഞ്ഞു. സ്ഥലം ഏറ്റെടുത്തു നല്കിയാല് ശബരിമല റെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കാമെന്ന ഉറപ്പുമാത3മാണ് പ്രധാനമന്ത്രി കേരളത്തിന് നല്‍കിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തുവന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് പൊതുവെ കേരളത്തിന്റെ കാര്യത്തില്‍ അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല എന്ന തോന്നലാണുള്ളതെന്ന് വ്യക്തമാക്കി.
റേഷന്‍ വിഹിതത്തിന്റെ കാര്യത്തില്‍ നിരാശാജനകമായ നിലപാടാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗവും അതില്‍ പെടാത്ത വിഭാഗവുമുണ്ട്. കേരളത്തില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭിക്കാത്തതുകൊണ്ട് മുന്‍ഗണനയില്‍ പെടാത്ത വിഭാഗത്തിന് ജീവിക്കാനുള്ള ഭക്ഷ്യധാന്യം ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ ആവശ്യമായ മാറ്റം വേണമെന്നാണ് സര്‍വ്വകക്ഷി സംഘം ഉന്നയിച്ച ആവശ്യം. മുന്‍പുണ്ടായിരുന്നതില്‍നിന്ന് വെട്ടിക്കുറച്ചത് നികത്തണമെന്നായിരുന്നു ആവശ്യം. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ നല്‍കാനാകൂ എന്നാണ് പ്രധാനമന്ത്രി നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച് മുന്‍ നിലപാടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടു പോയെന്നും ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന് വകുപ്പ് മന്ത്രി നേരത്തെ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റി എന്നാണ് ഇവിടെ എത്തിയപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എച്ച് എന്‍ എല്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുന്ന കാര്യം ആലോചിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും വലിയ വിമാനങ്ങള്‍ ഇരങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കണമെന്നും പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലിയില്‍നിന്ന് ശബരിമലയിലേക്കുള്ള റെയില്‍വേ പാതയുടെ കാര്യത്തില്‍ റെയില്‍വേയുമായി ആലോചിച്ച് സംസ്ഥാന സര്‍ക്കാരും റെയില്‍വേയുമായുള്ള ചര്‍ച്ചക്ക് അവസരമൊരുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം വേണമെന്ന ആവശ്യത്തില്‍ കഴിയും വേഗത്തില്‍ തീരുമാനത്തിലേക്ക് എത്തും എന്നും പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിലെ പ്രകൃതി ക്ഷോഭം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
19-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ