എസ് ഡി പി ഐ വധഭീഷണിമുഴക്കിയ നവദമ്പതികള്‍ക്ക് സിപിഐ എം സംരക്ഷണം

തിരുവനന്തപുരം :  എസ് ഡി പി ഐ വധഭീഷണിമുഴക്കിയ നവദമ്പതികള്‍ ഷഹാനക്കും ഹാരിസണും സിപിഐ എം സംരക്ഷണം നല്‍കും. മിശ്രവിവാഹിതരായതിന്റെ പേരിലാണ് ഇസ്ലാമിക് തീവ്രവാദ സംഘടന കൊല്ലുമെന്ന ഭീഷണി ഉയര്‍ത്തിയത്. ഹാരിസണിന്റെ കൊട്ടിയോടുള്ള വീട്ടിലെത്തി സിപിഐ എം നേതാക്കള്‍ സംരക്ഷണം ഉറപ്പു നല്‍കി. സിപിഐ എമ്മിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ഹാരിസണിന്റെ പിതാവ് പാര്‍ടിയില്‍ പൂര്‍ണവിശ്വാസമുള്ളതിനാലാണ് ഇവരെ ഒളിവില്‍ നിന്നും പുറത്തെത്തിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ ഹാരിസണും ഷഹാനയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. തുടര്‍ന്ന് എസ് ഡി പി ഐയില്‍ നിന്നും ഷഹാനയുടെ വീട്ടുകാരില്‍ നിന്നും വധഭീഷണിയുണ്ടായി. ഹാരിസണിനേയും ഷഹാനയേയും, ഹാരിസണിന്റെ വീട്ടുകാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹാരിസണ്‍ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി. ആറ്റിങ്ങലില്‍ എസ് ഡി പി ഐക്കാര്‍ തങ്ങളെ കൊല്ലാന്‍ ക്വൊട്ടേഷന്‍ നല്‍കി എന്ന ഗുരുതര ആരോപണവും ആ വീഡിയോയിലൂടെ ഷഹാന പറയുന്നുണ്ട്. തുടര്‍ന്നാണ് മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് പിന്തുണയുമായി സിപിഐ എം രംഗത്തെത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ രാമു, ഏരിയ കമ്മിറ്റി അംഗം രാജു, ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ ബ്ലോക്ക് സെക്രട്ടറി അനൂപ് എന്നിവര്‍ വിഷയമറിഞ്ഞ് ഹാരിസണിന്റെ വീട്ടില്‍ നേരിട്ടെത്തുകയായിരുന്നു.

വധഭീഷണി മൂലം ദമ്പതികള്‍ ഒളിവിലായിരുന്നു. സിപിഐ എം നേതാക്കള്‍ നല്‍കിയ പിന്തുണയെ തുടര്‍ന്നാണ് ഇവര്‍ തിരികെ വീട്ടിലെത്തിയത്. ഈ വിഷയത്തില്‍ പരിപൂര്‍ണ പിന്തുണ സിപിഐ എം നേതാക്കള്‍ വാഗ്ദാനം ചെയ്തതോടെ ഇവര്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ തയ്യാറായി. തങ്ങള്‍ പ്രണയിച്ചതും വിവാഹം കഴിച്ചതും ജാതിയും മതവും നോക്കിയല്ലെന്നും, പരസ്പരം മതം മാറാന്‍ ആവശ്യപ്പെടില്ലെന്നുമാണ് ഹാരിസണിന്റെയും ഷഹാനയുടെയും നിലപാട്.

20-Jul-2018