സി പി ഐ ഒരു ചവറ്റുകുട്ടയല്ല പൊട്ടിത്തെറിച്ച് വിമതപക്ഷം

തിരുവനന്തപുരം : മറ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നവര്‍ക്ക് അംഗത്വം നല്‍കി സ്വാഗതം ചെയ്യുന്ന നേതൃത്വത്തിന്റെ ശൈലിക്കെതിരെ സി പി ഐയിലെ ഒരു വിഭാഗം രംഗത്ത്. യുവാക്കളടക്കമുള്ള പുതുനിരയെ പാര്‍ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാതെ സിപിഐ എം അടക്കമുള്ള പാര്‍ടികളിലെ അസംതൃപ്തരെയും ഗുരുതരമായ വീഴ്ചകളില്‍ നടപടിയെടുത്ത് മറ്റ് പാര്‍ടികളില്‍ നിന്ന് പുറത്താക്കുന്നവരെയും സി പി ഐയിലേക്ക് ചേര്‍ത്ത് മേനി നടിക്കുന്നത് നല്ലതിനല്ലെന്നാണ് വിമതപക്ഷം പറയുന്നത്. സി പി ഐ ഒരു ചവറ്റുകുട്ടയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തെ കേവല നേട്ടത്തിന് വേണ്ടി ഇല്ലാതാക്കരുതെന്നും വിമതപക്ഷം പറയുന്നു. കേരളത്തില്‍ സി പി ഐ അംഗത്വത്തില്‍ വന്‍ വര്‍ധനവുണ്ടെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള ഔദ്യോഗിക പക്ഷം ഊറ്റം കൊള്ളുമ്പോഴാണ് മറുചേരി ഈ വര്‍ധനവ് ദോഷം ചെയ്യുമെന്ന് പറയുന്നത്.

23,854 പേര്‍ക്കാണ് സി പി ഐയില്‍ പുതുതായി അംഗത്വം നല്‍കിയിട്ടുള്ളത്. 2017ല്‍ 1,33,410 അംഗങ്ങളുണ്ടായിരുന്നത് ഈ വര്‍ഷം 1,57,264 ആയി വര്‍ധിച്ചിട്ടുണ്ട്. അംഗത്വം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ അവതരിപ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നാണ് പറയുന്നത്. സ്ത്രീപീഡനമടക്കമുള്ള പ്രശ്‌നങ്ങളില്‍പെട്ട് സിപിഐ എം പുറത്താക്കുന്ന പ്രവര്‍ത്തകരെ സി പി ഐ നേതൃത്വമായി അവരോധിക്കുമ്പോള്‍ മെമ്പര്‍ഷിപ്പിന്റെ എണ്ണം കൂടുമെങ്കിലും നാട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെടുകയാണ്. സിപിഐ എം വിരോധം കൊണ്ട് കണ്ണ് മഞ്ഞളിച്ച നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും നടപടികളും സിപിഐക്ക് വലിയ പരിക്കാണ് ഏല്‍പ്പിക്കുന്നതെന്ന് വിമതര്‍ ചൂണ്ടിക്കാട്ടുന്നു.

2017 ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8,581 അംഗങ്ങളാണ് വര്‍ധിച്ചതെങ്കില്‍ ഈ വര്‍ഷം 23,854പേരെ പാര്‍ട്ടിയിലേക്കെത്തിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് കൊല്ലം ജില്ലയിലാണ്. 32,828 പേര്‍. കഴിഞ്ഞവര്‍ഷം 27,434 അംഗങ്ങളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. അംഗങ്ങളുടെ എണ്ണം 16,000 ആയിരുന്നത് 19,000 ആയി. തൃശൂരിലെ അംഗങ്ങളുടെ എണ്ണം 14,889 ആയിരുന്നത് 18,000 ആയി ഉയര്‍ന്നു. മലപ്പുറത്തെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 5,048 ആയിരുന്നത് 6,000 ആയി ഉയര്‍ന്നു. എല്ലാ ജില്ലകളിലും അംഗസംഖ്യ വര്‍ധിച്ചതായാണ് സി പി ഐ ഔദ്യോഗിക നേതൃത്വം അവകാശപ്പെടുന്നത്. പാര്‍ട്ടി ബ്രാഞ്ചുകള്‍ 801 എണ്ണം വര്‍ധിച്ചു. വിദേശ രാജ്യങ്ങളിലെ 29 ബ്രാഞ്ചുകളില്‍ 600 അംഗങ്ങളുടെ വര്‍ധനയുണ്ടായി. ആകെ അംഗസംഖ്യയുടെ 10% ആയിരുന്നു കൊഴിഞ്ഞുപോക്കെങ്കില്‍ ഈ വര്‍ഷം അതില്‍ കുറവുവന്നു. പുതുതായി പാര്‍ട്ടിയിലേക്ക് വന്നവരില്‍ യുവാക്കളും വിദ്യാര്‍ഥികളും പട്ടികജാതി വര്‍ഗ വിഭാഗക്കാരും സ്ത്രീകളുമെല്ലാം ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം എല്ലാ ജില്ലകളിലും അസംതൃപ്ത സിപിഐ എം പ്രവര്‍ത്തകരും നേതാക്കളുമായി ചര്‍ച്ച നടത്താനും സി പി ഐയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമത്തിന് സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തരായ ചിലരെ രഹസ്യമായി ഏല്‍പ്പിച്ചത് പുറത്തായത് വിമതപക്ഷം വിമര്‍ശനമായി മുന്നോട്ടുവെക്കുന്നുണ്ട്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയല്ല മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ടി വളരാന്‍ ശ്രമിക്കേണ്ടതെന്നാണ് വിമത പക്ഷത്തിന്റെ അഭിപ്രായം. സിപിഐ എം ഇതേ രീതി തിരികെ പ്രയോഗിച്ചാല്‍ എക്‌സിക്യുട്ടീവ് കൂടാന്‍ വാടകയ്ക്ക് ആളെ എടുക്കേണ്ടിവരുമെന്നാണ് വിമതപക്ഷത്തിലുള്ള നേതാക്കള്‍ പറയുന്നത്.     

25-Jul-2018