ജനവിരുദ്ധതയുടെ രണ്ടുവര്‍ഷം

മോഡി വാഴ്ചയുടെ ഈ രണ്ടു വര്‍ഷക്കാലത്ത് നമ്മുടെ രാജ്യത്തെ മഹാ ഭൂരിപക്ഷം ജനങ്ങളുടെയും സാമ്പത്തിക ദുരിതം പെരുകിവരുന്ന അനുഭവമാണുള്ളത്. ആദ്യം ചൂണ്ടിക്കാട്ടിയ പുതിയ ത്രിമൂര്‍ത്തികള്‍ ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ക്കുംനേരെ അതിഭയങ്കരമായ ആക്രമണം അഴിച്ചുവിടുകയാണെന്ന കാര്യം വളരെ വ്യക്തമാണ്. വ്യാപകവും അതിശക്തവുമായ പോരാട്ടത്തിലൂടെ മാത്രമേ അതിനെ ചെറുക്കാന്‍ കഴിയൂ. ജനങ്ങളുടെ ഉപജീവനത്തിനുള്ള അവകാശങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും നേടിയെടുക്കുന്നതിന് അതിശക്തമായ പോരാട്ടം അനിവാര്യമാണ്. നമ്മുടെ രാഷ്ട്രത്തിന്റെ മതേതര ജനാധിപത്യ അടിത്തറ സംരക്ഷിക്കാന്‍ അതിശക്തവും വിപുലവുമായ ചെറുത്തുനില്‍പ് ആവശ്യമാണ്.

ബിജെപി നയിക്കുന്ന നരേന്ദ്രമോഡി ഗവണ്‍മെന്റ് അധികാരമേറ്റിട്ട് ഇക്കഴിഞ്ഞ മെയ് 26ന് രണ്ടുവര്‍ഷം പൂര്‍ത്തിയായി. സിപിഐ എം ഇരുപത്തിയൊന്നാം കോണ്‍ഗ്രസിന്റെ സമാപനവേളയില്‍ പുതിയ ത്രിമൂര്‍ത്തികളുടെ അവതാരത്തെക്കുറിച്ച് ഞങ്ങള്‍ ജനങ്ങള്‍ക്കുമുന്നറിയിപ്പു നല്‍കിയിരുന്നു. അവതാരത്തിന്റെ മൂന്നുമുഖങ്ങള്‍ പ്രതിനിധീകരിക്കുന്നത് താഴെ പറയുംവിധമാണ്. ഒന്ന്, മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ അങ്ങേയറ്റം അസഹിഷ്ണുതനിറഞ്ഞ ഫാസിസ്റ്റ് പ്രവണതയുള്ള ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ആര്‍എസ്എസ് കാഴ്ചപ്പാട് ലക്ഷ്യമിട്ട് ജനങ്ങളെ ആക്രമണോത്സുകമാംവിധം നിരന്തരം വര്‍ഗീയമായി ചേരിതിരിയ്ക്കുക. രണ്ട്, മുന്‍ യുപിഎ ഗവണ്‍മെന്റ് പിന്തുടര്‍ന്നതിനേക്കാള്‍ ശക്തമായ രീതിയില്‍ നവലിബറല്‍ സാമ്പത്തികനയങ്ങള്‍ പിന്തുടരുക. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്നതും അവരുടെ യാതനകള്‍ പ്രവചനാതീതമാംവിധം പെരുപ്പിക്കുന്നതും ദുസ്സഹമാക്കുന്നതുമാണ് ഈ സാമ്പത്തികനയങ്ങള്‍. മൂന്നാമതായി പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാനും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെയും പൗര സ്വാതന്ത്ര്യങ്ങളെയും ഇല്ലായ്മചെയ്ത് അത്തരം സ്ഥാപനങ്ങളില്‍ സ്വേച്ഛാധിപത്യം നടപ്പാക്കാനുള്ള ആസൂത്രിതവും നിരന്തരവുമായ ശ്രമം.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ മോഡി സര്‍ക്കാരിന്റെ ഭരണം പാര്‍ടിനല്‍കിയ മുന്നറിയിപ്പ് അക്ഷരംപ്രതി സത്യമായിരുന്നു എന്നതിന്റെ തെളിവാണ്. മേല്‍ സൂചിപ്പിച്ച മൂന്നു മേഖലകളിലെയും സ്ഥിതി മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ മോശപ്പെട്ടതായിരിക്കുന്നു. 

മൂര്‍ച്ഛിക്കുന്ന വര്‍ഗീയ ധ്രുവീകരണം

നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍തന്നെ കേന്ദ്രമന്ത്രിമാരുടെയും ബിജെപി എംപിമാരുടെയും ഭാഗത്തുനിന്ന് സാമുദായിക വിദ്വേഷം പരത്തുന്ന പ്രസംഗങ്ങളുടെ ഒരു പരമ്പരതന്നെ അരങ്ങേറുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടനയും പീനല്‍കോഡും അനുസരിച്ച് വിദ്വേഷ പ്രസംഗം നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. അത്തരം പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്ന മന്ത്രിമാര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പാര്‍ലമെന്റിന്റെ ആദ്യ സെഷന്‍ മുതല്‍ മോഡിയോട് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടുവരികയാണ്. ആര്‍ക്കും എതിരെ ഒരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല എന്നെങ്കിലും നടപടിയെടുക്കും എന്ന ഒരുറപ്പ് പാര്‍ലമെന്റിന് (അതിലൂടെ ജനങ്ങള്‍ക്ക്) നല്‍കാന്‍ മോഡി ഇതുവരെ തയ്യാറായിട്ടില്ല.

ഗവണ്‍മെന്റിന്റെ ഔദ്യോഗിക സംരക്ഷണത്തിന്‍കീഴിലും പ്രോത്സാഹനത്തിലുമാണ് ആര്‍എസ്എസും അതിന്റെ പരിവാര്‍ സംഘടനകളും രാജ്യമാസകലം വര്‍ഗീയവിദ്വേഷത്തിന്റെ വിഷംപരത്തുന്നതെന്ന് വളരെ വ്യക്തമാണ്. അവര്‍ അവസരം ശരിക്കും മുതലെടുക്കുകയാണ്, വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താന്‍ ആസൂത്രിതമായ എല്ലാ നീക്കങ്ങളും അവര്‍ കൊണ്ടുപിടിച്ചു നടത്തുകയാണ്. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഡോ. കല്‍ബുര്‍ഗി എന്നിവരുടെ, പകല്‍ വെളിച്ചത്തിലുള്ള നിഷ്ഠുരമായ കൊലപാതകങ്ങള്‍ രാജ്യമെങ്ങും വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. നിരവധി ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്‍, ശാസ്ത്രജ്ഞന്മാര്‍, ചരിത്രകാരന്മാര്‍ തുടങ്ങിയവരെല്ലാം ഈ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് തങ്ങള്‍ക്കുലഭിച്ച അവാര്‍ഡുകളും മറ്റ് അംഗീകാരങ്ങളും ഗവണ്‍മെന്റിന് തിരിച്ചു നല്‍കി. എന്നാല്‍ മോഡി സര്‍ക്കാര്‍ നിര്‍ലജ്ജം ഈ പ്രതിഷേധങ്ങളെയെല്ലാംതന്നെ അവഗണിക്കുകയായിരുന്നു. 

ലൗജിഹാദ്, ഘര്‍വാപ്പസി, മാട്ടിറച്ചി കഴിക്കുന്നതിനെതിരെ, ധരിക്കേണ്ട വസ്ത്രം ഏതെന്ന് നിര്‍ദേശിക്കല്‍, സദാചാര പൊലീസിങ് തുടങ്ങിയ നിരവധി കാമ്പയിനുകളെല്ലാം ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും നടത്തിയത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനുംവേണ്ടിയാണ്. മാട്ടിറച്ചി ഭക്ഷിച്ചു എന്നാരോപിച്ച് അഖ്‌ലാഖിനെ വീടുകയറി കൊലപ്പെടുത്തിയതും ഗോഹത്യ നടത്തുന്നു എന്ന് വ്യാജ ആരോപണം ഉന്നയിച്ച് ജാര്‍ഖണ്ഡിലെ ലേറ്റ്ഹറില്‍ രണ്ടു യുവാക്കളെ പരസ്യമായി കെട്ടിത്തൂക്കിയതും വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമാക്കിയുള്ള ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമായിരുന്നു.

അതേസമയംതന്നെ നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെയും അക്കാദമിക് ഗവേഷണങ്ങളെയും പരിപൂര്‍ണമായും വര്‍ഗീയവത്കരിക്കാനുള്ള ശ്രമവും ആരംഭിച്ചു.അത്തരം പ്രധാന സ്ഥാപനങ്ങളുടെയെല്ലാം താക്കോല്‍സ്ഥാനങ്ങളില്‍ ആര്‍എസ്എസ് പ്രചാരകരെ നിയമിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്നതിനുള്ള സിലബസുകളും കരിക്കുലങ്ങളും നിരന്തരം അവര്‍ക്കനുയോജ്യമായ വിധം അവര്‍ മാറ്റിക്കൊണ്ടിരിക്കുന്നു. പ്രധാന സ്ഥാപനങ്ങളായ, ജെഎന്‍യു, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ഐഐടികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം മതനിരപേക്ഷ പുരോഗമന മൂല്യങ്ങള്‍ക്കുനേരെ ആസൂത്രിതമായ ആക്രമണങ്ങള്‍ അരങ്ങേറുന്നു. അവിടങ്ങളിലെ വിദ്യാര്‍ഥികളെയും അധ്യാപക സമൂഹത്തെയും ഭീഷണിപ്പെടുത്തി ഹിന്ദുത്വ ആശയങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നു. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നിടംവരെ മോഡി സര്‍ക്കാര്‍ പോയി. ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിക്കുനേരെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായാണ് ഭാവിയുടെ വാഗ്ദാനമായിരുന്ന ദളിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയ്ക്ക് ആത്മഹത്യചെയ്യേണ്ടിവന്നത്. സവര്‍ണ മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഇരയായി മാറുകയായിരുന്നു ആ വിദ്യാര്‍ഥി.
മതനിരപേക്ഷ-ജനാധിപത്യ റിപ്പബ്ലിക് ആയ ഇന്ത്യയെ ആര്‍എസ്എസ് വീക്ഷണത്തിലുള്ള ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിന് മോഡി സര്‍ക്കാര്‍ ആസൂത്രിതമായി ഹിന്ദുമത ഐതിഹ്യങ്ങളെ ചരിത്രത്തിന്റെ സ്ഥാനത്തും ഇന്ത്യന്‍ തത്വശാസ്ത്രത്തിന്റെ സ്ഥാനത്ത് ദൈവശാസ്ത്രത്തെ പ്രതിഷ്ഠിക്കാന്‍ കഠിനമായ ശ്രമം നടത്തിവരുന്നു. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവില്ലെന്ന നിലപാട് എന്‍ഐഎ എടുത്തതുകൊണ്ടാണ് നിരവധി ആളുകളുടെ കൊലപാതകത്തിനിടയാക്കിയ ഹീനമായ കുറ്റംചെയ്ത പ്രതികള്‍ രക്ഷപ്പെട്ടത്. ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഗവണ്‍മെന്റിന്റെ എല്ലാവിധ സംരക്ഷണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ട് എന്നതിന്റെ തെളിവാണത്. ഹൈദ്രാബാദ് മെക്കാമസ്ജിദ്, അജ്മീറിലെ ദര്‍ഗാഷെരീഫ്, സംത്സോധ എക്‌സ്പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും അവസാനിപ്പിക്കപ്പെട്ടു. 

ഭീകര പ്രവര്‍ത്തനങ്ങളെ നമ്മുടെ രാഷ്ട്രത്തുനിന്ന് നിര്‍മാര്‍ജനം ചെയാനുള്ള ഇന്ത്യയുടെ തീവ്രയത്‌നത്തെ ദുര്‍ബലപ്പെടുത്തുകയാണ് മോഡി ഗവണ്‍മെന്റ്. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മതഭേദമോ ജാതിഭേദമോ പ്രാദേശികഭേദമോ ഇല്ലെന്നുള്ള വസ്തുത സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എല്ലാവിധ ഭീകരാക്രമണങ്ങളും അംഗീകരിക്കാനാവാത്തതും ഒരു രീതിയിലും വെച്ചുപൊറുപ്പിക്കാനാവാത്തതുമാണെന്ന വസ്തുത അംഗീകരിച്ച് അവയെ ശക്തമായി നേരിടുകയാണ് ഗവണ്‍മെന്റ് ചെയ്യേണ്ടത്. എന്നാല്‍ മോഡി സര്‍ക്കാര്‍ ഹിന്ദുത്വ ഭീകരതയ്ക്ക് എല്ലാവിധ സംരക്ഷണയും പ്രോത്സാഹനവും ഒരുക്കുകയാണ്.

വര്‍ഗീയ വിദ്വേഷം പരത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ രാജ്യമൊട്ടാകെ ഇപ്പോഴും ഹിന്ദുത്വശക്തികള്‍ നടത്തിവരികയാണ്. അവയില്‍ ചിലതൊക്കെ ഡോക്കുമെന്റ്‌ചെയ്യാനും കഴിയുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. നമ്മുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന മതേതര മനസ്‌കരായ ആളുകള്‍ അതിനെതിരെ നിലകൊള്ളുന്ന മോഡി ഗവണ്‍മെന്റിനും സംഘപരിവാര്‍ ശക്തികള്‍ക്കുമെതിരെ പ്രതിഷേധവുമായി രംഗത്തുവരുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

വളരുന്ന സ്വേച്ഛാധിപത്യം

മോഡിസര്‍ക്കാരിന്റെ ഈ രണ്ടു വര്‍ഷ കാലയളവില്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാനും തല്‍സ്ഥാനത്ത് സംഘപരിവാര്‍ അജന്‍ഡ അടിച്ചേല്‍പിക്കാനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്.
ഭൂമി ഏറ്റെടുക്കല്‍ നിയമം 2013 പാര്‍ലമെന്റില്‍ പാസാക്കപ്പെട്ടത് ബിജെപിയുടെകൂടി പിന്തുണയോടെയായിരുന്നു. കര്‍ഷകരുടെ ഭൂമി സൗജന്യവിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് അനായാസം ഏറ്റെടുക്കാന്‍ പാകത്തില്‍ ആ നിയമത്തെ ഭേദഗതി ചെയ്യാനാണ് ബിജെപി സര്‍ക്കാര്‍ തിടുക്കംകാട്ടിയത്. കാര്‍ഷികത്തകര്‍ച്ചമൂലം കര്‍ഷകര്‍ കടുത്ത ദുരിതങ്ങള്‍ ഏറ്റുവാങ്ങുമ്പോഴാണ് അവരുടെ ചെലവില്‍ കുത്തകകളെ കൊഴുപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആ നിയമം ഭേദഗതിചെയ്തുകൊണ്ട് മൂന്നുതവണ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. രാജ്യസഭയുടെ അംഗീകാരം നേടിയെടുക്കുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗവണ്‍മെന്റിന് ഭേദഗതി ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയെ മറികടക്കാന്‍ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലോക്‌സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ലെജിസ്ലേറ്റീവ് ബില്ലുകളെ മണി ബില്ലുകളായി പ്രഖ്യാപിച്ചുകൊണ്ടാണ് ഗവണ്‍മെന്റ് രാജ്യസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നത്. മണി ബില്ലുകള്‍ക്ക് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. ഭരണഘടനാ വ്യവസ്ഥകളെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ തരത്തില്‍ രാജ്യസഭയുടെ അധികാരങ്ങളെ സര്‍ക്കാര്‍ അട്ടിമറിക്കുന്നത്.

ആധാര്‍ബില്‍ മണിബില്‍ ആയി പ്രഖ്യാപിച്ചത് രാജ്യസഭയെ മറികടന്ന ഒന്നാണ്. എന്നാല്‍ അതിന്റെ നിയമസാധുതയെ ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജി മൂന്നംഗ ബഞ്ചിന്റെ പരിഗണനയിലാണ്.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളെ ഭരണഘടനയുടെ 356-ാം വകുപ്പ് ദുരുപയോഗംചെയ്തുകൊണ്ട് പിരിച്ചുവിട്ടതിലൂടെ മോഡി ഗവണ്‍മെന്റിനെ ഏകാധിപത്യ പ്രവണതകള്‍ തുറന്നുകാട്ടപ്പെട്ടിരിക്കയാണ്. ഉത്തരാഖണ്ഡ് ഗവണ്‍മെന്റിന്റെ പിരിച്ചുവിട്ട നടപടി സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കുകയുണ്ടായി. 356-ാം വകുപ്പ് ദുരുപയോഗംചെയ്യുന്നതിനെതിരെ അതിശക്തമായ താക്കീതാണ് മോഡി ഗവണ്‍മെന്റിന് സുപ്രീംകോടതി നല്‍കിയത്.

ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനും എതിരായ അതിക്രമങ്ങള്‍ രാജ്യമൊട്ടാകെ വര്‍ധിച്ചുവരികയാണ്.

അയഥാര്‍ഥങ്ങളായ മുദ്രാവാക്യങ്ങള്‍ 

സര്‍ക്കാരിന്റെ 'നേട്ട'ത്തെക്കുറിച്ച് മോഡി സര്‍ക്കാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ നിരന്തരം തുറന്നുകാട്ടേണ്ടതുണ്ട്. അഴിമതിരഹിത ഗവണ്‍മെന്റായിരിക്കും ഇതെന്നാണ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് പുറത്തുവന്ന വ്യാപകമായ കുംഭകോണങ്ങള്‍ ഈ അവകാശവാദം അസ്ഥാനത്താണെന്നതിന് തെളിവാണ്. മധ്യപ്രദേശില്‍ വ്യാപകമായി നടന്ന വ്യാപം അഴിമതിപോലുള്ളവതന്നെ ഉദാഹരണം. മുന്‍ ഐപിഎല്‍ മേധാവി ലളിത്‌മോഡി (ഇന്ത്യന്‍ നിയമങ്ങളെ വെല്ലുവിളിച്ച് വിദേശത്തു കഴിയുകയാണ്)ക്ക് ശുപാര്‍ശയും സുരക്ഷയും ഒരുക്കിയത് വിദേശകാര്യമന്ത്രി സുഷമസ്വരാജും ബിജെപി നേതാവും രാജസ്താന്‍ മുഖ്യമന്ത്രിയുമായ വസുന്ധരരാജെ സിന്ധ്യയുമാണെന്ന വിവാദമായ വെളിപ്പെടുത്തല്‍ പുറത്തുവന്നു. അതേ തുടര്‍ന്ന് പാര്‍ലമെന്റു സെഷനില്‍ ആകമാനം കോളിളക്കമുണ്ടായി. മോഡി ഗവണ്‍മെന്റ് പിന്തുടരുന്ന ചങ്ങാത്ത മുതലാളിത്തം അഴിമതിയെ കൂടുതല്‍ വ്യാപകമാക്കി. വലിയ അഴിമതികള്‍ക്കാണ് അതു വഴിതെളിച്ചിരിക്കുന്നത്. ഗവണ്‍മെന്റിനും ബിജെപിക്കും അപമാനമുണ്ടാക്കുന്ന പല രഹസ്യങ്ങളും താമസിയാതെ പുറത്തുവരും. ഓര്‍ക്കുക, യുപിഎ ഗവണ്‍മെന്റിന്റെ അഴിമതികള്‍ പലതും പുറത്തുവരാന്‍ ആറുവര്‍ഷം വേണ്ടിവന്നു. അതുപോലെ മോഡി ഗവണ്‍മെന്റിന്റെ അടുത്ത മൂന്നുവര്‍ഷക്കാലയളവിനുള്ളില്‍ പല കുംഭകോണങ്ങളും പുറത്തുവരികതന്നെ ചെയ്യും.

മിനിമം ഗവണ്‍മെന്റ്, മാര്‍ക്‌സിമം ഗവേണന്‍സ്. ഇതാണ് മോഡി ഗവണ്‍മെന്റിന്റെ പ്രഖ്യാപിത നയം. എന്നാല്‍ ഗുജറാത്തില്‍ പട്ടേല്‍ സമുദായം സംവരണത്തിനുവേണ്ടി നടത്തുന്ന സമരങ്ങളും ഹരിയാനയില്‍ ജാട്ടുവിഭാഗങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളും കാര്യക്ഷമമായ ഭരണം എന്ന ബിജെപിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം ശരിക്കും തുറന്നുകാട്ടുന്നുണ്ട്.

സാമ്പത്തിക കടന്നാക്രമണം

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് പ്രധാനമന്ത്രി മോഡി നല്‍കുന്ന ഊന്നല്‍ ശരിക്കും വിദേശ മൂലധനശക്തികളുടെ ലാഭം ഇന്ത്യന്‍ സമ്പദ്ഘടനയുടെ ചെലവില്‍ പരമാവധിയാക്കുന്നതിന് സഹായിക്കുന്നതാണ്. സാമ്പത്തികരംഗത്ത് പുത്തന്‍ ഉണര്‍വ് എന്നതായിരുന്നു തിരഞ്ഞെടുപ്പ്‌വേളയില്‍ ബിജെപിയുടെ മുഖ്യ പ്രചാരണവിഷയം. ബിജെപി പിന്തുടരുന്നത് പ്രതിലോമകരമായ സാമൂഹിക-രാഷ്ടീയ അജന്‍ഡയാണ്. അതുകൊണ്ടുതന്നെ സാമ്പത്തികരംഗത്ത് പുത്തനുണര്‍വ് കൊണ്ടുവരാന്‍ അവര്‍ക്കാവില്ലെന്ന് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിനുള്ളില്‍ നമ്മുടെ സമ്പദ്ഘടന എല്ലാ മേഖലകളിലും അധഃപതിച്ചുകൊണ്ടിരിക്കുന്ന അനുഭവമാണ് നമുക്കു മുമ്പിലുള്ളത്.

ലോകത്തെ ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്ക് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കാണെന്ന വ്യാജ സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെയുള്ള പ്രചാരണം സാര്‍വത്രികമായ അവിശ്വാസത്തിനിടയാക്കിയിട്ടുണ്ട്. റിസര്‍വ്ബാങ്ക് ഗവര്‍ണറും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും പ്രഖ്യാപിച്ചത്, മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല എന്നാണ്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍, മൊത്തം ആഭ്യന്തര ഉല്‍പാദനരംഗത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യം ഇന്ത്യ ആണെന്ന അവകാശവാദം ''അന്ധരുടെ രാജ്യത്ത് ഒറ്റക്കണ്ണന്‍ രാജാവ്'' എന്നു പറയുന്നതിന് തുല്യമാണെന്നാണ് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ വിശദീകരിച്ചത്.

ഇന്ത്യയുടെ കയറ്റുമതി 2019-20 ആകുമ്പോഴേക്ക് ഇരട്ടിയാക്കി വര്‍ധിപ്പിക്കും എന്നായിരുന്നു ഗവണ്‍മെന്റിന്റെ വാഗ്ദാനം. 2013-14ലെ രാജ്യത്തിന്റെ കയറ്റുമതി 46519 കോടി ഡോളറായിരുന്നു. അത് 2019-20 ആകുമ്പോഴേക്കും 9000 ബില്യണ്‍ ഡോളറാക്കി വര്‍ധിപ്പിക്കുമെന്നായിരുന്നു ഗവണ്‍മെന്റ് വ്യക്തമാക്കിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ കയറ്റുമതി കഴിഞ്ഞ 17 മാസമായി തുടര്‍ച്ചയായി ഇടിഞ്ഞ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞനിരക്കില്‍ 261.13 ഡോളറില്‍ എത്തിയിരിക്കയാണ്. കയറ്റുമതിയുടെ കഴിഞ്ഞ 63 വര്‍ഷക്കാലത്തെ ചരിത്രത്തില്‍ ഏറ്റവും തിരിച്ചടി നേരിട്ട കാലമാണിത്. ലോക മുതലാളിത്തം തുടര്‍ച്ചയായി നേരിടുന്ന പ്രതിസന്ധിയാണിതിന് കാരണമെന്നല്ലാതെ ഈ പ്രതിഭാസം പൂര്‍ണമായും വിശദീകരിക്കപ്പെട്ടിട്ടില്ല. ഇന്ത്യയുടെ കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മോഡി ഗവണ്‍മെന്റിന്റെ നയം ''ദയനീയമായി പരാജയപ്പെട്ടു'' എന്നതിനാണ് ഈ രണ്ടുവര്‍ഷ കാലയളവ് സാക്ഷ്യംവഹിച്ചത്.

കയറ്റുമതി അധിഷ്ഠിതമായ വളര്‍ച്ച ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍ ഇപ്പോള്‍ തകര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ഇവിടുത്തെ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളായിരുന്നു എടുക്കേണ്ടിയിരുന്നത്. അതിലൂടെ ആഭ്യന്തര വിപണിയിലെ ചോദനം വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നു; ആഭ്യന്തരവിപണിയില്‍ ഉണര്‍ച്ചയുണ്ടാക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചത്. ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ പ്രതിഫലിപ്പിക്കുന്നത് അതാണ്. 2015-16ല്‍ വ്യാവസായിക ഉല്‍പാദന സൂചികയിലെ (ഐഐപി) വളര്‍ച്ച 2.4 ശതമാനമായിരുന്നു. 2013-14ലെ ഐഐപി വളര്‍ച്ചാനിരക്കാകട്ടെ 4.8 ശതമാനമായിരുന്നു. 2015-16 സാമ്പത്തികവര്‍ഷത്തെ ഉല്‍പാദനമേഖലയുടെ വളര്‍ച്ച 2 ശതമാനം മാത്രമായിരുന്നു. ക്യാപ്പിറ്റല്‍ ഗുഡ്‌സിന്റെ കാര്യത്തിലും 2015-16ല്‍ വളരെ കുറഞ്ഞ വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തപ്പെട്ടത്-2.9 ശതമാനം. സ്വകാര്യ നിക്ഷേപം വളരെ മന്ദഗതിയിലാണെന്ന സൂചന നല്‍കുന്നതാണത്. പ്രധാന മേഖലയുടെ വാര്‍ഷികവളര്‍ച്ച വെറും 2.7 ശതമാനമേയുള്ളു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. വ്യവസായമാന്ദ്യം ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഈ ഇടിവ്.

2014ലെയും 2015ലെയും നിക്ഷേപങ്ങളുടെ ഗതിയും ഒരുപോലെ വിനാശകരമാണ്. 2014ല്‍ നിക്ഷേപ നിര്‍ദേശം 23 ശതമാനം കുറഞ്ഞ് 4 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2013ല്‍ അത് 5.30 ലക്ഷം കോടി രൂപയായിരുന്നു. 2015 ആയപ്പോഴേക്കും തൊട്ടു മുന്‍വര്‍ഷത്തേതിന്റെ 23 ശതമാനം വീണ്ടും കുറഞ്ഞു. ആ വര്‍ഷം 3.11 ലക്ഷം കോടി രൂപയായിരുന്നു. 2016ന്റെ ആദ്യ മൂന്നുമാസങ്ങളില്‍ നിക്ഷേപ നിര്‍ദേശം 60,130 കോടി രൂപയുടേതായിരുന്നു. ഈ പ്രവണതതന്നെയാണ് ഇനിയും കാണിക്കുന്നതെങ്കില്‍ ഇന്ത്യയുടെ നിക്ഷേപം വളരെയേറെ ഇടിയും.
ഓരോ വര്‍ഷവും നമ്മുടെ തൊഴില്‍ വിപണിയില്‍ 1.4 കോടി ആളുകള്‍ വീതമാണ് തൊഴിലുതേടിയെത്തുന്നത്. വ്യാവസായികരംഗത്തെ അപചയംമൂലം അവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയില്ല. ഗവണ്‍മെന്റിന്റെ രേഖകളനുസരിച്ച് തൊഴില്‍ സാധ്യത കൂടുതലുള്ള എട്ട് വ്യവസായമേഖലകളില്‍ 2015ല്‍ കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കാണിക്കുന്നത്. 2015ല്‍ ആകെ 1.35 ലക്ഷം തൊഴിലവസരങ്ങളേ സൃഷ്ടിക്കപ്പെട്ടുള്ളൂ. കഴിഞ്ഞവര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ 43,000 ആയി കുറഞ്ഞു. 2015 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ തൊഴില്‍ സാധ്യതയില്‍ ഏറ്റവും കുറഞ്ഞനിരക്കാണ് രേഖപ്പെടുത്തപ്പെട്ടത്. ഐടി-ബിപിഒ മേഖലയില്‍ ഈ കാലയളവില്‍ 14,000 ആയും ഓട്ടോമൊബൈല്‍ രംഗത്ത് 13,000 ആയും ലോഹ മേഖലയില്‍ 12,000 ആയും രത്‌നങ്ങളുടെയും ജുവലറികളുടെയും രംഗത്ത് 8,000 ആയും കുറഞ്ഞു. പ്രതിവര്‍ഷം 2 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായാണ് ബിജെപി ഗവണ്‍മെന്റ് വന്നത്. എന്നാല്‍ ഓരോ വര്‍ഷവും തൊഴില്‍ അവസരരംഗത്ത് ഭീമമായ ഇടിവ് നേരിടുകയാണ്.

കയറ്റുമതി കുറഞ്ഞുവരുന്നതും ഉല്‍പദനരംഗത്തെ തിരിച്ചടിയും പരിതാപകരമായ നിക്ഷേപവും ബാങ്കിങ് മേഖലയെ കൂടുതല്‍ വൈഷമ്യത്തിലാക്കിയിരിക്കുന്നു. കേന്ദ്രത്തില്‍ മാറിമാറി അധികാരത്തില്‍വന്ന ഗവണ്‍മെന്റുകള്‍ ചങ്ങാത്ത മുതലാളിത്തത്തെ തുണയ്ക്കുന്നതുമൂലം ഇന്ത്യയുടെ ബാങ്കിങ്‌മേഖല താറുമാറായിരിക്കുകയാണ്. ബാങ്കുകളുടെ എന്‍പിഎസ് ഏതാണ്ട് 13 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ബാങ്കുകളിലെ കിട്ടാക്കടം ഭീമമായി വര്‍ധിച്ചുവരികയാണ്. 112 രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തേക്കാള്‍ അടുത്തവര്‍ഷം അത് വര്‍ധിക്കും. എന്നു മാത്രമല്ല കിട്ടാക്കടങ്ങള്‍ ബാങ്കുകളുടെ വിപണിവിലയേക്കാള്‍ കൂടുതലായിരിക്കുന്നു.ഈ കിട്ടാക്കടങ്ങള്‍എടുത്തതാരാണ്? അതിന്റെ കണക്കുകളും വിശദാംശങ്ങളും പൊതുജനങ്ങളെ അറിയിക്കാന്‍ ഗവണ്‍മെന്റ് തയ്യാറല്ല, വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ സര്‍ക്കാര്‍ ഒരുക്കവുമല്ല. അതേ അധികാരികള്‍തന്നെ പാവപ്പെട്ട കര്‍ഷകന്‍ 5000 രൂപ ലോണ്‍ എടുത്തിട്ട് അവന്റെ ഗതികേടുകൊണ്ട് തവണ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ അതിശക്തമായ നടപടിയെടുക്കാന്‍ തെല്ലും മടിക്കുന്നുമില്ല. നികുതിദായകരുടെ പണമാണ് പൊതുമേഖലാ ബാങ്കുകള്‍ അതി സമ്പന്നര്‍ക്ക് വായ്പ നല്‍കിയിട്ട് കിട്ടാക്കടമായി എഴുതിത്തള്ളുന്നത്. ശരിക്കും കോര്‍പറേറ്റുകള്‍ അതിലൂടെ ബഹുജനങ്ങളെയാണ് കൊള്ളയടിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി അതിന് ഗവണ്‍മെന്റ് എല്ലാ ഒത്താശകളും നല്‍കുകയാണ്.

തൊഴിലെടുക്കുന്ന ജനവിഭാഗങ്ങള്‍ക്കുമേല്‍ ഗവണ്‍മെന്റ് അധിക നികുതി ചുമത്തുകയാണ്. അതിന്റെ ദുരിതംപേറിയാണ് അവര്‍ ജീവിക്കുന്നത്. ടാക്‌സുകളും സെസുകളും മറ്റും വര്‍ധിപ്പിക്കുന്നത് പരോക്ഷനികുതിയിലൂടെയാണ്. 20,600 കോടി രൂപയാണ് ഈ വര്‍ഷംതന്നെ അതിലൂടെ ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചത്. പാവപ്പെട്ട ജനങ്ങള്‍ അതിന്റെ ദുരിതഭാരം ഏറ്റുവാങ്ങുകയാണ്. പ്രത്യക്ഷനികുതിയില്‍ 1600 കോടിയുടെ കുറവുവരുത്തിയത് സമ്പന്നരെ മാത്രമേ സഹായിക്കൂ. കുത്തകകളില്‍നിന്ന് അവര്‍ അടയ്ക്കാത്ത 6 ലക്ഷം രൂപ പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ബജറ്റില്‍ ടാക്‌സ് ഇളവുനല്‍കി കുത്തകകള്‍ക്ക് മറ്റൊരു 6 ലക്ഷം കോടി രൂപയുടെ സൗജന്യംകൂടി നല്‍കിയിരിക്കുന്നു.

ഈ ദുരിതങ്ങള്‍ക്കുപുറമെ ജനങ്ങള്‍ ഉയര്‍ന്ന നാണയപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും ഇരകളാണ്. ഏപ്രിലില്‍ ഉപഭോക്തൃസൂചിക 5.4 ശതമാനമായാണ് ഉയര്‍ന്നത്. ഗ്രാമീണമേഖലയില്‍ നാണയപ്പെരുപ്പം 6.2 ശതമാനമാണ്. ഏപ്രിലില്‍ പരിപ്പിന്റെ വില 34 ശതമാനമാണ് വര്‍ദ്ധിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി വര്‍ദ്ധിച്ചുവരുന്നു. നിത്യോപയോഗ വസ്തുക്കളുടെ വില ഇതുമൂലം ക്രമാതീതമായി ഉയരുന്നു.
ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം 2997 കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യചെയ്തു. (ഈ കണക്ക് യഥാര്‍ഥമല്ല. മുഖം രക്ഷിക്കാന്‍വേണ്ടി യഥാര്‍ഥ കണക്കില്‍ ഗവണ്‍മെന്റ് വക്രീകരണം നടത്തിയിട്ടുണ്ട്.) 2016ന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ 116 കര്‍ഷകര്‍ ആത്മഹത്യചെയ്തതായും ഗവണ്‍മെന്റ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണം കൂടിക്കൂടി വരികയാണ്. എന്നാല്‍ പ്രധാനമന്ത്രി അധരവ്യായാമം നടത്തുന്നതല്ലാതെ കര്‍ഷകരെ രക്ഷിക്കാന്‍ ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഗ്രാമീണ മേഖലയിലും പാവപ്പെട്ടവര്‍ക്ക് അവരുടെ വേതനം വലിയതോതില്‍ കുറയുന്ന അനുഭവമാണുള്ളത്. അതവരുടെ ദുരിതം ഇരട്ടിയാക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മോഡി കര്‍ഷകരോട് വാഗ്ദാനം ചെയ്തത്, ഉല്‍പാദനചെലവിന്റെ 50 ശതമാനം അധികം വില കര്‍ഷകര്‍ക്ക് ലഭ്യമാക്കും എന്നായിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് അവരുടെ മുടക്കുമുതല്‍പോലും ഉറപ്പാക്കാന്‍ ഇതുവരെ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല. കടക്കെണിയും തീവ്ര ദുരിതവും ആത്മഹത്യകളും കൂടിക്കൂടി വരുന്നു. മഴ കുറയുന്നതും വരള്‍ച്ചയും ആരുടെയും നിയന്ത്രണത്തിന്‍കീഴിലല്ല. എന്നാല്‍ അതുണ്ടാക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കുക എന്നത് തീര്‍ച്ചയായും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. അതിനോടുള്ള പ്രതികരണം തീര്‍ച്ചയായും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ്.

ഗ്രാമീണമേഖലയില്‍ ജനങ്ങള്‍ ദുരിതംകൊണ്ട് പൊറുതിമുട്ടുമ്പോഴും ഗവണ്‍മെന്റ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ദാന പദ്ധതിക്ക് കഴിഞ്ഞവര്‍ഷം പണം അനുവദിച്ചില്ല, സുപ്രീംകോടതി ഉത്തരവിട്ടതിനുശേഷമാണ് പണം അനുവദിച്ചത്. ഈ അടുത്തയിടയ്ക്ക് സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞത് ''ഭരണഘടന വ്യവസ്ഥകള്‍ വ്യക്തമായും ഗവണ്‍മെന്റ് ലംഘിച്ചിട്ടുണ്ട്'' എന്നാണ്. ''സാമൂഹിക നീതിയെ ജനാലയിലൂടെ ഇന്ത്യ ഗവണ്‍മെന്റ് വലിച്ചെറിഞ്ഞിരിക്കുന്നു''-സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ പ്രഹരിച്ചു.
എന്നാല്‍ പുറംപൂച്ചിനായി പണം ധൂര്‍ത്തടിക്കുന്നതില്‍ ഗവണ്‍മെന്റ് ഒരു ലോപവും വരുത്തുന്നുമില്ല. ആഘോഷങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും മാര്‍ക്കറ്റിങ്ങിനുമൊക്കെ കണക്കറ്റ രീതിയില്‍ ധൂര്‍ത്ത് നടത്താന്‍ ഗവണ്‍മെന്റ് മടിക്കുന്നില്ല. മാര്‍ക്കറ്റിങ്ങിന് ഇന്ത്യക്കാര്‍ സമര്‍ഥരല്ല എന്ന് പ്രധാനമന്ത്രി പറഞ്ഞേക്കാം.എന്നാല്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് അതില്‍നിന്നും ഭിന്നമാണ്. പരസ്യത്തിനുവേണ്ടിയുള്ള ചെലവില്‍ ഈ വര്‍ഷം 20 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.

മോഡി വാഴ്ചയുടെ ഈ രണ്ടു വര്‍ഷക്കാലത്ത് നമ്മുടെ രാജ്യത്തെ മഹാ ഭൂരിപക്ഷം ജനങ്ങളുടെയും സാമ്പത്തിക ദുരിതം പെരുകിവരുന്ന അനുഭവമാണുള്ളത്. ആദ്യം ചൂണ്ടിക്കാട്ടിയ പുതിയ ത്രിമൂര്‍ത്തികള്‍ ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ക്കുംനേരെ അതിഭയങ്കരമായ ആക്രമണം അഴിച്ചുവിടുകയാണെന്ന കാര്യം വളരെ വ്യക്തമാണ്. വ്യാപകവും അതിശക്തവുമായ പോരാട്ടത്തിലൂടെ മാത്രമേ അതിനെ ചെറുക്കാന്‍ കഴിയൂ. ജനങ്ങളുടെ ഉപജീവനത്തിനുള്ള അവകാശങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും നേടിയെടുക്കുന്നതിന് അതിശക്തമായ പോരാട്ടം അനിവാര്യമാണ്. നമ്മുടെ രാഷ്ട്രത്തിന്റെ മതേതര ജനാധിപത്യ അടിത്തറ സംരക്ഷിക്കാന്‍ അതിശക്തവും വിപുലവുമായ ചെറുത്തുനില്‍പ് ആവശ്യമാണ്.

08-Jun-2016

ഭൂമധ്യരേഖകൾ മുന്‍ലക്കങ്ങളില്‍

More