അമേരിക്കയുടെ വിനീത വിധേയന്‍!

അമേരിക്കയ്ക്കുവേണ്ടി ഇന്ത്യന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് അവര്‍ക്കു മുമ്പില്‍ കീഴടങ്ങലല്ലാതെ മറ്റൊന്നുമല്ല. "ശക്തനായ' നേതാവെന്ന വിശേഷണവുമായി നരേന്ദ്രമോഡി പ്രധാനമന്ത്രിയായതു മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു മുമ്പില്‍ കീഴടങ്ങുന്ന നയങ്ങളാണ് സ്വീകരിച്ചുവരുന്നത്. മോഡിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ തന്നെ അമേരിക്കന്‍ വിധേയത്വത്തിന്റെ സാക്ഷ്യപത്രമായി, പ്രതിരോധ ചട്ടക്കൂട് കരാര്‍ പത്തുവര്‍ഷത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ചിരുന്നു. ചൈനയ്ക്കെതിരെ അമേരിക്ക രൂപംനല്‍കുന്ന എഷ്യന്‍ അച്ചുതണ്ടിന്റെ ഭാഗമായി ഇന്ത്യയെ മാറ്റുന്നതിനുള്ള ഏറ്റവും പ്രധാന കരാറാണിത്.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തിലെ അതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ എത്തുന്ന സാഹചര്യത്തിൽ ആണവക്കരാര്‍ വിഷയത്തില്‍ അമേരിക്കയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമം ആരംഭിച്ചെന്നാണ് കഴിഞ്ഞദിവസം ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. 2008ലാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായി സൈനികേതര ആണവക്കരാര്‍ ഒപ്പിട്ടത്. കരാറൊപ്പിട്ട് ആറുവര്‍ഷം പൂര്‍ത്തിയായെങ്കിലും ഈ കരാറിന്റെ ഭാഗമായി ഒരു മെഗാവാട്ട് വൈദ്യുതിപോലും ഇതുവരെ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടില്ല.

കരാറൊപ്പിട്ട ഉടന്‍ ഗുജറാത്തിലെ മിഥിവിര്‍ധിയിലും ആന്ധ്രപ്രദേശിലെ കൊവാഡയിലും ആണവനിലയം സ്ഥാപിക്കാന്‍ സര്‍ക്കാര്‍, അമേരിക്കയ്ക്ക് അനുവാദം നല്‍കി. ഗുജറാത്തില്‍ അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ് ഹൗസിനും ആന്ധ്രയില്‍ ജനറല്‍ ഇലക്ട്രിക്കന്‍-ഹിതാച്ചിക്കുമാണ് അനുവാദം നല്‍കിയത്. മഹാരാഷ്ട്രയിലെ ജെയ്താപുരില്‍ ഫ്രാന്‍സിനും പശ്ചിമബംഗാളിലെ ഹരിപുരയില്‍ റഷ്യക്കും ആണവനിലയം സ്ഥാപിക്കാന്‍ അനുവാദം നല്‍കി. ജെയ്താപുരില്‍ സ്ഥലം ഏറ്റെടുക്കലിനെതിരെ വന്‍ജനകീയപ്രക്ഷോഭം ഉയര്‍ന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനം മുന്നോട്ടുപോയില്ല.

അമേരിക്കന്‍ കമ്പനികളാകട്ടെ, ആണവനിലയം സ്ഥാപിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍പോലും മുന്നോട്ടുനീക്കിയിട്ടില്ല. ഇതിനുള്ള പ്രധാനകാരണം പാര്‍ലമെന്റിന്റെ ഇരുസഭയും പാസാക്കിയ ആണവബാധ്യതാ നിയമമാണ്. ആണവ അപകടമുണ്ടായാല്‍ അതിന്റെ ബാധ്യത റിയാക്ടര്‍ നല്‍കുന്ന വിദേശകമ്പനികള്‍ ഏറ്റെടുക്കണമെന്നതാണ് ആണവബാധ്യതാ നിയമത്തിന്റെ കാതല്‍. ദുരന്തബാധിതര്‍ക്ക് വിദേശകമ്പനികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അധികാരമുണ്ടെന്നും ഈ നിയമം പറയുന്നു. ഇടതുപക്ഷ പാര്‍ടികള്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ഫലമായാണ് ഇത്തരമൊരു നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിഞ്ഞത്. അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപിയും ഈ നീക്കങ്ങളെ അന്ന് പിന്തുണച്ചു. ഇതിന്റെ ഫലമായാണ് ആണവദുരന്തമുണ്ടായാല്‍ റിയാക്ടര്‍ നല്‍കുന്ന കമ്പനികള്‍ പരമാവധി 1500 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിശ്ചയിക്കപ്പെട്ടത്.

നിയമത്തിലെ 46-ാം വകുപ്പനുസരിച്ച് ആണവവസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനികളുടെ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ദുരന്തബാധിതര്‍ക്ക് കഴിയും. എന്നാല്‍, ആണവബാധ്യതാ നിയമത്തിലെ ഈ രണ്ടു പ്രധാന വകുപ്പിലും മാറ്റംവരുത്താനാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാകുന്നത്. ഇന്‍ഷുറന്‍സ് വിദേശനിക്ഷേപം, ഭൂമി ഏറ്റെടുക്കല്‍ നിയമം, പെട്രോള്‍ വില തുടങ്ങിയ പ്രശ്നങ്ങളില്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ കൈക്കൊണ്ട സമീപനത്തിന് തീര്‍ത്തും കടകവിരുദ്ധമായി നീങ്ങുന്ന ബിജെപി ഇക്കാര്യത്തിലും അതേ സമീപനമാണ് കൈക്കൊള്ളുന്നത്.

സെപ്തംബറില്‍ മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയിലാണ് ആണവബാധ്യതാ നിയമത്തില്‍ വെള്ളംചേര്‍ക്കുമെന്ന സൂചന നല്‍കി സിവില്‍ ന്യൂക്ലിയര്‍ കോണ്‍ടാക്ട് ഗ്രൂപ്പിന് രൂപംനല്‍കിയത്. ഈ ഇന്ത്യ-അമേരിക്ക ഗ്രൂപ്പിന്റെ ആദ്യയോഗം ഡിസംബര്‍ 16-17 തീയതികളില്‍ ചേര്‍ന്നു. ഈ യോഗത്തില്‍ അമേരിക്കയ്ക്ക് മുമ്പില്‍ രണ്ടു നിര്‍ദേശമാണ് ഇന്ത്യ വച്ചത്. അമേരിക്കന്‍ കമ്പനികളെ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കുക ലക്ഷ്യമാക്കി ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയിലൂടെ 242 ദശലക്ഷം ഡോളറിന്റെ അപകടനിധിക്ക് രൂപംനല്‍കുകയാണ് ഒരു നിര്‍ദേശം.

അമേരിക്കയിലെ പ്രൈസ്-ആര്‍ഡേഴ്സണ്‍ ആക്ടിന്റെ മാതൃകയിലാണ് ഈ നിധിക്ക് രൂപംനല്‍കുന്നത്. ജനറല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ന്നാണ് ഈ അപകടനിധിക്ക് രൂപംനല്‍കുക. ആണവ അപകടമുണ്ടായാല്‍ ഈ നിധിയില്‍ നിന്നാകും നഷ്ടപരിഹാരം നല്‍കുക. യുപിഎ കാലത്തുതന്നെ ഉയര്‍ന്നുവന്ന ഈ നിര്‍ദേശം അമേരിക്ക അംഗീകരിച്ചിരുന്നില്ല. നിയമത്തിലെ 46-ാം വകുപ്പിനെക്കുറിച്ച് അമേരിക്കന്‍ റിയാക്ടര്‍ കമ്പനികളുമായി ചര്‍ച്ചനടത്താമെന്നാണ് മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ നിര്‍ദേശം. ഈ വകുപ്പു സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കി പുതിയ നിര്‍വചനം നല്‍കുമെന്നാണ് മോഡി സര്‍ക്കാരിന്റെ വാഗ്ദാനം.

അമേരിക്കയ്ക്കുവേണ്ടി ഇന്ത്യന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് അവര്‍ക്കു മുമ്പില്‍ കീഴടങ്ങലല്ലാതെ മറ്റൊന്നുമല്ല. "ശക്തനായ' നേതാവെന്ന വിശേഷണവുമായി നരേന്ദ്രമോഡി പ്രധാനമന്ത്രിയായതു മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു മുമ്പില്‍ കീഴടങ്ങുന്ന നയങ്ങളാണ് സ്വീകരിച്ചുവരുന്നത്. മോഡിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ തന്നെ അമേരിക്കന്‍ വിധേയത്വത്തിന്റെ സാക്ഷ്യപത്രമായി, പ്രതിരോധ ചട്ടക്കൂട് കരാര്‍ പത്തുവര്‍ഷത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ചിരുന്നു. ചൈനയ്ക്കെതിരെ അമേരിക്ക രൂപംനല്‍കുന്ന എഷ്യന്‍ അച്ചുതണ്ടിന്റെ ഭാഗമായി ഇന്ത്യയെ മാറ്റുന്നതിനുള്ള ഏറ്റവും പ്രധാന കരാറാണിത്.

അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി പലസ്തീന് ഇന്ത്യ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാനും മോഡി സര്‍ക്കാര്‍ തീരുമാനിച്ചതായി അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. ഇസ്രയേല്‍ ലോകരാഷ്ട്രങ്ങളില്‍ ഒറ്റപ്പെടുന്ന വേളയിലാണ് ഇന്ത്യ ഇസ്രയേലുമായി കൂടുതല്‍ അടുക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നതും അമേരിക്കന്‍ ഔഷധകമ്പനികള്‍ക്ക് അനുകൂലമായി പേറ്റന്റ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതും ഭക്ഷ്യസുരക്ഷാപദ്ധതി ഉപേക്ഷിക്കുന്നതും തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നതും അമേരിക്കന്‍ സമ്മര്‍ദത്തിന്റെ ഫലമായാണ്.

മോഡിസര്‍ക്കാരിന്റെ ഈ അമേരിക്കന്‍ വിധേയത്വത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കേണ്ടതുണ്ട്. ജനുവരി 24നു രാജ്യവ്യാപകമായി പ്രതിഷേധദിനമായി ആചരിക്കുവാൻ ഇടതുപക്ഷ പാര്‍ട്ടികള്‍ തീരുമാനിക്കുന്നത് ഈ അവസരത്തിലാണ്. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാനും ആഭ്യന്തരമേഖലയിലേക്കുള്ള അമേരിക്കന്‍ കടന്നുകയറ്റം അവസാനിപ്പിക്കാനും ആഗ്രഹിക്കുന്ന ഏവരും ഈ പ്രതിഷേധത്തില്‍ കൈകോര്‍ക്കണം.

05-Jan-2015

ഭൂമധ്യരേഖകൾ മുന്‍ലക്കങ്ങളില്‍

More