കോണ്‍ഗ്രസിനൊരു ചരമഗീതം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അന്ന് സാധിച്ചില്ല.പക്ഷെ, ഇന്നോ? ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോകുന്നതിന് നിര്‍ണായക ഘടകമായി മാറിയ കോണ്‍ഗ്രസിന്റെ സംഘടനാശേഷിയെ ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം ഇല്ലാതാക്കുന്നു. വിലക്കെടുക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും നേതാക്കളും ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നു. ഇന്ന് കോണ്‍ഗ്രസിന്റെ ചരമഗീതം മുഴങ്ങുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വമല്ല എതിരാളികള്‍. രാഷ്ട്രീയ ഹിന്ദുത്വയാണ്. ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന് പിറകില്‍ സാമ്രാജ്യത്വ ശക്തികളുണ്ട്. ഇന്ത്യയെ തങ്ങളുടെ കമ്പോളമാക്കി മാറ്റാന്‍ താല്‍പ്പര്യമുള്ള കോര്‍പ്പറേറ്റുകള്‍. ഇന്ത്യയിലെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന സാമ്രാജ്യത്വ ശക്തികള്‍. അവര്‍ ആര്‍ എസ് എസിന് കൈക്കൂലിയല്ലാതെ നല്‍കിയ ഗുരുദക്ഷിണയുടെ കോടി കിലുക്കമാണ് ഇന്ന് കോണ്‍ഗ്രസിനെ വിലക്കെടുക്കാനായി ബി ജെ പി വിനിയോഗിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് നാമാവശേഷമാകുന്ന നാളുകളിലൂടെയാണ് നാം കടന്നുപോവുന്നത്. ഒരു രാഷ്ട്രീയ കക്ഷി എന്നുള്ള നിലയില്‍ മാത്രമല്ല കോണ്‍ഗ്രസിനെ അടയാളപ്പെടുത്തേണ്ടത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അലന്‍ ഒക്ടേവിയന്‍ ഹ്യൂം എന്ന ബ്രിട്ടീഷ് പൗരന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കുമ്പോള്‍ അതിന്റെ ലക്ഷ്യം സ്വാതന്ത്ര്യസമര പോരാട്ടമായിരുന്നില്ല. അക്കാലത്ത് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭരണകൂടത്തില്‍ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ജനങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുന്നതിനാണ് കോണ്‍ഗ്രസ് ഊന്നല്‍ നല്‍കിയത്. 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവുന്നതിന് മുമ്പ് ആ കൂട്ടായ്മയുടെ പേര് ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ എന്നായിരുന്നു. ബ്രിട്ടീഷ് ഭരണത്തോട് ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്ന അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപവല്‍ക്കരണ സമ്മേളനം 1885ല്‍ എ ഒ ഹ്യൂം വിളിച്ച് ചേര്‍ത്തത് തന്നെ ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിന്‍ പ്രഭുവിന്റെ ആശിര്‍വാദത്തോടും അനുമതിയോടും കൂടിയായിരുന്നു.

മഹാത്മാഗാന്ധിയുടെ ആശയങ്ങളിലേക്ക് കോണ്‍ഗ്രസ് അടുത്തത് ഒന്നാംലോക മഹായുദ്ധത്തിന് ശേഷമാണ്. ഗാന്ധിയുടെ നിസഹകരണ പ്രസ്ഥാനവുമായും അഹിംസാ ആദര്‍ശങ്ങളുമായും കോണ്‍ഗ്രസ് കൈകോര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ മിതവാദ, തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മിലുള്ള വിഭാഗീയത ആ കാലത്ത് തന്നെ പ്രത്യക്ഷമായി. ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തില്‍ മിതവാദികള്‍ അണിനിരന്നപ്പോള്‍ ബാലഗംഗാധര തിലകനും ലാലാ ലജ്പത്‌റായും ബിപിന്‍ ചന്ദ്രപാലും തീവ്ര നിലപാടുകളുമായി കോണ്‍ഗ്രസില്‍ സജീവമായി. മഹാത്മാഗാന്ധിക്കും മുന്നെ മുഹമ്മദ് അലി ജിന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. മലയാളിയായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ 1897ലെ അമരാവതി സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ അധ്യക്ഷന്‍ ഡബ്ല്യു.സി. ബാനര്‍ജിയായിരുന്നു. അക്കാലത്ത് സെക്രട്ടറിയായി എ ഒ ഹ്യൂം പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 'പൂര്‍ണ സ്വരാജ്' പ്രഖ്യാപിച്ചത് 1929ലാണ്. അന്ന് ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ്. സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ലക്ഷ്യം കൈവരിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി, 1930 ജനുവരി 26ന് പൂര്‍ണസ്വരാജ് ദിനമായും കോണ്‍ഗ്രസ് ആചരിച്ചു. നാടെങ്ങും അരങ്ങേറിയ ഗാന്ധിജിയുടെ സത്യാഗ്രഹ സമരം കോണ്‍ഗ്രസിനെ ജനകീയമാക്കി മാറ്റി. സ്വാതന്ത്ര്യത്തിനായി പൊരുതുവാന്‍ ആഹ്വാനം ചെയ്ത മഹാത്മാ ഗാന്ധി രാജ്യത്തുടനീളം സഞ്ചരിച്ചു. സമാനതകളില്ലാത്ത രാഷ്ട്രീയ നേതൃത്വമായി ഗാന്ധി മാറിയത് ജനകീയമായ ഇടപെടലുകളിലൂടെയാണ്. ജാതി-മത വിദ്വേഷങ്ങള്‍ക്കപ്പുറം മതേതരത്വും മത സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിക്കാന്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു. അയിത്തവും ജാത്യാചാരങ്ങളും അരുതെന്ന് ആഹ്വാനം ചെയ്തു. വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ നിലപാടുകള്‍ കൈക്കൊണ്ടു. ഗാന്ധിയായിരുന്നു കോണ്‍ഗ്രസ്. ഇന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മിടിക്കുന്നത് ഗാന്ധിജിയുടെ ഹൃദയത്തിലൂടെയാണ്., പലരും കുത്തിക്കീറിയെങ്കിലും.

1942 ഓഗസ്റ്റ് 8നാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ബോംബെ സമ്മേളനത്തില്‍ വെച്ച് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്. ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിന് അയച്ചതില്‍ പ്രതിഷേധിച്ചും ഇന്ത്യയ്ക്ക് ഉടനടി സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടുമായിരുന്നു ക്വിറ്റിന്ത്യാ പ്രസ്ഥാനം. ബ്രിട്ടീഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് കോണ്‍ഗ്രസിന്റെ പ്രമേയം പ്രഖ്യാപിച്ചു. ഗാന്ധിജി അക്രമരഹിത നിസഹകരണം വ്യാപിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി കണ്ട് ബ്രിട്ടീഷുകാരുടെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കാനും ആഹ്വാനം ചെയ്തു. രാജ്യത്തെ ഇളക്കിമറിച്ച ഗാന്ധിയെ ബ്രിട്ടീഷ് സാമ്രാജ്യത്വം തടവിലാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ നിരോധിച്ചു.

രാജ്യമൊട്ടാകെ വമ്പിച്ച പ്രതിഷേധങ്ങളും പ്രകടനങ്ങളും ഉണര്‍ന്നുപൊങ്ങി. തൊഴിലാളികള്‍ കൂട്ടത്തോടെ പണിമുടക്കിലേര്‍പ്പെട്ടു. രാജ്യമെമ്പാടും സമരാഹ്വാനങ്ങള്‍ മുഴങ്ങി. സര്‍ക്കാര്‍ കെട്ടിടങ്ങളും മറ്റ് വസ്തുവകകളും അഗ്നിക്കിരയാക്കപ്പെട്ടു. പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകര്‍ത്തു. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ രാജ്യത്തെമ്പാടും നിശ്ചലമായി. പ്രതിഷേധത്തിന്റെ കൂറ്റന്‍തിരമാലകളില്‍പ്പെട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മവിശ്വാസവും മന:ശക്തിയും തകര്‍ന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ സൈനികര്‍ കലാപത്തിന് മുന്നിറങ്ങി. അവരും അസംതൃപ്തരായിരുന്നു, ഇതൊക്കെ ബ്രിട്ടീഷ് ഭരണത്തെ ദുര്‍ബലമാക്കാന്‍ കാരണമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അന്ന് സാധിച്ചില്ല.പക്ഷെ, ഇന്നോ? ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോകുന്നതിന് നിര്‍ണായക ഘടകമായി മാറിയ കോണ്‍ഗ്രസിന്റെ സംഘടനാശേഷിയെ ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം ഇല്ലാതാക്കുന്നു. വിലക്കെടുക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും നേതാക്കളും ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നു.

ഇന്ന് കോണ്‍ഗ്രസിന്റെ ചരമഗീതം മുഴങ്ങുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വമല്ല എതിരാളികള്‍. രാഷ്ട്രീയ ഹിന്ദുത്വയാണ്. ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന് പിറകില്‍ സാമ്രാജ്യത്വ ശക്തികളുണ്ട്. ഇന്ത്യയെ തങ്ങളുടെ കമ്പോളമാക്കി മാറ്റാന്‍ താല്‍പ്പര്യമുള്ള കോര്‍പ്പറേറ്റുകള്‍. ഇന്ത്യയിലെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന സാമ്രാജ്യത്വ ശക്തികള്‍. അവര്‍ ആര്‍ എസ് എസിന് കൈക്കൂലിയല്ലാതെ നല്‍കിയ ഗുരുദക്ഷിണയുടെ കോടി കിലുക്കമാണ് ഇന്ന് കോണ്‍ഗ്രസിനെ വിലക്കെടുക്കാനായി ബി ജെ പി വിനിയോഗിക്കുന്നത്.

സ്വാതന്ത്ര്യസമര പ്രസ്ഥാനമെന്ന ഒന്നാം പര്‍വ്വം കഴിഞ്ഞ്, ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി എന്ന പോരിമയുള്ള രണ്ടാം പര്‍വ്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തരായിരുന്നു. 1951ലെ ഒന്നാം ലോകസഭാ തെരഞ്ഞെടുപ്പില്‍ 364 സീറ്റുകളോടെ 44.99 % വോട്ടുകള്‍ നേടി കോണ്‍ഗ്രസ് പ്രതാപം കാട്ടി. 1957ല്‍ രണ്ടാം ലോകസഭയില്‍ 371, 1962ലെ മൂന്നാം ലോകസഭയില്‍ 361, 1967ലെ നാലാം ലോകസഭയില്‍ 283, 1971ലെ അഞ്ചാം ലോകസഭയില്‍ 352 എന്നിങ്ങനെ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിവുള്ള രാഷ്ട്രീയ കക്ഷി തങ്ങളാണെന്ന് തെളിയിച്ച് അവര്‍ തലയുയര്‍ത്തി നിന്നു.

ഇന്ദിരാഗാന്ധിയുടെ അര്‍ദ്ധ ഫാസിസ്റ്റ് വാഴ്ചയ്ക്ക്, അടിയന്തരാവസ്ഥയ്ക്ക് അനുമതി നല്‍കിയ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം അതുവരെയുള്ള കോണ്‍ഗ്രസിന്റെ ചരിത്രത്തെ റദ്ദ് ചെയ്യുന്ന ഒന്നുതന്നെയായി മാറി. 1977ലെ ആറാമത് ലോകസഭയില്‍ 153 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി. പിന്നീട് ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗവേളകളില്‍ സീറ്റ് നിലയില്‍ വര്‍ധനവുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ് ജീര്‍ണിക്കുക തന്നെയായിരുന്നു. പതിനേഴാം ലോകസഭയില്‍ 52 സീറ്റുകളും 19.5 % വോട്ടുവിഹിതവുമായി നില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലേക്ക് മൂക്കുകുത്തി വീണിരിക്കുന്നു.

ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സര്‍ക്കാരുകളുണ്ടാക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തിപ്പിടിച്ചവര്‍ ഇന്ന് നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലേക്കും ഒതുക്കപ്പെട്ടിരിക്കുന്നു. ചത്തീസ്ഗഡും മധ്യപ്രദേശും പഞ്ചാബും രാജസ്ഥാനും പുതുച്ചേരിയും മാത്രമായി കോണ്‍ഗ്രസ് പാര്‍ടി ചുരുങ്ങുമ്പോള്‍, പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയിലേക്ക് ചേക്കേറുന്നു. ഗാന്ധിയെ വലിച്ചെറിഞ്ഞു ഗോഡ്സെയ്ക്ക് ജയ് വിളിക്കുന്നു.

ത്രിപുരയില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണമായും ബി ജെ പിയായി മാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8.14 ലക്ഷം വോട്ടും 36.53 % വോട്ടുവിഹിതവും ത്രിപുരയില്‍ ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ച വോട്ട് വെറും 41000 മാത്രമായിരുന്നു. അതായത് 1.8 % വോട്ടുവിഹിതം. ത്രിപുരയില്‍ മാത്രമല്ല ഈ ദുര്‍ഗതി. 29 സംസ്ഥാനങ്ങളില്‍ മിക്കയിടത്തും ഇത് തന്നെയാണ് അവസ്ഥ. 7 കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ് ബി ജെ പിയിലേക്ക് ഒഴുകുക തന്നെയാണ്. കര്‍ണാടകയിലെ എം എൽ എ കച്ചവടം ഏറ്റവും പുതിയ ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളെ വരെ ബി ജെ പി വിലക്കെടുക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ രാജി വച്ച 11 എംഎല്‍എമാരടക്കം 18 എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാര്‍ടി വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുത്തില്ല. ബി ജെ പി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ആകെ വിലക്കുവാങ്ങുമെന്ന അജണ്ടയാണ് കര്‍ണാടകത്തില്‍ നടപ്പാക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കളായ എം എല്‍ എ മാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് സംരക്ഷിക്കേണ്ട രാഷ്ട്രീയ ഗതികേടിലാണ് കോണ്‍ഗ്രസുള്ളത്.

രാജ്യത്തിന്റെ സാമൂഹ്യ -രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ അടിയന്തരാവസ്ഥ പ്രഖ്യാപനവുമായി ഇന്ദിരാഗാന്ധി മുന്നോട്ടുപോയപ്പോള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയാധ്യക്ഷനായിരുന്ന കെ കാമരാജ് പറഞ്ഞത്; ''എല്ലാം പോച്ച്. എന്‍ തപ്പ്'' എന്നാണ്. ആര്‍ എസ് എസും ബി ജെ പിയും നിയോഗിച്ച ഏജന്റുമാര്‍ കോണ്‍ഗ്രസിന്റെ അടിത്തറ തോണ്ടുമ്പോള്‍ എല്ലാം കൈവിട്ട് പോയി, തെറ്റുപറ്റി എന്ന് വിതുമ്പാന്‍ നിലപാടും ആര്‍ജ്ജവവുമുള്ള ഒരു ദേശീയാധ്യക്ഷന്‍ പോലുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് ഊര്‍ദ്ധന്‍ വലിക്കുന്നു.

'ഇനിയും മരിക്കാത്ത കോണ്‍ഗ്രസ്! നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി!...'

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More