സംഘികളുടെ ഇന്ത്യയിൽ ഭരണഘടന ഉണ്ടാവില്ല.

ഫെഡറല്‍ സംവിധാനമെന്നത് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. അവര്‍ അത് സുവ്യക്തമായി പറഞ്ഞിട്ടുമുണ്ട്. “ഭരണഘടന രൂപീകരിക്കുമ്പോള്‍ ഹിന്ദുക്കളെയും ഹൈന്ദവതയേയും വിസ്മരിച്ചു. ജനതയെ ഏകോപിപ്പിക്കുന്ന ആ ഘടകത്തിന്റെ അഭാവത്തില്‍ നിര്‍മ്മിച്ച ഭരണഘടന വിഘടനമുണ്ടാക്കും... ഒരു രാഷ്ട്രം അല്ലെങ്കില്‍ ഒരു സ്റ്റേറ്റ് എന്ന നിലയിലുള്ള ഏകാത്മകമായ രീതിയിലുള്ള ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്. മുഴുവന്‍ രാജ്യത്തിനും വേണ്ടി ഒരൊറ്റ നിയമനിര്‍മാണ സഭയും ഒരൊറ്റ മന്ത്രിസഭയും ഉണ്ടാവണം” 1949ല്‍ കാണ്‍പൂരില്‍ വെച്ച് നടന്നൊരു പൊതുസമ്മേളനത്തില്‍ എം എസ് ഗോള്‍വാക്കര്‍ പറഞ്ഞ വാക്കുകളാണിത്. ഫെഡറലിസത്തിനെതിരായ ആര്‍ എസ് എസിന്റെ നിലപാടാണ് ഈ വാക്കുകളിലൂടെ വ്യക്തമാവുന്നത്. ഈ നിലപാട് പിന്തുടരുന്ന ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍, 29 സംസ്ഥാനങ്ങളുണ്ടായിരുന്ന ഇന്ത്യയില്‍ നിന്ന് ഒരു സംസ്ഥാനത്തെ അടര്‍ത്തിമാറ്റിയിരിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ 28 സംസ്ഥാനങ്ങള്‍ മാത്രമേയുള്ളു. കേന്ദ്രം നേരിട്ട് ഭരിക്കുന്ന പ്രദേശങ്ങളാക്കി സംസ്ഥാനങ്ങളെ മാറ്റി, ഏക രാഷ്ട്രമാക്കി മാറ്റി, ഒരൊറ്റ നിയമനിര്‍മാണ സഭയ്ക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം കേന്ദ്രഭരണത്തെ ഉപയോഗിച്ച് രാജ്യത്ത് നടപ്പിലാക്കുന്നത് എന്നതില്‍ തര്‍ക്കം വേണ്ട.

“ഒരൊറ്റ രാഷ്ട്രമെന്ന വസ്തുതയെ അംഗീകരിക്കാതിരിക്കുകയും ഇല്ലാതാക്കുകയും മാത്രമല്ല, ഫെഡറല്‍ രീതിയിലുള്ള ഗവണ്‍മെന്റുകള്‍ വിഘടന വാദത്തിന് വിത്തിടുവാനും വളര്‍ത്തുവാനും നിമിത്തമായി തീരുന്നു. അതിനെ മുഴുവനായും പിഴുതെറിഞ്ഞ് ഭരണഘടനയെ സംശുദ്ധീകരിച്ച്, ഏകാത്മക രൂപത്തിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കണം”

: എം എസ് ഗോള്‍വാക്കര്‍, ശ്രീ ഗുരുജി സമഗ്ര ദര്‍ശന്‍ വോള്യം 3, പേജ് 144.

ആര്‍ എസ് എസ്, സര്‍ സംഘ ചാലക് ആയിരുന്ന എം എസ് ഗോള്‍വാക്കറുടെ പ്രസംഗങ്ങളും രചനകളും ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ വേണ്ടിയുള്ളതായിരുന്നു. അതിനാലാണ് അദ്ദേഹം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഗുരുജി ഗോള്‍വാക്കറായി മാറിയത്. വര്‍ഗീയ വികാരം ജ്വലിപ്പിക്കുന്ന വിധത്തില്‍, കലാപങ്ങളിലേക്ക് സംഘികളെ വലിച്ചിഴക്കുന്ന വിധത്തില്‍ രാഷ്ട്രീയ ഹിന്ദുത്വയെ ഗോള്‍വാക്കര്‍ വ്യാഖ്യാനിച്ചു. അദ്ദേഹം രചിച്ച “വിചാരധാര” എന്ന പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍, ഭാരതത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ നിരാകരിക്കാനുള്ള നിരവധി ആഹ്വാനങ്ങള്‍ കാണാനാവും. ഗുരുജിയുടെ ആഹ്വാനങ്ങൾ ആണ് ഇന്ത്യയിൽ ആർ എസ് എസ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 

ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ ഗോൾവാൾക്കർ അടക്കം സംഘത്തിന്റെ പ്രമുഖ സര്‍സംഘ ചാലകുമാര്‍ സ്വപ്നം കണ്ട ഹിന്ദുരാഷ്ട്രത്തിന് ശിലയിടുന്നതാണ് കാണാനാവുന്നത്. രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കുന്നതിന് അവര്‍ തുടക്കമിട്ടുകഴിഞ്ഞു. ജമ്മു കാശ്മീരിനെ വിഭജിച്ച നടപടി അതിനുദാഹരണമാണ്. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എടുത്തുകളഞ്ഞിരിക്കുന്നു. അതോടൊപ്പം ജമ്മുകാശ്മീര്‍ നിയമസഭയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന 35 എ വകുപ്പും റദ്ദ് ചെയ്തിരിക്കുന്നു. ജനാധിപത്യത്തിന്റെ മരണമണിയാണ് രാജ്യത്ത് മുഴങ്ങുന്നത്.

“പട്ടിക്കും പൂച്ചക്കും സ്വാതന്ത്ര്യവും അവകാശവും അനുവദിച്ചുനല്‍കാനുതകുന്ന വ്യവസ്ഥ എന്നതില്‍ കവിഞ്ഞൊന്നുമല്ല...” പ്രായപൂര്‍ത്തി വോട്ടവകാശം സംബന്ധിച്ചും ജനങ്ങള്‍ക്ക് മൗലികാവകാശം ഉറപ്പാക്കുന്നതിനെ കുറിച്ചും 1947 നവംബറില്‍ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി പ്രഖ്യാപിച്ചപ്പോള്‍, എം എസ് ഗോള്‍വാക്കര്‍ ജനാധിപത്യത്തെ കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്. ഇന്നും ആര്‍ എസ് എസിന് ജനാധിപത്യത്തെ കുറിച്ച് മറിച്ചൊരഭിപ്രായമില്ല. സംഘം നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ടിയായ ബി ജെ പിയെ സംബന്ധിച്ച്, അവരുടെ നിലപാടുകള്‍ എന്നത് ആര്‍ എസ് എസിന്റെ നിലപാടുകള്‍ മാത്രമാണ്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സംഘം ആഹ്വാനം ചെയ്താല്‍ ബി ജെ പി അതിന് തയ്യാറായേ മതിയാവുകയുള്ളു. അതാണിപ്പോള്‍ കേന്ദ്രഭരണത്തെ ഉപയോഗിച്ച് നടപ്പിലാക്കുന്നത്.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി നിലനിന്നുപോന്ന ഒരു സംസ്ഥാനമായിരുന്നു ജമ്മുകാശ്മീര്‍. ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ കൊണ്ട് ആ സംസ്ഥാനത്തിന് പ്രത്യേക ഭരണകൂട പരിരക്ഷയുമുണ്ടായിരുന്നു. മറ്റു പല സംസ്ഥാനങ്ങള്‍ക്കും അത്തരത്തിലുള്ള പരിരക്ഷയുണ്ട്. ആ സംസ്ഥാനങ്ങളെയൊക്കെ മാറ്റിവെച്ച് ജമ്മുകാശ്മീരിനെ ഒരു സുപ്രഭാതത്തില്‍ വിഭജിക്കുന്നതും കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നതും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ പൊളിച്ചെഴുതുന്നതിന്റെ ഭാഗമാണ്. ഫെഡറല്‍ സംവിധാനമെന്നത് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. അവര്‍ അത് സുവ്യക്തമായി പറഞ്ഞിട്ടുമുണ്ട്. “ഭരണഘടന രൂപീകരിക്കുമ്പോള്‍ ഹിന്ദുക്കളെയും ഹൈന്ദവതയേയും വിസ്മരിച്ചു. ജനതയെ ഏകോപിപ്പിക്കുന്ന ആ ഘടകത്തിന്റെ അഭാവത്തില്‍ നിര്‍മ്മിച്ച ഭരണഘടന വിഘടനമുണ്ടാക്കും... ഒരു രാഷ്ട്രം അല്ലെങ്കില്‍ ഒരു സ്റ്റേറ്റ് എന്ന നിലയിലുള്ള ഏകാത്മകമായ രീതിയിലുള്ള ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്. മുഴുവന്‍ രാജ്യത്തിനും വേണ്ടി ഒരൊറ്റ നിയമനിര്‍മാണ സഭയും ഒരൊറ്റ മന്ത്രിസഭയും ഉണ്ടാവണം” 1949ല്‍ കാണ്‍പൂരില്‍ വെച്ച് നടന്നൊരു പൊതുസമ്മേളനത്തില്‍ എം എസ് ഗോള്‍വാക്കര്‍ പറഞ്ഞ വാക്കുകളാണിത്. ഫെഡറലിസത്തിനെതിരായ ആര്‍ എസ് എസിന്റെ നിലപാടാണ് ഈ വാക്കുകളിലൂടെ വ്യക്തമാവുന്നത്. ഈ നിലപാട് പിന്തുടരുന്ന ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍, 29 സംസ്ഥാനങ്ങളുണ്ടായിരുന്ന ഇന്ത്യയില്‍ നിന്ന് ഒരു സംസ്ഥാനത്തെ അടര്‍ത്തിമാറ്റിയിരിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ 28 സംസ്ഥാനങ്ങള്‍ മാത്രമേയുള്ളു. കേന്ദ്രം നേരിട്ട് ഭരിക്കുന്ന പ്രദേശങ്ങളാക്കി സംസ്ഥാനങ്ങളെ മാറ്റി, ഏക രാഷ്ട്രമാക്കി മാറ്റി, ഒരൊറ്റ നിയമനിര്‍മാണ സഭയ്ക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം കേന്ദ്രഭരണത്തെ ഉപയോഗിച്ച് രാജ്യത്ത് നടപ്പിലാക്കുന്നത് എന്നതില്‍ തര്‍ക്കം വേണ്ട.

ജമ്മുകാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുമ്പോള്‍ ജമ്മുകാശ്മീരില്‍ നിലവിലുള്ള ഭരണഘടന ഇല്ലാതാവുകയാണ്. ഏകാത്മക രൂപത്തിലുള്ള ഭരണഘടന എന്ന ആര്‍ എസ് എസ് ലക്ഷ്യമാണ് അവിടെ യാഥാര്‍ത്ഥ്യമാകുന്നത്. 1973ല്‍ ബാംഗ്ലൂരില്‍ നടന്ന കോണ്‍ഫറന്‍സില്‍ ഗോള്‍വാക്കര്‍ പറഞ്ഞത് ബാംഗ്ലൂര്‍ സാഹിത്യസിന്ധുവിന്റെ പ്രസിദ്ധീകരണത്തില്‍ വായിക്കാം : “അനുയോജ്യമായ രീതിയില്‍ ഭരണഘടനാ ഭേദഗതിയിലൂടെ ഏകാത്മകരൂപത്തിലുള്ള ഒരു ഭരണകൂടം പ്രഖ്യാപിക്കണം. ഭരണപരമായ സൗകര്യത്തിനായി രാജ്യത്തെ വെവ്വേറെ സോണുകളായി വിഭജിക്കാവുന്നതാണ്. ആ സോണുകള്‍ കുറവായാലും കൂടുതലായാലും പ്രശ്‌നമൊന്നുമില്ല.” ജമ്മുകാശ്മീരിന്റെ കാര്യത്തില്‍ അത്തരത്തിലുള്ള ഭരണഘടനാ ഭേദഗതി വന്നുകഴിഞ്ഞു. കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ആ സംസ്ഥാനത്തെ ഭരണപരമായ സൗകര്യത്തിന് വേണ്ടി രണ്ട് സോണുകളാക്കി മാറ്റുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത്തരം നടപടികളുമായി കേന്ദ്ര ഭരണകൂടം വരികതന്നെ ചെയ്യും. 

രാജ്യത്ത് സംസ്ഥാനങ്ങള്‍ ആവശ്യമില്ല എന്നതാണ് ആര്‍ എസ് എസിന്റെ കാഴ്ചപ്പാട്. അത് ഗോള്‍വാക്കര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. രാജ്യത്ത് സംസ്ഥാനങ്ങൾ രൂപീകരിക്കുന്ന വേളയിൽ ആ നീക്കത്തിനെതിരെ ആർ എസ് എസ് നിലപാട് കൈക്കൊണ്ടു.  മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന രൂപീകരണ വിരുദ്ധ യോഗങ്ങള്‍ ആര്‍ എസ് എസ് നിലപാടുകളുടെ പ്രകാശന വേദിയായിരുന്നു. 1954ല്‍ മുംബൈയില്‍ വെച്ച് നടന്ന സംസ്ഥാന രൂപീകരണ വിരുദ്ധ യോഗത്തില്‍ ഗോള്‍വാക്കര്‍ പറഞ്ഞത് ശ്രീ ഗുരുജി സമഗ്ര ദര്‍ശന്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.: “ഭാരതത്തിനാകമാനം കേന്ദ്ര ഭരണമായിരിക്കണം. ഭരണപരമായ വീക്ഷണ കോണില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളായിരിക്കണം.” ഇതില്‍പരം എന്ത് വ്യക്തതയാണ് ഈ വിഷയത്തില്‍ വേണ്ടത്?

സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനുള്ള ആര്‍ എസ് എസ് അജണ്ടയാണ് രണ്ടാം മോഡി സര്‍ക്കാര്‍ ജമ്മുകാശ്മീരില്‍ നിന്ന് തുടക്കമിട്ടിട്ടുള്ളത്. മത ന്യൂനപക്ഷങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളെയും വിചാരധാരയിൽ ശത്രുക്കളായി പ്രഖ്യാപിച്ചവർ ശക്തമായുള്ള സംസ്ഥാനങ്ങളെയും പൊതുവിൽ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നില്ല എന്ന് തോന്നുന്ന സംസ്ഥാനങ്ങളേയും മോഡി സർക്കാർ നോട്ടമിടുകയാണ്. ആ സംസ്ഥാനങ്ങളിലേക്ക്  കടന്നുകയറാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയില്ല.

ഭരണഘടന എന്നത് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരങ്ങളെ സംബന്ധിച്ച് എന്തെങ്കിലും വില കല്‍പ്പിക്കുന്നതോ, പിന്‍പറ്റേണ്ടതോ ആയ ഒന്നല്ല. അതിനാലാണ് ഭരണഘടന അട്ടിമറിക്കുവാനും അതിലെ അനുച്ഛേദങ്ങള്‍ ഇല്ലാതാക്കാനും അവര്‍ക്ക് സാധിക്കുന്നത്. ഭരണഘടനയെ സംബന്ധിച്ച് ഗോള്‍വാക്കര്‍ നിരീക്ഷിച്ചിട്ടുള്ളത്, വ്യത്യസ്ത പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്നുള്ള വ്യത്യസ്ത അനുച്ഛേദങ്ങള്‍ തുന്നിച്ചേര്‍ത്ത, കുഴപ്പം പിടിച്ചതും ഭിന്നജാതീയവുമായ ഒന്ന് എന്നാണ്. മനുസ്മൃതിയെ ഭരണഘടനയുമായി താരതമ്യം ചെയ്തുകൊണ്ട് ഗോള്‍വാക്കര്‍ പറഞ്ഞത്, “ഹിന്ദുക്കള്‍ക്ക് സ്വന്തമെന്ന് വിളിക്കാവുന്ന യാതൊന്നും ഭരണഘടനയിലില്ല. നമ്മുടെ ദേശീയ ദൗത്യം എന്താണെന്നതിനെ സംബന്ധിച്ച് അതില്‍ ഒന്നും തന്നെയില്ല.” എന്നാണ്. രാജ്യത്തിന്റെ ജനാധിപത്യ- മതേതരത്വ ഭരണഘടനയെ നിരാകരിക്കുന്നതിന് ഗോള്‍വാക്കര്‍ക്കും ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരങ്ങള്‍ക്കും ഒരു കാലത്തും ഒരു നിമിഷം പോലും ചിന്തിക്കേണ്ടിയിരുന്നില്ല.

മുന്‍ ആര്‍ എസ് എസ് നേതാവും ഇപ്പോള്‍ നമ്മുടെ രാഷ്ട്രപതിയുമായ രാംനാഥ് കോവിന്ദിനെ കൊണ്ട് ഭരണഘടനയിലെ 370-ാം വകുപ്പ് ഇല്ലാതാക്കിയത് ഒരു സാമ്പിള്‍ പ്രയോഗം മാത്രമാണ്. ഈ നീക്കത്തിനെതിരെ എങ്ങിനെയാണ് രാജ്യം പ്രതികരിക്കുന്നത് എന്ന് വീക്ഷിക്കുകയാണ് സംഘപരിവാരം. പതുങ്ങണോ, അതോ കുതിക്കണോ എന്ന് തീരുമാനിക്കുവാനുള്ള ഒരു ഡ്രസ് റിഹേഴ്‌സല്‍ മാത്രമാണിത്.

യഥാര്‍ത്ഥത്തില്‍ ജമ്മു കാശ്മീര്‍ ഭരണഘടനാസഭയുടെ അനുമതിയോടെ മാത്രമേ 370 -ാം അനുച്ഛേദം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു എന്ന് ആ അനുച്ഛേദത്തില്‍ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജമ്മു കാശ്മീര്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയതോടെ ഈ ഭരണഘടനാസഭ ഇല്ലാതാവുകയും സഭയുടെ അനുമതി തേടാന്‍ സാധിയ്ക്കാത്ത നില വരികയും ചെയ്തു. ഭരണഘടനാ സഭ ഇല്ലാതായതോടെ 370 -ാം വകുപ്പ് സ്ഥിരമായിക്കഴിഞ്ഞു എന്ന് സുപ്രീം കോടതി സുവ്യക്തമായി പറഞ്ഞുവെച്ചിട്ടുമുണ്ട്. ഇതിനെയൊക്കെ മറികടക്കാന്‍ ബി ജെ പി സര്‍ക്കാര്‍ ചെയ്തത്, ജമ്മു കശ്മീരിലെ ഭരണഘടനാ സഭയെ കശ്മീര്‍ നിയമസഭ എന്നാക്കി വ്യാഖ്യാനിക്കുകയാണ്. ആ നിയമസഭ പോലും ഇപ്പോള്‍ നിലവിലില്ലാത്ത് കൊണ്ടാണ് പാര്‍ലമെന്റ് അധികാരം പ്രയോഗിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ വാദം. രാഷ്ട്രപതി പറയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് തീരുമാനം എന്നാണ്. രാഷ്ട്രപതി ഭരണം നടക്കുന്ന ജമ്മു കാശ്മീരിലെ സര്‍ക്കാരെന്നാല്‍ രാഷ്ട്രപതി തന്നെയാണ്. ആര്‍ എസ് എസ് നേതാവായ രാഷ്ട്രപതിയെ ഉപയോഗിച്ച് ജനാധിപത്യത്തെ പിച്ചിചീന്തിയ ദാരുണമായ കാഴ്ചയാണ് ജമ്മുകാശ്മീരില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. ഇതൊക്കെ ആര്‍ എസ് എസിന്റെ ആചാര്യന്‍മാര്‍ നേരത്തെ പറഞ്ഞുവെച്ച രീതിയില്‍ നടപ്പിലാക്കപ്പെടുന്നു എന്നതില്‍ നിന്നും എത്ര ഭീതിതമായ ഒരു കാലത്തേക്കാണ് നാം സഞ്ചരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കും.

ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വേദപുസ്തകം പോലെ കൊണ്ടുനടക്കുന്ന വിചാരധാരയിൽ ഒരു ഏകീകൃത രാഷ്ട്രം ആവശ്യമാണ് എന്നൊരു അധ്യായമുണ്ട്. അതില്‍ പറയുന്ന രീതിയിലാണ് ഇനി നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപടി ക്രമങ്ങളുമായി മുന്നോട്ടുപോവുക എന്നാണ് ജമ്മുകാശ്മീര്‍ നമ്മോട് പറയുന്നത്. ഗോള്‍വാക്കര്‍ വിചാരധാരയില്‍ എഴുതുന്നു : “ഏറ്റവും പ്രധാനപ്പെട്ടതും കാര്യക്ഷമവുമായ നടപടിയിലൂടെ നമ്മുടെ രാജ്യത്തിലെ ഭരണഘടനയിലെ ഫെഡറല്‍ സംവിധാനത്തെ കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും എന്നെന്നേക്കുമായി കുഴിച്ചുമൂടി, ഈ രാഷ്ട്രത്തിലെ സ്വയംഭരണാവകാശമുള്ളതും അര്‍ധസ്വയംഭരണാവകാശമുള്ളതുമായ സംസ്ഥാനങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കണം. തുടര്‍ന്ന് ഒരു രാഷ്ട്രം ഒരു സംസ്ഥാനം ഒരു നിയമസഭ ഒരു എക്‌സിക്യുട്ടീവ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് തുണ്ടുതുണ്ടായി വിഘടിച്ചുനില്‍ക്കല്‍, പ്രാദേശീകത, വിഭാഗീയത, ഭാഷാപരവും മറ്റ് രീതിയിലുള്ളതുമായ അഭിമാനബോധം തുടങ്ങിയ ഘടകങ്ങളെ പൊടിപോലും അവശേഷിക്കാത്ത വിധത്തില്‍ തുടച്ചുമാറ്റണം. ഇതെല്ലാം തന്നെ നാം ഉയര്‍ത്തിപ്പിടിക്കുന്ന ഏകാത്മകതയ്ക്ക് തടസമുണ്ടാക്കുന്നതാണ്. നമുക്ക് ഭരണഘടനയെ പുനപരിശോധിച്ച് മാറ്റിയെഴുതാം. അങ്ങനെ ഏകരൂപത്തിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കാം...” തീര്‍ച്ചയായും വിചാരധാരയിലെ ആഹ്വാനങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്രഭരണകൂടമുള്ളത്.

നാസിസത്തില്‍ നിന്നും ഫാസിസത്തില്‍ നിന്നും ചേരുവകളെടുത്ത് രൂപപ്പെടുത്തിയ ആർ എസ് എസ് എന്ന വർഗീയ പ്രത്യയശാസ്ത്ര പ്രസ്ഥാനം ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക മാത്രമല്ല, പൂര്‍ണമായ രീതിയില്‍ ഫാസിസ്റ്റ് നടപടികളിലേക്ക് പോവുകയാണ്. ഈ വര്‍ത്തമാനത്തില്‍ പ്രതിരോധത്തിന്റെ കൂറ്റന്‍ ദുര്‍ഗങ്ങള്‍ പടുത്തുയര്‍ത്തിയേ മതിയാവു.

04-Sep-2019

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More