ഐ വി ശശിക്ക് വിട

മലയാളസിനിമയെ പുത്തന്‍കാലത്തിനിണങ്ങുംവിധം കലാപരമായും സാങ്കേതികമായും നവീകരിച്ച ജനപ്രിയസംവിധായകന്‍ ഐ വി ശശി (69) വിടവാങ്ങി. ചെന്നൈ സാലിഗ്രാമത്തിലുള്ള വസതിയില്‍ ചൊവ്വാഴ്ച പകല്‍ 11ഓടെയാണ് അന്ത്യം. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യയും പ്രശസ്ത നടിയുമായ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. സംസ്കാരം ബുധനാഴ്ച വൈകിട്ട് ആറിന് വീട്ടിനടുത്തുള്ള സാലിഗ്രാം ശ്മശാനത്തില്‍ നടക്കും. 

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് സംവിധായകനെന്ന വിശേഷണത്തിന് ഉടമയായ ഐ വി ശശി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റമ്പതിലേറെ സിനിമയൊരുക്കി. എം ടി, പത്മരാജന്‍, ടി ദാമോദരന്‍ തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്ന് മലയാളസിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളൊരുക്കി. ജയന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയതിലും നിര്‍ണായക പങ്കുവഹിച്ചു. നിരവധി ദേശീയ-സംസ്ഥാന അംഗീകാരങ്ങള്‍ നേടിയ ഐ വി ശശിയെ 2015ല്‍ പരമോന്നത ചലച്ചിത്രപുരസ്കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി സംസ്ഥാനം ആദരിച്ചു. 

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഐവി ശശി- സീമ ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്, അനു ശശി, അനി ശശി. മരുമകന്‍: മിലന്‍ നായര്‍. സഹോദരങ്ങള്‍: സിപിഐ നേതാവ് ഐ വി ശശാങ്കന്‍, സതീഷ്ബാബു (സിനിമാ കലാസംവിധായകന്‍), ശൈലജ. കോഴിക്കോട് വെസ്റ്റ്ഹില്‍ ഇരുപ്പംവീട്ടില്‍ പരേതരായ ചന്തുവിന്റെയും കൌസല്യയുടെയും മകനായി 1948 മാര്‍ച്ച് 28നാണ് ജനനം. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് ചിത്രകലയില്‍ ഡിപ്ളോമ നേടി. 1968ല്‍ എ ബി രാജിന്റെ 'കളിയല്ല കല്യാണം' എന്ന സിനിമയില്‍ കലാസംവിധായകനായി. തുടര്‍ന്ന് സഹസംവിധായകനായി.

ഉത്സവമാണ് (1975)ആദ്യ ചിത്രം. സീമയെ നായികയാക്കിയ 'അവളുടെ രാവുകള്‍' മലയാള സിനിമാചരിത്രത്തിലെതന്നെ ഗംഭീരവിജയമായി. മകള്‍ അനു ശശിയെ നായികയാക്കി സിംഫണി എന്ന ചിത്രം ഒരുക്കി. വെള്ളത്തൂവല്‍ (2009) അവസാന ചിത്രം. 

 

ഐ വി ശശിക്ക് പ്രണാമം 

27-Oct-2017

ദൃശ്യപാഠം മുന്‍ലക്കങ്ങളില്‍

More