ഉണര്‍വ്വിന്റെ അന്വേഷണങ്ങളാവുക

''അമ്മേ... ഇച്ചീച്ചിയിലൂടെ വന്നത് കൊണ്ടാവുമോ, നമ്മളൊക്കെ ഇത്രയ്ക്ക് ഇച്ചീച്ചിയായി പോയത്?'' വീട്ടുമുറ്റത്തെ മണ്‍കൂനയില്‍ അമര്‍ന്നുപോയ വാക്കുകള്‍, ആ അമ്മയുടെ അടുത്തെത്തിയോ? അറിയില്ല. പക്ഷെ, ആ കവിത വായിച്ച സകല അമ്മമാരിലേക്കും അതെത്തി ചേർന്നു. ഒരമ്മയോടുള്ള ചോദ്യമാണ്. എന്താണാ മകള്‍ക്ക് മറുപടി കൊടുക്കേണ്ടത്? കവിത വായിച്ച 'അമ്മമാർക്ക് അറിയില്ലായിരുന്നു. അവർ വീട്ടില്‍ പോയി സ്വന്തം കുട്ടികളെ ഒന്നു കൂടി ചേര്‍ത്തുപിടിച്ചിട്ടുണ്ടാവാം. പിന്നെയുള്ള അനേകം രാവുകളില്‍ ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്നു, തൊട്ടടുത്തു തന്നെ ഇല്ലേയെന്ന് പല പ്രാവശ്യം പരതി നോക്കിയിട്ടുണ്ടാവാം. മാറികിടക്കുന്നവരെ ഒന്ന് പോയി നോക്കി ആശ്വസിച്ചിട്ടുണ്ടാവാം. അങ്ങനെ എന്റെ കുട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചിട്ടുണ്ടാവാം.

അന്നൊരു മാര്‍ച്ച് 31 ആയിരുന്നു. ക്ലോസിങ് ഡേയുടെ തിരക്കിനിടയില്‍ കിട്ടിയ ഇടവേളയില്‍ ഡിപ്പാര്‍ട്‌മെന്റിലെ കസേരയില്‍ അഭയം പ്രാപിച്ച നിമിഷം. ഒട്ടും പ്രതീക്ഷയില്ലാതെ വാട്‌സാപ് നോക്കി. കുറെ ദിവസങ്ങളായുള്ള മൗനം അന്നും തുടര്‍ന്നു. എന്നത്തേയും പോലെ മൗനച്ചരട് മുറിക്കാന്‍ തോന്നി. എന്തുണ്ട് എന്ന ചോദ്യത്തിന് മറുപടിയായി വന്നത് ഒരു കവിതയാണ്. അത് വായിക്കാന്‍ തുടങ്ങി. അവസാനത്തെ രണ്ട് വരികളില്‍ എത്തിയപ്പോഴേക്കും തലയിലേക്ക് രക്തം ഇരച്ചുകയറുന്നത് പോലെ. ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥ. ഇമ വെട്ടാനാവാതെ, ഒന്ന് നിറയാന്‍ പോലുമാവാതെ കണ്ണുകള്‍ ഭ്രാന്തുപിടിച്ച് ആ വരികളിലൂടെ പരക്കം പാഞ്ഞു.

''അമ്മേ... ഇച്ചീച്ചിയിലൂടെ വന്നത് കൊണ്ടാവുമോ, നമ്മളൊക്കെ ഇത്രയ്ക്ക് ഇച്ചീച്ചിയായി പോയത്?'' വീട്ടുമുറ്റത്തെ മണ്‍കൂനയില്‍ അമര്‍ന്നുപോയ വാക്കുകള്‍, ആ അമ്മയുടെ അടുത്തെത്തിയോ? അറിയില്ല. പക്ഷെ, ആ കവിത വായിച്ച സകല അമ്മമാരിലേക്കും അതെത്തി ചേർന്നു. ഒരമ്മയോടുള്ള ചോദ്യമാണ്. എന്താണാ മകള്‍ക്ക് മറുപടി കൊടുക്കേണ്ടത്? കവിത വായിച്ച 'അമ്മമാർക്ക് അറിയില്ലായിരുന്നു. അവർ വീട്ടില്‍ പോയി സ്വന്തം കുട്ടികളെ ഒന്നു കൂടി ചേര്‍ത്തുപിടിച്ചിട്ടുണ്ടാവാം. പിന്നെയുള്ള അനേകം രാവുകളില്‍ ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്നു, തൊട്ടടുത്തു തന്നെ ഇല്ലേയെന്ന് പല പ്രാവശ്യം പരതി നോക്കിയിട്ടുണ്ടാവാം. മാറികിടക്കുന്നവരെ ഒന്ന് പോയി നോക്കി ആശ്വസിച്ചിട്ടുണ്ടാവാം. അങ്ങനെ എന്റെ കുട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചിട്ടുണ്ടാവാം.

ധര്‍മരാജ് മടപ്പള്ളിയുടെ 'ഇച്ചീച്ചി ' എന്ന കവിത 2017ലാണ് എന്റെ ഫോണിലേക്കു വന്നത്, സ്വാസ്ഥ്യം കെടുത്തിയത്. എന്നെ പോലുള്ള പലരുടെയും. രണ്ടര വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു മാറ്റവുമില്ലാതെ വീണ്ടും കാറ്റത്ത് അയയിലിട്ട രണ്ട് കുഞ്ഞുടുപ്പുകള്‍ ഉറക്കം കെടുത്തുന്നു, ശ്വാസം മുട്ടിക്കുന്നു. എങ്ങോട്ട് തിരിയണമെന്നറിയാതെ ആരോട് ചോദിക്കണം എന്ത് ചോദിക്കണം എന്നറിയാതെ മനസ്സ് ഉഴറുന്നു. ഒന്നും ആരോടും പറയാന്‍ പറ്റാതെ നിസ്സഹായാവസ്ഥയില്‍ വീണ്ടും ആഴ്ന്ന് പോകുന്നു.

മാധവിക്കുട്ടിയുടെ ഒരു കവിതയുണ്ട് 'നാണി'. അതില്‍ ഒരു ചോദ്യചിഹ്നം പോലെ കുട്ടികളുടെ മുന്നില്‍ ഒരു കയര്‍ത്തുമ്പില്‍ ആടിക്കളിക്കുന്ന വേലക്കാരിയുടെ രൂപം വരച്ചു കാട്ടുന്നു. നാളുകള്‍ക്കു ശേഷം കുട്ടി ചോദിക്കുമ്പോള്‍ അമ്മമ്മയുടെ മറുചോദ്യമുണ്ട് ഏതു നാണി എന്ന് ! ആരാണ് നാണി? ആരാണ് ജിഷ? ആരാണ് സൂര്യനെല്ലി? ആരാണ് വിതുര? ഇനി കുറേക്കാലം കഴിയുമ്പോള്‍ ആരാണ് വാളയാര്‍? അങ്ങനെ ചോദ്യങ്ങള്‍ക്ക് മറുചോദ്യങ്ങള്‍ നിരവധി. അത് സൃഷ്ടിച്ചെടുക്കാന്‍ നാം ഭാഗഭാക്കായ ഈ സമൂഹത്തിനു യാതൊരു ഭാവഭേദവുമില്ലാതെ സാധിക്കും. 

മറവി അതൊരനുഗ്രഹമാണ്. പാഴ്ജന്മങ്ങളെയും പടുജന്മങ്ങളെയും ആസുരജന്മങ്ങളെയും നിര്‍മ്മിക്കുന്ന സമൂഹത്തിന് മറവി പടര്‍ത്താന്‍ എത്രയോ എളുപ്പമാണ്. ഒന്നോര്‍ത്താല്‍ വിചിത്രമാണ് സമൂഹത്തിന്റെ നടവഴികള്‍. ഒരു ലോജിക്കുമില്ലാത്ത ഈ പ്രയാണം. അതെങ്ങോട്ടാണ്? പരിഷ്‌കൃത സമൂഹം എന്നുദ്‌ഘോഷിക്കുമ്പോഴും പ്രാകൃത സമൂഹത്തിനുപോലും അനഭിമതമായ പ്രവൃത്തികളിലേക്ക് കൂപ്പ് കുത്തുകയാണ് എന്ന് തോന്നുന്നു. മനുഷ്യത്വം എന്ന പ്രാഥമിക വികാരത്തിന് സ്ഥാനമില്ലാത്ത ഒരു സാമൂഹിക വ്യവസ്ഥ പതുക്കെയെങ്കിലും ഇന്നിന്റെ ഭാഗമാവുകയാണോ? എത്രത്തോളം ചേര്‍ന്ന് പോവാനുള്ള സാഹചര്യങ്ങള്‍ ഒരു പുതിയ ലോകക്രമത്തിന്റെ ഭാഗമായി ഉണ്ടെങ്കിലും, വ്യത്യസ്തതയുടെ അലുക്കുകള്‍ തുന്നിച്ചേര്‍ത്ത ആവരണങ്ങള്‍ അണിഞ്ഞു സ്വകാര്യതയുടെ, സ്വാര്‍ത്ഥതയുടെ കലാകാലങ്ങളായുള്ള സ്വഭാവരീതിയുടെ മറവില്‍ ഒളിക്കാനുള്ള പ്രവണത മുന്നേ തുടങ്ങിയതാണ്. സ്വന്തമായ മാറിമറിയുന്ന സ്വേച്ഛാനുസാരിയായ അജണ്ടകള്‍ വെച്ച് പുലര്‍ത്തുന്ന ഒരു സാമൂഹ്യ വ്യവസ്ഥ ഉടലെടുത്തു കഴിഞ്ഞു ചുറ്റിനും ഒന്ന് കണ്ണോടിച്ചാല്‍, എന്തിന് അവനവനിലേക്ക് തന്നെ നോക്കിയാല്‍ കാണാം ഈ മനുഷ്യത്വരഹിതമായ പ്രകൃതം. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ, പുനര്‍വിചിന്തനങ്ങള്‍ ഇല്ലാതെ നടത്തുന്ന ഉപരിപ്ലവമായ പ്രകടനങ്ങള്‍. മുന്‍പ് ഇത് വ്യക്തികളില്‍ ഒതുങ്ങി നിന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു സമൂഹത്തിന്റെ പൊതു സ്വഭാവ വിശേഷമായി മാറിയത് പോലെയാണ്. വിഷയങ്ങള്‍ നിരവധിയാണ്. ഓരോ ദിവസവും വേറിട്ട കാഴ്ചകള്‍. ക്രൂരതയില്‍ മാത്രം സമാനതകളുള്ള, ഒരു കാലിഡോസ്‌കോപ്പില്‍ മങ്ങി മാറുന്ന നിറങ്ങളെ പോലെ കണ്മുന്നില്‍ എത്രയോ ദുരിതകാഴ്ചകള്‍. അവ ഒരേ സമയം ''ഞെട്ടിക്കുകയും''ദ്രുതഗതിയില്‍ മറവിയുടെ ഭാണ്ഡക്കെട്ടുകളിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നു.

'നാണി' രചിക്കപ്പെട്ട കാലഘട്ടത്തിലുള്ള സാമൂഹിക സാഹചര്യമല്ല ഇന്ന് കേരളത്തില്‍ എന്ന് ഊറ്റം കൊള്ളുമ്പോഴും രണ്ടായിരാമാണ്ടുകളിലെ കാഴ്ചകള്‍ നമ്മളെ ഒട്ടും ആശ്വസിപ്പിക്കുന്നില്ല. ഒരേ ജനിതക ഘടനയുള്ള സരൂപ ഇരട്ടകളെ പോലെ ഇവിടെ പിറവിയെടുക്കുന്ന സംഭവങ്ങള്‍ സമൂഹ മനസ്സാക്ഷിയെ എത്ര കണ്ടു വിറങ്ങലിപ്പിക്കുന്നു! കാണപ്പെടുന്നത് തൊട്ടു തെറിച്ചു ഉണ്ടായി വരുന്ന അഭിപ്രായപ്രകടനങ്ങളും വ്യക്ത്യധിഷ്ഠിത പ്രഖ്യാപനങ്ങളും. ഓരോ ദുരന്തവും ഓരോ ആഘോഷമായി മാറുന്ന അവസ്ഥ. വ്യക്തമായ ഇടപെടലുകള്‍ നടത്താന്‍ പ്രാപ്തിയുള്ള, ദുരന്തങ്ങള്‍ പടരുന്നത് തടയാന്‍ അനുയോജ്യമായ നടപടികള്‍ എടുക്കാന്‍ കെല്‍പ്പുള്ള ഒരു സാമൂഹ്യ ക്രമം ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു, ഓരോ വ്യക്തിയും അതിനായുള്ള കൂട്ടായ്മകള്‍ക്കായി യത്‌നിക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു, നിയമപാലകരെ അവരുടെ ജോലി എന്തെന്ന് ശക്തമായി ഓര്‍മപെടുത്തേണ്ടിയിരിക്കുന്നു. സെലക്ടഡ് അംനേഷ്യ ബാധിച്ചിരിക്കുന്ന വിഭാഗങ്ങളെ ഉണര്‍ത്തേണ്ടിയിരിക്കുന്നു. ഇതിനെല്ലാം ഉള്ള പരിശ്രമം ഓരോ വ്യക്തിയും നടത്തണം. കാലം ആവശ്യപ്പെടുന്നത് ഉണര്‍വിന്റെ അന്വേഷണങ്ങളാണ്. പ്രിവിലേജുകളുടെയും അവനവനിസത്തിന്റെയും ആലസ്യങ്ങളല്ല.

ഇല്ലാതാക്കിയ കുഞ്ഞുങ്ങള്‍ക്ക് ഒമ്പതും പതിനൊന്നുമാണ് പ്രായം... നാരങ്ങാമിട്ടായിയും കോലുമിട്ടായിയും കൗതുകം പടര്‍ത്തുന്ന കാലം. ശരീരത്തിന്റെ അനവധിയായ കൗതുകങ്ങള്‍ തിരനോട്ടം നടത്താന്‍ തുടങ്ങിയിട്ടില്ലാത്ത കാലം. ആ പ്രായത്തിലാണ് കുഞ്ഞുമക്കള്‍ 'ആത്മഹത്യ' ചെയ്തിരിക്കുന്നത്. അതിനും മുന്‍പ് എത്രയോ ഹത്യകള്‍ക്ക് ആ ശരീരങ്ങള്‍ വിധേയമായിട്ടുണ്ടാവും. ആലോചിക്കാന്‍ വയ്യ. നമ്മുടെ കുട്ടികള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കാം. സംഭവിക്കില്ലല്ലോ എന്ന് ഉറച്ചു വിശ്വസിക്കാം. നമ്മള്‍ അങ്ങനെ അല്ലേ അവരെ വളര്‍ത്തുന്നത്!! കണ്‍വെട്ടത്ത് നിന്നും മാറ്റാറില്ലല്ലോ. മാറിയാല്‍ നമ്മള്‍ ആധിപ്പെടും. അവര്‍ക്കു പാറിപ്പറക്കാനുള്ള ചിറകുകള്‍ ഉണ്ടെന്നു പോലും തത്കാലം വിസ്മരിക്കാം. എന്നിട്ട് മധ്യ വര്‍ഗസംസ്‌കാരത്തിന്റെ സുഖസുഷുപ്തിയില്‍ ആണ്ടു കിടക്കാം.