ബ്ലൂ വെയിലിനുമപ്പുറം

സമൂഹത്തിൽ പുതുതായി വന്ന ഒരു വിപത്തിനെ കുറിച്ച്, മറ്റാരെങ്കിലും പറഞ്ഞോ മാധ്യമങ്ങളിലൂടെയോ, തെറ്റായ ഏതെങ്കിലും സ്രോതസ്സിലൂടെയോ കുട്ടി അറിയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് മാതാപിതാക്കൾ വഴി അറിയുന്നതാണ്. അവരുടെ കുട്ടിത്തത്തെയും നിഷ്കളങ്കതയെയും മുതലെടുക്കുന്ന പുതിയ ഗെയിം, അല്ലെങ്കിൽ ഒരു ഗ്രൂപ്പ്  ഉണ്ടെന്നു നമ്മൾ അറിഞ്ഞാൽ അത് ആദ്യം കുട്ടികളെ അറിയിക്കുകയും അതിലേക്ക് ചെന്നു വീഴാതെയിരിക്കാനുള്ള മുൻകരുതലുകൾ പറഞ്ഞു കൊടുക്കുകയും ചെയ്യാം. അങ്ങനെ ചെയ്താൽ  അവരിൽ അതെന്ത് എന്നറിയാനുള്ള ജിജ്ഞാസ കൂടില്ല. കൂട്ടുകാർ വഴിയോ സോഷ്യൽ മീഡിയ വഴിയോ മറ്റോ ഇതിനെപറ്റി പിന്നീട് കേൾക്കുന്ന കുട്ടി 'ഇതെന്റെ അമ്മ നേരത്തെ പറഞ്ഞു തന്ന കാര്യമാണല്ലോ, കുഴപ്പം പിടിച്ച ഒന്നാണല്ലോ' എന്നു ചിന്തിക്കാൻ ഇതുപകരിക്കും.
ബ്ലൂ വെയിൽ ഗെയിമിനെപറ്റി ഇതിനു മുൻപ് പലപ്പോഴും വായിച്ചിരുന്നു. അപ്പോഴൊന്നും ഒന്നും എഴുതാൻ തോന്നിയില്ല.കാരണം ഇതൊരു മീഡിയ ഹൈപ്പ് ആണെന്നാണ് തോന്നിയത്. അതുപോലെ, ഇതിനെ പറ്റി എഴുതുന്നത് കൗമാരക്കാരിൽ ഇതെന്താണെന്നറിയാനുള്ള ജിജ്ഞാസ ജനിപ്പിച്ചേക്കാം എന്നും തോന്നി. പക്ഷെ, ഇന്നിപ്പോൾ ഒരമ്മ പറയുന്നത് കേൾക്കുമ്പോൾ പേടിയും വിഷമവും അനുഭവപ്പെടുന്നു. ഗെയിമിന്റെ വിശദാംശങ്ങളെക്കാൾ ഈ അമ്മയുടെ ചില വാക്കുകൾ ആണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. "ഈ പ്രായത്തിൽ ഉള്ള ഒരു കുട്ടിക്ക് എന്തു സംഭവിച്ചാലും ആദ്യം കേൾക്കുന്നത് " 'അമ്മ വളർത്തി നശിപ്പിച്ചു, അവനെ തടയാൻ, നിയന്ത്രിക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല"...ഇങ്ങനെ പലതും ആണ്. ചില കാര്യങ്ങൾ പറയട്ടെ..
 
പതിനാറു വയസുള്ള ഒരു ആണ്കുട്ടിയോടൊ പെണ്കുട്ടിയോടോ റൂം അടച്ചിടരുതെന്നോ, മൊബൈൽ ഉപയോഗിക്കരുതെന്നോ പറയാൻ കഴിയില്ല . അവർ വിപ്ലവകാരികളും നിഷേധികളും ആകുന്ന ഒരു പ്രായമാണിത്.. അമിത നിയന്ത്രണം എന്നവർക്ക് തോന്നിയാൽ അവർ കൂടുതൽ വഷളാകാനും സാധ്യതയുണ്ട്.  
 
അവരെ പ്രകോപ്പിപ്പിക്കാതെ, അവരുടെ സ്വാതന്ത്ര്യങ്ങളെ ബഹുമാനിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് വേണ്ടത്‌. മൊബൈൽ ഫോൺ വാങ്ങി കൊടുക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ കർശനമായി പറയുക.
 
അതുപോലെ തന്നെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഗാഡ്ജറ്റുകൾ കാണിക്കാതെയും, ചുറ്റും നടക്കുന്ന വാർത്തകൾ അറിയിക്കാതെയും, വയലന്‍സ്ഉള്ള സിനിമ കാണിക്കാതെയും കുട്ടികളെ വളർത്തുക സാധ്യമല്ല. പക്ഷെ അവയിലെ നന്മയും തിന്മയും കൃത്യ സമയത്തു ചൂണ്ടി കാണിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ ആകുന്നത്.
 
1.സമൂഹത്തിൽ പുതുതായി വന്ന ഒരു വിപത്തിനെ കുറിച്ച്, മറ്റാരെങ്കിലും പറഞ്ഞോ മാധ്യമങ്ങളിലൂടെയോ, തെറ്റായ ഏതെങ്കിലും സ്രോതസ്സിലൂടെയോ കുട്ടി അറിയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് മാതാപിതാക്കൾ വഴി അറിയുന്നതാണ്. അവരുടെ കുട്ടിത്തത്തെയും നിഷ്കളങ്കതയെയും മുതലെടുക്കുന്ന പുതിയ ഗെയിം, അല്ലെങ്കിൽ ഒരു ഗ്രൂപ്പ്  ഉണ്ടെന്നു നമ്മൾ അറിഞ്ഞാൽ അത് ആദ്യം കുട്ടികളെ അറിയിക്കുകയും അതിലേക്ക് ചെന്നു വീഴാതെയിരിക്കാനുള്ള മുൻകരുതലുകൾ പറഞ്ഞു കൊടുക്കുകയും ചെയ്യാം. അങ്ങനെ ചെയ്താൽ  അവരിൽ അതെന്ത് എന്നറിയാനുള്ള ജിജ്ഞാസ കൂടില്ല. കൂട്ടുകാർ വഴിയോ സോഷ്യൽ മീഡിയ വഴിയോ മറ്റോ ഇതിനെപറ്റി പിന്നീട് കേൾക്കുന്ന കുട്ടി 'ഇതെന്റെ അമ്മ നേരത്തെ പറഞ്ഞു തന്ന കാര്യമാണല്ലോ, കുഴപ്പം പിടിച്ച ഒന്നാണല്ലോ' എന്നു ചിന്തിക്കാൻ ഇതുപകരിക്കും.
 
2. അർധരാത്രിയ്ക്ക് ശേഷം കുട്ടികൾ മയക്കത്തിന്റെയും ഉണർവിന്റയും ഇടയിൽ ഉള്ള ഒരു നൂല്പാലത്തിലായിരിക്കുന്ന സമയത്താണ് ഗെയിം അഡ്മിനിസ്ട്രേറ്റർ കുട്ടികളുമായി ചാറ്റ് ചെയ്യുന്നതും അവർക്ക് ടാസ്‌ക്കുകളും ചലഞ്ചുകളും കൊടുക്കുന്നതും.  ഈ സമയത്ത് അവരുടെ ചെയ്തികളെയും ചിന്തകളെയും സ്വാധീനിക്കാൻ എളുപ്പമാണ്. ഈ സമയത്തു കൃത്യമായ ഉറക്കം അവർക്ക് ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുക മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
 
ഇതിനായി ചില ചെറിയ നിയന്ത്രണങ്ങൾ അയക്കാവുന്നതാണ്:
 
a) രാത്രി 10 മണിക്ക് അമ്മയെ മൊബൈൽ ഏല്പിച്ചിട്ട് കിടക്കുക. ഒരു കാരണവശാലും മൊബൈൽ ഫോൺ ലോക്ക് ചെയ്യാൻ പാടില്ല. അങ്ങനെ കണ്ടാൽ പിന്നീട് ഫോൺ തരില്ല എന്നും പറയാം.
 
b)ഇങ്ങനെയുള്ള പല ഗെയിമുകളും കുട്ടികളെ കുടുക്കുന്നത്  ഭീഷണിയിലൂടെയാണ്. ഹാക്ക് ചെയ്യപ്പെടുന്ന അവരുടെ സ്വകാര്യതകൾ പരസ്യമാക്കും എന്ന ഭീഷണി അവരെ തകർക്കുന്നു. രാത്രി കുട്ടിയുമായി ചാറ്റ് ചെയ്യുന്ന ഗെയിം അഡ്മിൻ കുട്ടിയുടെ സ്വകാര്യതാത്പര്യങ്ങളും അവൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും ചോദിച്ചു മനസിലാക്കിയേക്കാം. ഉദാഹരണത്തിന് കുട്ടി അവന്റെ ചില ലൈംഗിക താൽപര്യങ്ങളെ പറ്റി അയാളോട് സംസാരിച്ചിരിക്കാം. അവൻ കണ്ട പോൺ സൈറ്റുകൾ ഹാക്ക് ചെയ്തു അഡ്മിൻ മനസിലാക്കിയിട്ടുണ്ടാകാം. അതു വച്ചാകും അവർ കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. കുട്ടിയുടെ ഈ പ്രായത്തിൽ അവനു തോന്നാവുന്ന പല വികാരങ്ങളും അവന്റെ പ്രായത്തിന്റെയും അതിലുണ്ടാകുന്ന ഹോർമോണ് മാറ്റങ്ങളുടെയും പ്രതിഫലനമാണെന്നും, അവ നിയന്ത്രിക്കേണ്ടത് എങ്ങനെയെന്നും വളർച്ചയുടെ ഓരോ പടിയിലും അവനു മനസിലാക്കി കൊടുക്കുക. ഇനി ഒരു കൈപ്പിഴവ് പറ്റിയാൽ മറ്റാരിലും ഉപരി അത് സഹിക്കാനും പൊറുക്കാനും തയ്യാറാവുന്ന മാതാപിതാക്കൾ കൂടെ ഉണ്ട് എപ്പോഴും  എന്ന ധൈര്യവും ഉറപ്പും അവനിൽ വളർത്തിയെടുക്കുക. ഭീഷണികൾക്ക് വഴങ്ങാതെ തെറ്റുകൾ തുറന്നു പറഞ്ഞാൽ സഹായിക്കാൻ അമ്മയുണ്ടാകും എന്ന ഒറ്റ വാചകം മതി ആത്മാവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കാൻ.
 
c)ഫോൺ പരിശോധിച്ചത് കൊണ്ടുമാത്രം ഇങ്ങനെയുള്ള ഗെയിമുകൾ കണ്ടെത്താൻ ആവണമെന്നില്ല. ഇവയൊക്കെ പലപ്പോളും ലിങ്കുകൾ ആയാണ് പ്രചരിക്കുന്നത്. ലിങ്കിൽ പോയി കളിക്കുകയാണ് ചെയ്യുന്നത്. അതു കൊണ്ട് തന്നെ ഇവ കണ്ടു പിടിക്കുക എളുപ്പമല്ല.വീട്ടിൽ എല്ലാവർക്കും കാണും വിധം സ്ഥാപിച്ചിരിക്കുന്ന ഡെസ്ക്ടോപ്പ് കംപ്യൂട്ടറിൽ ഗെയിം കളിക്കുവാൻ പറയാം. മൊബൈൽ ഫോണിൽ ഗെയിമുകൾ ഡഡൌണ്‍ലോഡ് ചെയ്യുന്നത് ഫോൺ വാങ്ങി കൊടുക്കുമ്പോൾ വിലക്കാവുന്നതാണ്.
 
3.മുതിർന്ന കുട്ടികളോട് മുറി അടച്ചിടേണ്ട എന്നു പറയാൻ കഴിയില്ല. അവരുടെ മുറിയുടെ  കതകിൽ ഘടിപ്പിക്കുന്ന ലോക്ക് "knob Lock " (അകത്തു knob പ്രസ് ചെയ്തു അടയ്ക്കുന്നവ) ആക്കാം. അകത്തേക്ക് വലിച്ചിടുന്ന കുറ്റിയുള്ള കതകുകൾ ഒഴിവാക്കുക.  പ്രസ് ചെയ്ത അകത്തു നിന്നടയ്ക്കുന്ന knob lock ഉള്ള കതകുകൾ നമുക്ക് താക്കോൽ ഉപയോഗിച്ചു പുറത്ത് നിന്നു തുറക്കാൻ കഴിയും. അവരുടെ സ്വകാര്യതയെ മാനിക്കുകയും, അതേ സമയം അതു നമ്മുടെ നിയന്ത്രണത്തിൽ ആണ് എന്നവരെ ബോധിപ്പിക്കുകയും ചെയ്യുന്നത് ഉത്തമം.
 
4. കുട്ടിക്കാലം മുതലേ ഒരു ടൈം ടേബിൾ നിർബന്ധമാക്കുക. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നീ ഇത്ര നേരം കളിയ്ക്കണം, ഇത്ര മണിക്ക് കിടക്കണം എന്നു പറഞ്ഞാൽ കൗമാരക്കാർ അനുസരിക്കണമെന്നില്ല. ഫോണും മറ്റുള്ള ഗാഡ്ജെറ്റുകളും ഉപയോഗിക്കുന്നതിനു ചെറിയ പ്രായം മുതൽ സമയനിയന്ത്രണം വയ്ക്കാം.
 
5. ഒരു ദിവസം ഒരു മണിക്കൂർ നേരം വീട്ടിൽ ഉള്ള എല്ലാവരുമായി സംസാരിക്കാൻ കുട്ടിയെ പരിശീലിപ്പിക്കാം. കുടുംബ പ്രാർത്ഥനകൾ പോലെ പണ്ടുണ്ടായിരുന്ന പല സമ്പ്രദായങ്ങളും ഇന്നു നിലച്ചിരിക്കുന്നു. പരസ്പ്പരം കാണാതെ, രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്ന മക്കളും മാതാപിതാക്കളുമാണ് ഇന്ന്‌ പല കുടുംബങ്ങളുടെയും ശാപം.
 
6. അസ്വാഭാവികമായി എന്തെങ്കിലും പെരുമാറ്റം കണ്ടാൽ രാത്രിയും പകലും കുട്ടിയുടെ മേൽ കണ്ണു വെയ്ക്കുക. ആത്മഹത്യയെ പറ്റി സംസാരിക്കുന്ന കുട്ടി അതു  ഏതു നിമിഷവും ചെയ്തേക്കാം എന്ന ചിന്ത ഉണ്ടാവണം അമ്മമാർക്ക്.
 
7.  മക്കളുടെ അടുത്ത കൂട്ടുകാരിൽ നമുക്ക് ഏറ്റവും വിശ്വാസമുള്ളവരോട് കുട്ടിയുടെ  ചെയ്തികൾ നമ്മെ അറിയിക്കാൻ പറയുന്നതിൽ ഒരു തെറ്റും വിചാരിക്കേണ്ടതില്ല. പിടി തരാത്ത കൗമാരാമനസ്സിനെ അറിയാൻ അവരുടെ  കൂട്ടുകാരാണ് ഏറ്റവും നല്ല വഴി എന്നു മനസിലാക്കുക. മക്കളുടെ കൂട്ടുകാരുമായി നല്ല ബന്ധം പുലർത്തുക.
 
8.ഇനി നമ്മുടെ നിയന്ത്രങ്ങളെയെല്ലാം കാറ്റിൽ പറത്തി, നിയമത്തിനെതിരായി അവനവനും സമൂഹത്തിനും ഹാനികരമായ ഏതെങ്കിലും പ്രവർത്തനങ്ങളിൽ അവർ  പെട്ടുപോയി എന്നു നിങ്ങൾക്ക് ബോധ്യം വന്നാൽ, നിങ്ങളുടെ ഉപദേശം വകവെയ്ക്കാതെ അവർ അതിൽ ഉറച്ചു നിന്നാൽ,  ദയവായി സോഷ്യൽ സർവീസ് സംഘടനകളുടെയോ പോലീസിന്റെയോ സഹായം തേടുക. ദുരഭിമാനം മൂലം തെറ്റുകൾ മറച്ചുപിടിക്കുന്നത് നിങ്ങളുടെ കുഞ്ഞുങ്ങൾക്കും വളർന്നു വളർന്നു വരുന്ന ഓരോ കുഞ്ഞുമക്കൾക്കും  ഒരുപോലെ ദോഷമാണ് എന്ന വലിയ സത്യം മനസിലാക്കി പ്രവർത്തിക്കുക.
 
ബ്ലൂ വെയിൽ എന്ന ഗെയിം നിരോധിച്ചെങ്കിലും ഇനിയും ഇതുപോലെയുള്ള പലതും എത്തിയേക്കാം നമ്മുടെ കുരുന്നുകളിലേക്ക്. ചില്ലറ പൊടിക്കൈകളും സ്നേഹവും കൊണ്ടു മാത്രമേ ഇവരെ കൈയ്യിലെടുക്കാൻ ആകൂ എന്നു അമ്മമാർ  മനസ്സിലാക്കട്ടെ!!!