Skip to main content
വാർത്തകൾ

മണ്ഡല പുനർനിർണയ ബില്ലിനെതിരെ ഇന്ത്യാ സഖ്യം; വനിതാ സംവരണ ഭേദഗതിയും എതിർക്കും

india alliance

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെ സംയുക്തമായി എതിർക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. പ്രതിപക്ഷ പാർട്ടികളുടെ പാർലമെന്ററി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബി.ജെ.പി–ആർ.എസ്.എസ് സഖ്യം രാജ്യത്ത് ദീർഘകാലം അധികാരത്തിൽ തുടരാനും ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താനുമുള്ള നീക്കമാണ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി.

ബിൽ നിയമമായാൽ ജനാധിപത്യത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ ലോക്‌സഭാ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 400ലധികം സീറ്റുകൾ നേടുകയെന്ന ലക്ഷ്യം മുന്നോട്ടുവെച്ചിരുന്നു. ഇപ്പോൾ 800ലധികം സീറ്റുകളെന്ന ലക്ഷ്യത്തിലൂടെ അധികാരം ദീർഘകാലം നിലനിർത്താനും ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. ബിൽ അധികാരം സ്ഥിരപ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തെ ഇല്ലാതാക്കി ബി.ജെ.പിക്കും ആർ.എസ്.എസിനും അനന്തമായി ഭരണം തുടരാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും ഖാർഗെ ആരോപിച്ചു. ഇതിലൂടെ മനുസ്മൃതി നടപ്പാക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ബിൽ പാസാക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ കൂട്ടായ നീക്കത്തിലൂടെ അത് പരാജയപ്പെടുത്താനായെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

ബില്ലിന് പിന്നിൽ അടുത്ത 30 മുതൽ 40 വർഷം വരെ അധികാരത്തിൽ തുടരാനുള്ള ബി.ജെ.പിയുടെ പദ്ധതിയാണെന്ന് സ്വതന്ത്ര എം.പി കപിൽ സിബലും ആരോപിച്ചു. സ്ത്രീ സംവരണത്തെ പ്രതിപക്ഷം എതിർക്കുന്നില്ലെന്നും നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകൾക്കുള്ളിൽ തന്നെ അത് നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ സംവരണമല്ല, മണ്ഡല പുനർനിർണയമാണ് സർക്കാരിന്റെ യഥാർഥ ലക്ഷ്യമെന്നും സിബൽ പറഞ്ഞു.

മണ്ഡല പുനർനിർണയ സമിതിയിലേക്ക് നിയമിക്കപ്പെടുന്നവരും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നിയമിച്ച അതേ രീതിയിൽ തെരഞ്ഞെടുക്കപ്പെടുമെന്നാണ് ആശങ്കയെന്നും സിബൽ പറഞ്ഞു. ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ അതിർത്തികൾ ഭരണകക്ഷിക്ക് അനുകൂലമായ രീതിയിൽ നിശ്ചയിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഖാർഗെ, കപിൽ സിബൽ എന്നിവർക്കു പുറമെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാൽ, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, സി.പി.ഐ നേതാവ് പി. സന്തോഷ് കുമാർ, ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, ആർ.ജെ.ഡി നേതാവ് അഭയ് കുമാർ സിംഗ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.