എസ്ഐആർ പട്ടികയിൽ നിന്ന് പുറത്തായവരുടെ രേഖകൾ ശേഖരിച്ച് പശ്ചിമ ബംഗാൾ പൊലീസ്; നിയമസാധുത ചോദ്യം ചെയ്ത് സിപിഐഎം
കൊൽക്കത്ത: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ (എസ്ഐആർ) നടപടിക്കിടെ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവരിൽ നിന്ന് രേഖകൾ ശേഖരിച്ച് പശ്ചിമ ബംഗാൾ പൊലീസ്. പൊലീസ് നടപടിയുടെ നിയമസാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വ്യാഴാഴ്ചയാണ് പൊലീസും സിവിൽ വോളന്റിയർമാരും വീടുകൾ കയറിയും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചും രേഖകൾ ശേഖരിക്കാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
മുർഷിദാബാദ്, ജൽപായ്ഗുരി, ഉത്തർ ദിനാജ്പൂർ, പൂർബ ബർധമാൻ, ഹൗറ, പൂർബ മേദിനിപൂർ തുടങ്ങിയ ജില്ലകളിൽ ചൊവ്വാഴ്ച മുതൽ നടപടികൾ ആരംഭിച്ചതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് വീടുകളിലെത്തുന്നതെന്നാണ് റിപ്പോർട്ട്.
സിപിഐഎം പശ്ചിമ ബംഗാൾ ഘടകം പുറത്തുവിട്ട വീഡിയോയിൽ, ചണ്ഡിതല പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ വോട്ടർമാരുടെ രേഖകൾ പരിശോധിക്കാൻ എത്തിയപ്പോൾ പ്രാദേശിക പാർട്ടി പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിക്കുന്നതായി കാണാം. ചണ്ഡിതല ഒന്നാം ബ്ലോക്കിലെ ഭഗവതിപൂർ പ്രദേശത്തുള്ള സിംജോർ ഗ്രാമത്തിലായിരുന്നു സംഭവം.
വോട്ടർമാരുടെ പേര്, വിലാസം, നിയമസഭാ മണ്ഡലം, വോട്ടർ ഐഡി നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഫോമുകളുമായാണ് പൊലീസ് എത്തിയത്. ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ, 2002-ലെ വോട്ടർപട്ടികയിൽ മാതാപിതാക്കളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന വിവരങ്ങൾ എന്നിവയും ഫോമിൽ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ജനന സർട്ടിഫിക്കറ്റുകളും ഭൂമിയുടെ രേഖകളും മാതാപിതാക്കളുടെ പേരുകൾ സംബന്ധിച്ച വിവരങ്ങളും ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടതായി പ്രദേശവാസികളും പറഞ്ഞു.
പൊലീസ് നടപടിക്കെതിരെ സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം രംഗത്തെത്തി. വോട്ടർമാരുടെ വീടുകളിലെത്തി രേഖകൾ ശേഖരിക്കാൻ പൊലീസിന് എന്ത് നിയമപരമായ അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും പൊലീസിന് അതിൽ അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേരുകൾ നീക്കം ചെയ്തതിനെതിരെ അപ്പീൽ നൽകിയവർ ആവശ്യമായ രേഖകൾ അപ്പീൽ ട്രൈബ്യൂണലുകളിൽ ഇതിനകം സമർപ്പിച്ചിട്ടുണ്ടെന്നും വീണ്ടും പൊലീസ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നും സലീം പറഞ്ഞു. പൊലീസ് നടപടിയിൽ വോട്ടർമാർ ഭയപ്പെടേണ്ടതില്ലെന്നും അസൽ രേഖകൾ കൈമാറരുതെന്നും അദ്ദേഹം നിർദേശിച്ചു. രേഖകൾ നൽകേണ്ട സാഹചര്യമുണ്ടായാൽ പകർപ്പുകൾ മാത്രം നൽകുകയും അവ സ്വീകരിച്ചതിന്റെ ഒപ്പിട്ട രസീത് വാങ്ങുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരമൊരു രേഖശേഖരണ നടപടിയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അറിവില്ലെന്ന് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ അരിന്ദം നിയോഗി പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഫോമുകൾ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കും വിവരമില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവി സിദ്ധിനാഥ് ഗുപ്ത പത്രത്തോട് പറഞ്ഞത്. സംഭവത്തിൽ വ്യക്തത തേടി കോൺഗ്രസ് നേതാവ് അശുതോഷ് ചാറ്റർജി പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്തയച്ചിട്ടുണ്ട്.
ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പശ്ചിമ ബംഗാളിൽ എസ്ഐആർ നടപടികൾ പൂർത്തിയാക്കിയത്. രാജ്യവ്യാപകമായി 2025 ജൂണിൽ ആരംഭിച്ച വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്കെതിരെ തുടക്കം മുതൽ വിമർശനങ്ങളുയർന്നിരുന്നു. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകാനും വോട്ടർപട്ടികയിലെ ഒഴിവാക്കലുകൾ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന ആശങ്കകളും ഉയർന്നിരുന്നു.
എസ്ഐആർ നടപടിയുടെ ഭാഗമായി പേരുകൾ നീക്കം ചെയ്യപ്പെട്ടവർ നൽകിയ 18.78 ലക്ഷത്തിലധികം അപ്പീലുകൾ സെപ്റ്റംബർ 28 വരെ പശ്ചിമ ബംഗാളിൽ തീർപ്പാകാതെ കിടന്നിരുന്നതായി സിവിക് റിസർച്ച് ഗ്രൂപ്പ് (സിആർജി) തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 19,15,941 അപേക്ഷകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുമായി ഇപിഐസി നമ്പറുകൾ ഒത്തുനോക്കി സ്ഥിരീകരിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ.
ഇതിൽ 37,272 അപേക്ഷകളിൽ മാത്രമാണ് തീരുമാനമെടുത്തത്. 30,828 അപ്പീലുകൾ അംഗീകരിച്ചപ്പോൾ 6,444 എണ്ണം തള്ളുകയായിരുന്നു. ആകെ അപേക്ഷകളിൽ 1.95 ശതമാനത്തിൽ മാത്രമാണ് തീരുമാനമുണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 23 ജില്ലകളിലെയും 294 നിയമസഭാ മണ്ഡലങ്ങളിലെയും വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പഠനം തയ്യാറാക്കിയത്.
എസ്ഐആറിന്റെ ഭാഗമായി പേരുകൾ നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ ആനുകൂല്യങ്ങളും അടിസ്ഥാന സേവനങ്ങളും നിഷേധിക്കപ്പെട്ട സംഭവങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. കൂച്ച് ബിഹാർ ജില്ലയിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതും വിവാദമായിരുന്നു. വോട്ടർപട്ടികയിൽ നിന്ന് പിതാവിന്റെ പേര് നീക്കം ചെയ്തതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നാണ് റിപ്പോർട്ട്.
എസ്ഐആറിന്റെ നിയമസാധുത സുപ്രീംകോടതി മേയിൽ അംഗീകരിച്ചിരുന്നെങ്കിലും ഒരാളുടെ പൗരത്വം നിർണയിക്കാനുള്ള അധികാരം ഈ നടപടിയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരെ ചൂണ്ടിക്കാട്ടി ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ റേഷൻ കാർഡ് ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിച്ചതായും പാസ്പോർട്ട് പുതുക്കുന്നതിന് തടസ്സങ്ങൾ നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ആരോപിച്ചും ഒക്ടോബർ രണ്ട് മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. എസ്ഐആർ നടപടിയുടെ സുതാര്യതയും വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിന്റെ നടപടിക്രമങ്ങളും സംബന്ധിച്ച ആശങ്കകളാണ് പ്രതിഷേധങ്ങളിൽ പ്രധാനമായും ഉയരുന്നത്.