Skip to main content
വാർത്തകൾ

പരസ്യ പോരിന് താൽക്കാലിക വിരാമം; സതീശനെതിരെ പോരാട്ടം ഔദ്യോഗിക വേദികളിലേക്ക് മാറ്റി കെ.സി പക്ഷം

kc

യുഡിഎഫ് മന്ത്രിസഭാ യോഗത്തിലുണ്ടായ തർക്കം കോൺഗ്രസിനുള്ളിലെ അധികാര പോരിന് പുതിയ മാനം നൽകിയതോടെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കാൻ കോൺഗ്രസിൽ തീരുമാനം. മന്ത്രിസഭാ യോഗത്തിലെ ഭിന്നതയുമായി ബന്ധപ്പെട്ട് പരസ്യമായോ പരോക്ഷമായോ പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്നാണ് കെ.സി പക്ഷത്തിന്റെ നിലപാട്. എന്നാൽ, ഈ താൽക്കാലിക വെടിനിർത്തൽ മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങളോടുള്ള എതിർപ്പ് അവസാനിപ്പിക്കുന്നതല്ലെന്നാണ് പുറത്തുവരുന്ന സൂചന.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതി അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കെ.സി പക്ഷം. മന്ത്രിസഭയ്ക്കുള്ളിലും മുന്നണിക്കുള്ളിലും കൂടിയാലോചനകൾക്ക് അർഹമായ പ്രാധാന്യം നൽകണമെന്നാണ് ഇവരുടെ ആവശ്യം. മുഖ്യമന്ത്രിയുടെ തീരുമാനങ്ങളോട് വിയോജിപ്പുള്ള വിഷയങ്ങളിൽ ഇനി വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും പക്ഷം തീരുമാനിച്ചിട്ടുണ്ട്.

പരസ്യപ്രതികരണങ്ങൾ ഒഴിവാക്കി പാർട്ടിയുടെ ഔദ്യോഗിക വേദികളിൽ സമ്മർദം ശക്തമാക്കാനാണ് നീക്കം. കെപിസിസി, യുഡിഎഫ് യോഗങ്ങളിൽ തങ്ങളുടെ എതിർപ്പുകൾ ശക്തമായി ഉന്നയിക്കും. ഇതിലൂടെ മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കങ്ങൾക്ക് രാഷ്ട്രീയപരമായ നിയന്ത്രണം കൊണ്ടുവരാനാണ് കെ.സി പക്ഷത്തിന്റെ ശ്രമം.

അതിനിടെ, കെ.സി പക്ഷത്തെ പ്രമുഖനായ മന്ത്രി എ.പി. അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിന് വി.ഡി. സതീശനും സംഘവും തടയിട്ടതും ഇരുവിഭാഗങ്ങൾക്കുമിടയിലെ അസ്വാരസ്യങ്ങൾക്ക് കാരണമായെന്നാണ് വിലയിരുത്തൽ. സംഘടനാ നേതൃത്വത്തിലേക്കുള്ള നിയമനങ്ങളിലും മന്ത്രിസഭാ തീരുമാനങ്ങളിലും തങ്ങളുടെ അഭിപ്രായം അവഗണിക്കപ്പെടുന്നുവെന്ന അതൃപ്തി കെ.സി പക്ഷത്തിനുണ്ട്.

മന്ത്രിസഭാ യോഗത്തിലെ തർക്കം പരസ്യമായതോടെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളും വീണ്ടും ചർച്ചയാകുകയാണ്. നിലവിൽ പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, പാർട്ടിയുടെയും മുന്നണിയുടെയും ഔദ്യോഗിക വേദികളിൽ ഭിന്നത കൂടുതൽ ശക്തമാകാനുള്ള സാധ്യത നിലനിൽക്കുന്നു. താൽക്കാലിക വെടിനിർത്തൽ കോൺഗ്രസിലെ ആഭ്യന്തര പോരിന് എത്രത്തോളം ശമനമുണ്ടാക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.