'ഓന്തിനെപ്പോലെ നിലപാട് മാറ്റുന്നു'; മദ്യനയത്തിൽ സർക്കാരിനെതിരെ എം.ബി. രാജേഷ്
അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും വ്യക്തമായ മദ്യനയം രൂപീകരിക്കാൻ കഴിയാത്ത സർക്കാർ കടുത്ത ആശയക്കുഴപ്പത്തിലാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ഓന്ത് നിറം മാറുന്നതുപോലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിലപാടുകൾ മാറ്റുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്തെ പുതിയ മദ്യനയവും ഡ്രൈ ഡേ ഒഴിവാക്കാനുള്ള നീക്കങ്ങളും സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈ ഡേ ഒഴിവാക്കണമെന്നും കോൺഫറൻസുകൾക്കും മറ്റ് പരിപാടികൾക്കുമുള്ള ഏകദിന മദ്യപെർമിറ്റിന്റെ 50,000 രൂപ ഫീസ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിയമസഭാ സബ്ജക്ട് കമ്മിറ്റിയിൽ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു രാജേഷ്.
ടൂറിസം മന്ത്രിയും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ടൂറിസം മേഖലയിലെ സംരംഭകർ ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ അതിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരികയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തവരാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ മദ്യമൊഴുക്കുകയാണെന്ന് വ്യാജപ്രചാരണം നടത്തിയ യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ്. 'നിലപാടുകളുടെ രാജകുമാരൻ' ഇപ്പോൾ 'അവസരവാദത്തിന്റെ ചക്രവർത്തി'യായി മാറിയെന്നും എം.ബി. രാജേഷ് പരിഹസിച്ചു.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസ് അനുവദിക്കില്ലെന്ന സർക്കാർ നിലപാട് നിലനിൽക്കെയാണ് എറണാകുളത്ത് അഞ്ച് ബാറുകൾക്ക് ലൈസൻസ് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെങ്കിലും നിയമവിരുദ്ധമെന്ന് മന്ത്രി തന്നെ സമ്മതിച്ച ലൈസൻസുകൾ ഇതുവരെ റദ്ദാക്കിയിട്ടില്ല. ലൈസൻസ് നൽകിയവർക്ക് അനുകൂലമായി ചട്ടഭേദഗതി ഉത്തരവിറക്കുന്നത് ബോധപൂർവം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആരെയാണ് ഭയന്നാണ് എക്സൈസ് മന്ത്രി ഈ ലൈസൻസുകൾ റദ്ദാക്കാത്തതെന്നും രാജേഷ് ചോദിച്ചു. നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട് പ്രതികൾ മദ്യപിച്ച ബാറുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കയ്യടി നേടുന്നതിനായി പ്രഖ്യാപനങ്ങൾ നടത്തുകയും പിന്നീട് അതിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നത് കാപട്യമാണെന്നും അദ്ദേഹം വിമർശിച്ചു.
ലഹരിവിരുദ്ധ പ്രവർത്തനമായ 'തൂഫാനി'ൽ എക്സൈസ് വകുപ്പിനെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണെന്നും മുൻ മന്ത്രി ആരോപിച്ചു. എൽ.ഡി.എഫ് ഭരണകാലത്ത് പൊലീസും എക്സൈസും ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.