Skip to main content
വാർത്തകൾ

'ഞങ്ങളെ ആക്രമിച്ചതിനെപ്പോലും സംശയത്തിന്റെ നിഴലിലാക്കി'; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ

p jayarajan

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ പ്രമുഖ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. കേസിനാസ്പദമായ സംഭവത്തിൽ താനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ടിട്ടും ചില മാധ്യമങ്ങൾ വാർത്ത നൽകിയത് 'ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം' എന്ന രീതിയിലാണെന്ന് ജയരാജൻ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

മുസ്‌ലിം ലീഗ് അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ തങ്ങളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചത് പൊലീസാണെന്നും ജയരാജൻ പറഞ്ഞു. തങ്ങൾക്ക് പരിക്കേറ്റെന്ന കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കേസിൽ വിധി വന്നതോടെ തങ്ങൾ ആക്രമിക്കപ്പെട്ട സംഭവത്തെപ്പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ള മാധ്യമപ്രവർത്തനമാണ് ചിലർ നടത്തുന്നതെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമസമീപനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ ജഡ്ജി കമാൽ പാഷയുടെ പരാമർശങ്ങളെയും ജയരാജൻ വിമർശിച്ചു. മാധ്യമങ്ങളുടെ ഇത്തരം പ്രചാരണങ്ങളിൽ സ്വാധീനപ്പെട്ട് നിയമവിധേയമായി പ്രവർത്തിക്കുന്ന സി.പി.ഐ.എമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ 'സ്വയം പ്രഖ്യാപിത നാടുവാഴി'യായി ചിത്രീകരിക്കുന്നത് മാർക്സിസ്റ്റ് വിരുദ്ധ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. കമാൽ പാഷയെ പിടികൂടിയിരിക്കുന്ന മാർക്സിസ്റ്റ് വിരുദ്ധജ്വരത്തിന് ചികിത്സ ആവശ്യമാണെന്നും പരിഹസിച്ചു.

കേസിൽ തങ്ങളെയാണ് അക്രമികളായി ചിത്രീകരിക്കേണ്ടതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തത് മുസ്‌ലിം ലീഗാണെന്നും ജയരാജൻ ആരോപിച്ചു. കോടതിയിൽ കള്ളമൊഴി നൽകാൻ നിരവധി സാക്ഷികളെ തയ്യാറാക്കി നിർത്തിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ഇവരിൽ ചിലർ കോടതിയിൽ അസത്യം പറയാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് പ്രവർത്തകരായ ചില സാക്ഷികൾ പോലും വ്യാജമൊഴി നൽകാൻ തയ്യാറാകാതിരുന്നത് അവരുടെ മനസാക്ഷിയും വിശ്വാസവും കാരണമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. സത്യത്തിലും നീതിയിലും വിശ്വസിക്കുന്നവർക്ക് മനസാക്ഷിക്കെതിരായി കള്ളസാക്ഷി പറയാനാകില്ലെന്നും പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പരാജയപ്പെട്ടത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ കുടുക്കുന്നതിനായി കള്ളസാക്ഷികളെ സൃഷ്ടിക്കുന്ന പ്രവണതയെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു.