ബിജെപിക്ക് വീണ്ടും തിരിച്ചടി; പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും പാർട്ടി വിട്ടു, കോൺഗ്രസിലേക്ക് മടക്കം
ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. രണ്ട് വർഷം മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ അത്ലറ്റും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപിയിൽ നിന്ന് രാജിവെച്ചു. രാജിക്കത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി കൈമാറി. ബിജെപിയിൽ ചേർന്നതിന് പിന്നാലെ പാർട്ടിയിൽ പ്രതീക്ഷിച്ച പരിഗണനയും നേതൃത്വത്തിന്റെ വാഗ്ദാനങ്ങളും ലഭിച്ചില്ലെന്ന അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
കോൺഗ്രസിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ സജീവമാക്കിയ പത്മിനി, കെപിസിസി നേതൃത്വവുമായി ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്. വരുന്ന ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തുമെന്നും അവർ വ്യക്തമാക്കി. കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ.
ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം എടുത്തുചാട്ടമായിപ്പോയെന്ന് പത്മിനി നേരത്തെ തുറന്നുപറഞ്ഞിരുന്നു. ബിജെപി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും പ്രതീക്ഷിച്ച രീതിയിലുള്ള പ്രവർത്തന സാഹചര്യമോ പരിഗണനയോ ലഭിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസിനെ തന്റെ വീടായി വിശേഷിപ്പിച്ച പത്മിനി, ആ വീട്ടിലേക്ക് മടങ്ങുകയാണെന്നും വ്യക്തമാക്കിയിരുന്നു.
നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലും പാർട്ടി വിട്ടതിനു പിന്നാലെയാണ് പത്മിനി തോമസിന്റെയും രാജി. ഇരുവരുടെയും നീക്കം കേരളത്തിലെ ബിജെപിക്ക് രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. കോൺഗ്രസിൽ നിന്ന് നേതാക്കളെ അടർത്തിയെടുത്ത് പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കിടെയാണ് പ്രമുഖരുടെ മടക്കമെന്നതും ശ്രദ്ധേയമാണ്.
പത്മിനി തോമസിന്റെ കോൺഗ്രസ് പുനഃപ്രവേശനത്തിന് ഔദ്യോഗിക നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. സണ്ണി ജോസഫുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരിക.