Skip to main content
വാർത്തകൾ

ടി.എൻ. പ്രതാപന് എഐസിസിയിൽ തിരിച്ചടി; സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി, കെ.സിയുടെ പകവീട്ടലെന്ന് അനുയായികൾ

tn prathapan

കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനെ എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ പ്രതാപനെ എഐസിസി അംഗമായി മാത്രം നിലനിർത്തി. പുതിയതായി പ്രഖ്യാപിച്ച 52 അംഗ സെക്രട്ടറിമാരുടെ പട്ടികയിൽ പ്രതാപനെ ഉൾപ്പെടുത്താത്തതോടെയാണ് സംഘടനാ തലത്തിൽ അദ്ദേഹത്തിന്റെ പദവി താഴ്ന്നത്. നടപടിക്കു പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലുണ്ടെന്നാണ് പ്രതാപനെ അനുകൂലിക്കുന്നവരുടെ ആരോപണം.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി ടി.എൻ. പ്രതാപൻ അടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് എഐസിസിയിലെ ഈ അപ്രതീക്ഷിത മാറ്റം. സതീശനുമായുള്ള പ്രതാപന്റെ രാഷ്ട്രീയ അടുപ്പം കെ.സി. വേണുഗോപാൽ വിഭാഗത്തിന് അതൃപ്തിയുണ്ടാക്കിയെന്നും അതിന്റെ പ്രതിഫലനമാണ് സ്ഥാനനഷ്ടമെന്നുമാണ് അനുയായികൾ ചൂണ്ടിക്കാട്ടുന്നത്. കെ.സി. വേണുഗോപാൽ പകവീട്ടിയതാണെന്ന ആരോപണവും ഇവർ ഉയർത്തുന്നുണ്ട്.

അടുത്തിടെ ടി.എൻ. പ്രതാപൻ രചിച്ച പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശനായിരുന്നു പ്രകാശനം ചെയ്തത്. ഇരുവരും തമ്മിലുള്ള അടുപ്പം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നതിനിടെയാണ് പ്രതാപനെ എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. പുസ്തകപ്രകാശനവും മുഖ്യമന്ത്രിയുമായുള്ള ബന്ധവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപടിക്ക് കാരണമായെന്ന തരത്തിലുള്ള വിലയിരുത്തലുകളും കോൺഗ്രസ് വൃത്തങ്ങളിൽ ഉയരുന്നുണ്ട്. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

പുതിയ 52 അംഗ എഐസിസി സെക്രട്ടറി പട്ടികയിൽ കേരളത്തിൽ നിന്ന് രണ്ടുപേർ മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള പ്രാതിനിധ്യത്തിലെ മാറ്റങ്ങളും സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും ഇതോടെ വീണ്ടും ചർച്ചയാകുകയാണ്.

ടി.എൻ. പ്രതാപന്റെ പദവി വെട്ടിക്കുറച്ചതോടെ കോൺഗ്രസിലെ അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള പോര് വീണ്ടും സജീവമാകുമെന്ന വിലയിരുത്തലുമുണ്ട്. സംഘടനാ പുനഃസംഘടനയുടെ ഭാഗമായുള്ള സാധാരണ മാറ്റമാണോ അതോ സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണോ നടപടിയെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.