Skip to main content
വാർത്തകൾ

ലീഡറുടെ മകളെന്ന പരിഗണന ഇനി വേണ്ട; പത്മജയ്ക്കെതിരെ കോൺഗ്രസിൽ വിമർശനം കടുക്കുന്നു

padmaja

ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാൻ നീക്കം നടത്തുന്ന പത്മജ വേണുഗോപാലിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാകുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ഫോണിൽ സംസാരിച്ച പത്മജ, കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തതിന് നന്ദി അറിയിച്ചിട്ടുണ്ട്. പാർട്ടിയിലേക്ക് മടങ്ങാനുള്ള താൽപര്യം വ്യക്തമാക്കുന്ന കത്ത് വൈകാതെ സണ്ണി ജോസഫിന് കൈമാറുമെന്നാണ് സൂചന. എന്നാൽ, പത്മജയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

കെ. കരുണാകരന്റെ മകളെന്ന പരിഗണനയിൽ പത്മജയുടെ തിരിച്ചുവരവിന് തടസ്സം നിൽക്കേണ്ടതില്ലെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുമ്പോഴും, മുൻപ് കെ. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നടത്തിയ പരാമർശങ്ങൾ തിരുത്തണമെന്ന ആവശ്യം ശക്തമാണ്. അതിനിടെ, പത്മജയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി. നൗഷാദ് അലി എംഎൽഎ രംഗത്തെത്തി. പത്മജയുടെ ബിജെപി രാജി കൂറുമാറ്റ രാഷ്ട്രീയത്തിന് തിരിച്ചടിയാണെന്നും ബിജെപിയുടെ ശക്തി കാറ്റൊഴിഞ്ഞ ബലൂൺ പോലെയായെന്നും അദ്ദേഹം പരിഹസിച്ചു.

എന്നാൽ, പത്മജയുടെ മടങ്ങിവരവിനെതിരെ രൂക്ഷവിമർശനവുമായി ജിന്റോ ജോൺ രംഗത്തെത്തിയത് കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ വ്യക്തമാക്കുന്നതായി. 'ഭാഗ്യാന്വേഷികളുടെ വഴിയമ്പലമല്ല കോൺഗ്രസ്' എന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നടിച്ചുള്ള പ്രതികരണം. കഠിനാധ്വാനം കൊണ്ടല്ല, ലീഡറുടെ മകൾ എന്ന പരിഗണന കൊണ്ടുമാത്രമാണ് പത്മജയ്ക്ക് പാർട്ടിയിൽ സ്ഥാനങ്ങൾ ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിനെ പരമാവധി ആക്ഷേപിച്ചാണ് പത്മജ പാർട്ടി വിട്ടുപോയതെന്ന് ചൂണ്ടിക്കാട്ടിയ ജിന്റോ ജോൺ, ഷാഫി പറമ്പിലിനെ വർഗീയവാദിയെന്ന് വിശേഷിപ്പിച്ച നിലപാടിൽ മാറ്റമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സൗന്ദര്യമുള്ള സ്ത്രീകൾക്ക് കോൺഗ്രസിൽ ജീവിച്ചുപോകാൻ ബുദ്ധിമുട്ടാണെന്ന സ്ത്രീവിരുദ്ധ പരാമർശത്തിൽ പാർട്ടിയിലെ വനിതാ പ്രവർത്തകരോട് മാപ്പുപറഞ്ഞ ശേഷമേ തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

സൗകര്യംപോലെ കയറിവരാനും ഇറങ്ങിപ്പോകാനുമുള്ള ഇടമല്ല കോൺഗ്രസെന്നും ജിന്റോ ജോൺ വിമർശിച്ചു. പത്മജ ഉപേക്ഷിച്ചുപോയ കൊടി ഇവിടെ അവശേഷിച്ചവർ ഉയർത്തിപ്പിടിച്ചതുകൊണ്ടാണ് ഇന്ന് വി.ഡി. സതീശൻ സർക്കാർ കേരളം ഭരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പത്മജയുടെ മടങ്ങിവരവിനെ ചൊല്ലി നേതാക്കൾക്കിടയിൽ തന്നെ വ്യത്യസ്ത നിലപാടുകൾ ഉയരുന്നത് കോൺഗ്രസിന് പുതിയ തലവേദനയാകുകയാണ്.