പാഠം ഒന്ന്, സരിത എസ് നായര്‍

മതഭ്രാന്തന്‍മാരും കുത്തക മുതലാളിമാരും വല്ലാതെ സ്വാധീനം ഉറപ്പിച്ചിരിക്കുന്ന ഈ നാട്ടില്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ ഫെമിനിസ്റ്റ്മുഖം മൂടിയണിഞ്ഞ് വിഡ്ഡിത്തങ്ങള്‍ വിളമ്പുന്ന, സെലിബ്രിറ്റി ആയതുകൊണ്ടുമാത്രം മാധ്യമശ്രദ്ധ കിട്ടുന്ന ശ്വേതമേനോനും റീമാ കല്ലിംഗലും മഞ്ജുവാര്യരും സ്ത്രീശാക്തീകരണത്തിന് മുന്നിറങ്ങുമ്പോള്‍ നമുക്കെന്ത് പ്രതീക്ഷിക്കാനാവും? ശബരിമലയിലെ ബസിനെയും ആര്‍ത്തവത്തെയും കുറിച്ച് ആകുലപ്പെടുന്ന ഷാഹിനയും 'സൗന്ദര്യം ഒരു ശാപമായി മാറി' ദളിത് വിരുദ്ധ സമരങ്ങളില്‍ ജ്വലിച്ചുയരാന്‍ കഴിയാതെ വിതുമ്പി നില്‍ക്കുന്ന അരുന്ധതിയും ജമാഅത്തെ ഇസ്ലാമിയുടെ 'സുരക്ഷിത'മായ കൈയ്യിലേക്ക് 'വിതുരപെണ്‍കുട്ടി'യെ ഏല്‍പ്പിച്ച് പാട്രിയാര്‍ക്കിയെ തൃപ്തിപ്പെടുത്തിയ മഹനീയമാതാവും മാനവീയം വീഥിയില്‍ പവിഴമല്ലി ആഘോഷിക്കുന്ന സ്വത്വബോധമുണ്ടെന്നവകാശപ്പെടുന്ന സ്ത്രീകളും കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങളും സരിത എസ് നായരെ നോക്കി, “അയ്യേ.. താത്രിക്കുട്ടി” എന്ന് മുഖം ചുളിച്ച് പറയുന്ന സവര്‍ണബ്രാഹ്മണ മനസുമായി തന്നെയാണ് നില്‍ക്കുന്നതെന്ന് തോന്നുന്നു. കാരണം അവര്‍ സരിതയുടെ സ്ത്രീ സ്വത്വത്തെ നോക്കികാണാന്‍ തയ്യാറാവുന്നില്ല.

കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത് സരിത എസ് നായരെയാണ്. കുറച്ചുകൂടി പച്ചക്ക് പറഞ്ഞാല്‍ സരിതയുടെ ക്ലിപ്പ് ലഭിക്കുമെന്ന ആര്‍ത്തിയില്‍ അജീര്‍ണത പിടിച്ചതാണ് ഇന്നുള്ള കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധത. അല്ലെങ്കില്‍ തീര്‍ച്ചയായും സരിത എസ് നായര്‍ എന്ന സ്ത്രീ സ്വത്വം ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സ്മാര്‍ത്തവിചാരത്തിന് വിധേയയാവുമ്പോള്‍, നിരന്തരം അപരാധിനിയെന്ന് സമൂഹവും മാധ്യമങ്ങളും അടിവരയിടുമ്പോള്‍ ഒരു ഫെമിനിസ്റ്റെങ്കിലും സരിതയുടെ കൈ ചേര്‍ത്ത് പിടിച്ചേനെ.

സമ്പൂര്‍ണ സാക്ഷരത കൈവരിച്ചു എന്നവകാശപ്പെടുന്ന പ്രബുദ്ധകേരളം കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ ചില ഗിമ്മിക്കുകള്‍ കാണിക്കുന്നുണ്ടെങ്കിലും സ്ത്രീ ശാക്തീകരണലും സ്ത്രീ പദവിയെ സംബന്ധിച്ച ബോധനിലവാരവും അവശ്യഘടകമായി കരുതുന്നേയില്ല. ഈ സമൂഹത്തില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും സ്ത്രീപക്ഷമായിരുന്നു എന്ന തെറ്റിദ്ധാരണ പലരും വെച്ചുപുലര്‍ത്തിയിരുന്നു. ആ ആചാരങ്ങളുടെ ഭാഗമായി മലയാളി സ്ത്രീകള്‍ സ്വതന്ത്രരായിരുന്നു ശാക്തീകരണമുള്ളവരായിരുന്നു തുടങ്ങിയ കപടബോധം സമൂഹത്തില്‍ വല്ലാതെ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

യാഥാര്‍ത്ഥത്തില്‍ കേരളം കേരള സമൂഹം എന്നും യാഥാസ്തിതികമായ മതവ്യവസ്ഥിതിയുടെ ശ്വാസം മുട്ടിക്കുന്ന ഇരുട്ടറയില്‍ തന്നെയായിരുന്നു. അവിടെ സ്ത്രീകള്‍ക്ക് ഇടം ഉണ്ടായിരുന്നില്ല. പദവി ഉണ്ടായിരുന്നില്ല. പുരുഷാധിപത്യത്തിന്റെ വ്യവസ്ഥാ പ്രമാണങ്ങള്‍ അനുശാസിക്കുന്ന നിബന്ധനകളില്‍ നിന്നും അളവുകോലുകളില്‍ പ്രതിച്ഛായാ ബോധത്തില്‍ നിന്നും മോചിതയാവാന്‍ സ്ത്രീകള്‍ക്ക് സാധിച്ചിരുന്നില്ല. ആ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുക അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക എന്നതായിരുന്നു സ്ത്രീയുടെ മുന്നിലുള്ള വഴി. അതിന് സാധിച്ചില്ലെങ്കില്‍ അവളെ ഭ്രാന്തിയാക്കി, വേശ്യയാക്കി സമൂഹം മുദ്രകുത്തും.

ഒരു സ്ത്രീയെ ഏറ്റവും കൂടുതല്‍ അപമാനിക്കാന്‍ സാധിക്കുന്നത് അവളുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടാണ്. 'വിശുദ്ധി'യില്ലാത്തവളായി മുദ്രകുത്തപ്പെടുന്ന സ്ത്രീക്ക് സമൂഹത്തില്‍ സ്ഥാനമില്ല. ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ ഏറ്റവുമധികം ആധിപത്യം സ്ഥാപിക്കുന്നത് അവളെ ബലാല്‍ത്സംഗം ചെയ്യുമ്പോഴാണ്. അത്തരത്തിലുള്ള അവസ്ഥയിലും സമൂഹം കുറ്റപ്പെടുത്തുന്നത് സ്ത്രീയെ മാത്രമാണ്. നീതിന്യായപീഠങ്ങളില്‍ നിന്നുവരെ അത്തരത്തില്‍ ധ്വനികളുള്ള ചോദ്യങ്ങള്‍ നാം കേട്ടതുമാണ്. ഇത്തരത്തില്‍ ക്രൂരമായ അനഭവങ്ങളുള്ള സ്ത്രീകള്‍ പോലും അതിനെ സംബന്ധിച്ച സംസാരിക്കാന്‍ മടിക്കുന്നു. ചോദ്യം ചെയ്യാന്‍ ഭയക്കുന്നു.

എഴുതുകളിലെയും എണ്‍പതുകളിലെയും മലയാള സിനിമകളില്‍ സ്ഥിരമായും ഇപ്പോള്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള ബലാല്‍സംഗത്തിന് വിധേയയാവുന്ന കഥാപാത്രങ്ങള്‍ “എന്നെ നശിപ്പിച്ചു” എന്ന സംഭാഷണം തന്നെയാണ് ആവര്‍ത്തിക്കുന്നത്. അത് പുരുഷാധിപത്യ സമൂഹത്തിന്റെപാഠപുസ്തകത്തില്‍ നിന്നും പഠിച്ച സംഭാഷണമാണ്. തന്റെ സമ്മതമില്ലാതെ തന്റെ ശരീരത്തെ ആക്രമിച്ചപ്പോള്‍ താന്‍ നശിച്ചു എന്ന് വിശ്വസിക്കാനാണ് സമൂഹം സ്ത്രീയെ പഠിപ്പിച്ചത്. അതെ ഇതൊരു പ്രാകൃത സമൂഹം തന്നെയാണ്. അവിടെയാണ് സരിതാ എസ് നായര്‍ ചങ്കൂറ്റത്തോടെ തന്റെ അനുഭവങ്ങള്‍ തുറന്നുപറയുന്നത്.

സമൂഹത്തില്‍ പലതരം ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എന്തൊക്കെ ആരോപണങ്ങള്‍ ഉയരുന്നു. അദ്ദേഹം അതിനെയെല്ലാം നേരിടുകയാണ്. പിടിച്ചുനില്‍ക്കുകയാണ്. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ നേരിടുക എളുപ്പമല്ല. എത്രയോ സ്ത്രീകള്‍ ഇത്തരം ആരോപണങ്ങളെ അഭിമുകീകരിക്കാന്‍ സാധിക്കാതെ ആത്മഹത്യ ചെയ്തിരിക്കുന്നു. എത്രപേര്‍ നാടുവിട്ട് പോയിരിക്കുന്നു. പക്ഷെ, സരിത നിസംഗതയോടെ എ#്‌നനാല്‍, ആത്മധൈര്യത്തോടെയാണ് മീഡിയ തൊടുത്തുവിടുന്ന ശരങ്ങളെ നേരിടുന്നത്. സരിതയുടെ ശരീരഭാഷ കേരളത്തിലെ ശരാശരി സ്ത്രീയുടേതല്ല. തലയെടുപ്പുള്ള ഒരു പോരാളിയുടേതാണ്.

കേരളത്തിലെ സ്ത്രീകള്‍ക്ക് എത്ര വിദ്യാഭ്യാസമുള്ളവരാണെങ്കിലും രണ്ടാംതര പൗരന്‍മാരാണെന്ന ബോധ്യമാണുള്ളത്. അവരുടെ ഇരിപ്പിലും നടപ്പിലും തുടങ്ങി സര്‍വ കാര്യങ്ങളിലും അത് കാണാന്‍ സാധിക്കും. ബസുകളിലെ ജനറല്‍ സീറ്റൊഴിഞ്ഞുകിടക്കുമ്പോള്‍ അതിലിരിക്കാതെ കമ്പികളില്‍ തൂങ്ങിയാടുന്ന വിദ്യാസമ്പന്നകളുടെ നാടാണ് കേരളം. ആ ബോധപല ഭാഗങ്ങളില്‍ നിന്നുമുള്ള സിദ്ധാന്തോപദേശങ്ങളുടെ ഫലമായുള്ളതാണ്. അത് വീട്ടില്‍ നിന്ന് മാത്രമുള്ളതല്ല. വിവിധ മതങ്ങള്‍ക്ക് പതിച്ചു നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂടി 'വരദാന'മാണ് ഈ ശരീരഭാഷ. പക്ഷെ, സരിതാ എസ് നായര്‍ അതിനെ മറികടക്കുന്നു. യുദ്ധങ്ങള്‍ ഒരുപാട് ജയിച്ച പോരാളിയേയാണ് സരിത നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത്.

ചാനല്‍ മൈക്കുകള്‍ക്ക് വേണ്ടി യാചിക്കുകയല്ല സരിത ചെയ്യുന്നത്. നിനക്ക് ബൈറ്റ് വേണമെങ്കില്‍ ഇങ്ങോട്ടുവാ എന്ന് മാധ്യമങ്ങളോട് സരിത പറയാതെ പറയുന്നു. കെ എം മാണിയെ “സാറേ” എന്ന് വിളിച്ചു ബഹുമാനിക്കുന്നതിലുള്ള കള്ളത്തരം, വയോധികനായ ആനത്തലവട്ടം ആനന്ദനെ, “ആനത്തലവട്ടം” എന്നഭിസംബോധന ചെയ്യുന്ന മാധ്യമാവതാരക ധാര്‍ഷ്ട്യം സരിതയ്ക്ക് മുന്നില്‍ പുറത്തെടുക്കാന്‍ സാധിക്കുന്നതേയില്ല. അവര്‍ക്കുമുന്നില്‍ വിനീത വിധേയരാവുകയാണ് മാധ്യമങ്ങള്‍. റിപ്പോര്‍ട്ടര്‍മാര്‍ പഞ്ചപുച്ഛമടക്കി നിന്ന് സരിതയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു. സരിതയെ ജയിലുകളില്‍ നിന്ന് കോടതികളിലേക്കും തിരിച്ചും ആനയിക്കുന്ന നാളുകളില്‍ അവരുടെ ശരീരത്തെ കൊത്തിതിന്ന ചാനല്‍ ക്യാമറകണ്ണുകള്‍ അവരുടെ മുഖത്തേക്ക് ഫോക്കസ് ചെയ്യുന്നു. സരിതയുടെ നിതംബവും സാരിയുടെ ഞൊറികള്‍ക്കിടയിലെ വിടവിലൂടെ മാറിലേക്ക് കൈയ്യെത്തിക്കാന്‍ നോക്കുന്ന ക്യാമറ പ്രയോഗവും സരിത നിവര്‍ന്നുനിന്നപ്പോള്‍ ഇല്ലാതാവുന്നു.

അവരുടെ ജീവിതം എളുപ്പമായിരുന്നിരിക്കില്ല. കുട്ടിയുടെ പിതൃത്വം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്തയില്ലാത്തയവന്‍/വള്‍ എന്ന പ്രയോഗം പുരുഷാധിപത്യത്തിന്റേതാണ്. തന്തയില്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല. സമൂഹം പിന്തുടരുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി 'ലക്ഷണമൊത്ത കുഞ്ഞല്ലെങ്കില്‍' അതിന്റെ പിതൃത്വം ചോദ്യം ചെയ്യുക എന്നത് പുരുഷാധിപത്യ സമൂഹത്തിന്റെ ഇഷ്ടവിനോദമാണ്. സരിത അത്തരം ചോദ്യങ്ങളെ അപ്രസക്തമാക്കുന്നതില്‍ വിജയിച്ചു.

താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് തുറന്നുപറയുന്നതിന് സരിത എസ് നായര്‍ക്ക് ഒരു കുറ്റബോധവും ഉണ്ടായിരുന്നില്ല. കേരളത്തില്‍ ബലാല്‍സംഗത്തിന് വിധേയരായ മറ്റ് 'ഇര'കളെ പോലെ ഓടിയൊളിക്കുകയല്ല സരിത ചെയ്യുന്നത്. ഓടി മുന്നില്‍ വരികയായിരുന്നു. സരിതയെ പീഡിപ്പിച്ച പുരുഷനാണ് പൊതുജീവിതത്തില്‍ തുടരുന്നതിന് ബുദ്ധിമുട്ടുണ്ടായത്. സരിത അഭിമുഖീകരിച്ചവരെല്ലാം തന്നെ അധികാരത്തിന്റെ ഉന്നതശ്രേണിയിലുള്ളവരായിരുന്നു. തങ്ങളുടെ എതിരാളികളെ ഏത് തരത്തിലായായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ മാത്രം പ്രാപ്തിയുള്ള ആ ഉന്നതരോടാണ് സരിത അങ്കം കുറിച്ചത്. ഇവരൊന്നും സരിതയ്ക്ക് നേര്‍ക്കുനേര്‍ നില്‍ക്കുന്നവരല്ല. ലിംഗം അധികാരം പണം എന്നീ നിലകളില്‍ സരിത ഇക്കൂട്ടര്‍ക്ക് വിധേയയായി നില്‍ക്കേണ്ടവളാണ് എന്ന പാട്രിയാക്കല്‍ പൊതുബോധത്തെ സരിത നിശേഷം ചവിട്ടിയരച്ചുകളഞ്ഞു. അവള്‍ യുദ്ധം ചെയ്യുക തന്നെയാണ്. മറ്റൊരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന താത്രിയെ ഓര്‍മിപ്പിക്കുകയാണ് സരിത എസ് നായര്‍.

തനിക്കെതിരായ ലൈംഗീകാരോപണത്തെ താത്രി ചെറുത്തത് സ്മാര്‍ത്തവിചാരമെന്ന പ്രാകൃത പുരുഷാധിഷ്ടിത ശിക്ഷാക്രമത്തെ സ്ത്രീത്വത്തിന്റെ വിജയമാക്കി മാറ്റിക്കൊണ്ടാണ്. കേരളത്തിലെ ഫെമിനിസ്റ്റുകള്‍ താത്രിക്കുട്ടിക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്. കാരണം ഇവിടുത്തെ ഫെമിനിസ്റ്റുകള്‍ പാട്രിയാര്‍ക്കിയുടെ നിഴല്‍പറ്റി ജീവിക്കുന്നവരാണ്. അവരുടെ പ്രതികരണങ്ങള്‍ കിസ് ഓഫ് ലവിലും മിഡ്‌നൈറ്റ് മാരത്തോണിലും ഒതുങ്ങും അതിനപ്പുറത്ത് അവര്‍ക്ക് താത്രിക്കുട്ടിയെ അംഗീകരിക്കാനും ബഹുമാനിക്കാനും മടിയായിരിക്കും. പാതിവ്രത്യം എന്നത് പുരുഷനാവശ്യമുള്ള ഒന്നല്ല. അത് സ്ത്രീക്ക് മാത്രം വേണ്ട, സ്ത്രീകള്‍ക്ക് നേരെ പ്രയോഗിക്കേണ്ട ഒരു പദമാണ്. പുല്ലിംഗമില്ലാത്ത ഇത്തരം ഭാഷകള്‍ പ്രയോഗിച്ച് പഴകിയ ഫെമിനിസ്റ്റുകള്‍ക്ക് സരിത എസ് നായര്‍ കുലസ്ത്രീയല്ല എന്നതുകൊണ്ടാണ് അവര്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നത്.

മാധവിക്കുട്ടി എഴുതിയത് ഇഷ്ടമില്ലാത്ത പുരുഷനോടൊപ്പം അവന്‍ ഭര്‍ത്താവായാല്‍ പോലും ശയിക്കുന്നവളാണ്് വേശ്യയെന്നാണ്. സമൂഹത്തിനെ ഭയന്ന് വിവാഹം എന്ന സ്ഥാപനവത്കരിക്കപ്പെട്ട വ്യവസ്ഥയില്‍ ശ്വാസം മുട്ടുന്ന ഓരോ സ്ത്രീയും നിശബ്ദമായെങ്കിലും അംഗീകരിക്കുന്ന ഒരു സത്യമാണത്. അങ്ങനെയെങ്കില്‍ സരിത എസ് നായരാണോ വേശ്യ? സരിതയെ വേശ്യയെന്ന് വിളിച്ചാര്‍ക്കുന്ന പുരുഷന്‍മാരേ.., നിങ്ങളെ സ്‌നേഹിക്കാതെ, വെറുത്തുകൊണ്ട്, ഭയത്തോടെ, നിര്‍വികാരതയോടെ, നിങ്ങള്‍ കൊടുക്കുന്ന ഭക്ഷണത്തിനും വസ്ത്രത്തിനും സമൂഹത്തില്‍ ലഭിക്കുന്ന പദവിക്കും വേണ്ടി നിങ്ങളോടൊപ്പം ശയിക്കുന്ന ഭാര്യയല്ലേ യഥാര്‍ത്ഥത്തില്‍ വേശ്യ?

സരിത മറ്റൊരു പാഠം കൂടി ഈ സമൂഹത്തിന് നല്‍കുന്നുണ്ട്. ഒരുപാട് ചര്‍ച്ചകള്‍ക്ക് വിധേയമായ സ്ത്രീയുടെ നഗ്നതയെ കുറിച്ച് അവര്‍ ജീവിതം കൊണ്ട് പാഠമെഴുതി. സ്ത്രീയുടെ നഗ്നതയെ അവളെ ആക്ഷേപിക്കുന്നതിന് വേണ്ടി ഈ സമൂഹം നിരന്തരം ഉപയോഗിക്കാറുണ്ട്. എത്രയെത്ര ആത്മഹത്യകള്‍ നഗ്നത പരസ്യപ്പെടുമെന്ന് ഭയന്ന് സംഭവിച്ചിരിക്കുന്നു. എത്രയെത്ര ബ്ലാക്ക്‌മെയിലുകള്‍ നഗ്നത മുന്നില്‍വെച്ച് നടപ്പിലാക്കുന്നു. സ്ത്രീകളെ ആക്ഷേപിക്കാന്‍ വേണ്ടി മാധ്യമങ്ങള്‍ വരെ സ്ത്രീ നഗ്നതയെ ഉപയോഗിക്കാറുണ്ട്. പ്രചരിപ്പിക്കാറുണ്ട്. ഒളിക്യാമറകളിലൂടെ ശുചിമുറികളിലും ട്രയല്‍ റൂമുകളിലും നഗ്നത കട്ടെടുക്കുന്നത് എത്രയെത്ര വാര്‍ത്തകളിലൂടെ ആഘോഷിക്കപ്പെടുന്നു. അവിടെയാണ് സ്ത്രീയുടെ നഗ്നത നാണക്കേടിന്റെ വാസസ്ഥലമല്ലെന്ന് സരിത എസ് നായര്‍ വിളിച്ചു പറയുന്നത്.

സ്ത്രീ ശരീരമുണ്ടെങ്കില്‍ അവിടെ നാണക്കേടുമുണ്ട് എന്ന വ്യവസ്ഥാപിത ആണ്‍കോയ്മാ നോക്കി കാണലിനെ സരിത എസ് നായര്‍ പുച്ഛിച്ചുതള്ളുന്നു.തന്റെ നഗ്നത കണ്ടാസ്വദിച്ച കഴുകന്‍മാരുടെ മുന്നിലേക്കാണ് സരിത തല ഉയര്‍ത്തിപ്പിടിച്ച് ഇറങ്ങി നില്‍ക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ പേര്‍ത്തും പേര്‍ത്തും ലൈംഗിക പീഡനങ്ങളെ കുറിച്ച് സംസാരിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഒരു കളിയാക്കുന്ന ചിരിയോടെ ആ ചോദ്യങ്ങളെ നിസാരവല്‍ക്കരിക്കുന്നത്. പുരുഷന്‍മാര്‍ പോലും പതറിപ്പോകുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ സരിത എസ് നായര്‍ ബുദ്ധികൂര്‍മതയോടെ, യുക്തിസഹമായി മറുപടികള്‍ പറയുന്നു. പഠിപ്പിച്ചുകൊടുക്കുന്നു. 

മതഭ്രാന്തന്‍മാരും കുത്തക മുതലാളിമാരും വല്ലാതെ സ്വാധീനം ഉറപ്പിച്ചിരിക്കുന്ന ഈ നാട്ടില്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ ഫെമിനിസ്റ്റ്മുഖം മൂടിയണിഞ്ഞ് വിഡ്ഡിത്തങ്ങള്‍ വിളമ്പുന്ന, സെലിബ്രിറ്റി ആയതുകൊണ്ടുമാത്രം മാധ്യമശ്രദ്ധ കിട്ടുന്ന ശ്വേതമേനോനും റീമാ കല്ലിംഗലും മഞ്ജുവാര്യരും സ്ത്രീശാക്തീകരണത്തിന് മുന്നിറങ്ങുമ്പോള്‍ നമുക്കെന്ത് പ്രതീക്ഷിക്കാനാവും? ശബരിമലയിലെ ബസിനെയും ആര്‍ത്തവത്തെയും കുറിച്ച് ആകുലപ്പെടുന്ന ഷാഹിനയും 'സൗന്ദര്യം ഒരു ശാപമായി മാറി' ദളിത് വിരുദ്ധ സമരങ്ങളില്‍ ജ്വലിച്ചുയരാന്‍ കഴിയാതെ വിതുമ്പി നില്‍ക്കുന്ന അരുന്ധതിയും ജമാഅത്തെ ഇസ്ലാമിയുടെ 'സുരക്ഷിത'മായ കൈയ്യിലേക്ക് 'വിതുരപെണ്‍കുട്ടി'യെ ഏല്‍പ്പിച്ച് പാട്രിയാര്‍ക്കിയെ തൃപ്തിപ്പെടുത്തിയ മഹനീയമാതാവും മാനവീയം വീഥിയില്‍ പവിഴമല്ലി ആഘോഷിക്കുന്ന സ്വത്വബോധമുണ്ടെന്നവകാശപ്പെടുന്ന സ്ത്രീകളും കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങളും സരിത എസ് നായരെ നോക്കി, “അയ്യേ.. താത്രിക്കുട്ടി” എന്ന് മുഖം ചുളിച്ച് പറയുന്ന സവര്‍ണബ്രാഹ്മണ മനസുമായി തന്നെയാണ് നില്‍ക്കുന്നതെന്ന് തോന്നുന്നു. കാരണം അവര്‍ സരിതയുടെ സ്ത്രീ സ്വത്വത്തെ നോക്കികാണാന്‍ തയ്യാറാവുന്നില്ല.

സരിത എസ് നായര്‍, മുഖ്യമന്ത്രിയടക്കമുള്ള വലതുപക്ഷ ഭരണകൂടത്തെ ഉപയോഗിച്ച് നടത്താനാലോചിച്ച കുംഭകോണത്തെയല്ല സ്ത്രീകള്‍ പിന്തുണക്കേണ്ടത്. സരിതയെ പല വിധത്തില്‍, തലത്തില്‍ വേട്ടയാടിയ ഉമ്മന്‍ചാണ്ടിയും സംഘവും വലിയൊരു പൗരസമൂഹത്തിന്റെ പിന്‍ബലവുമായി മാന്യനായി നില്‍ക്കുമ്പോള്‍ സരിത എങ്ങിനെയാണ് വേശ്യയും കുറ്റവാളിയുമായി മാറുന്നത്? എന്ത് മാനദണ്ഡമുപയോഗിച്ചാണ് ഉമ്മന്‍ചാണ്ടിയെ സത്യസന്ധനും സുശീലനും സരിത എസ് നായരെ കുറ്റവാളിയും വേശ്യയുമായി നിങ്ങള്‍ അളന്നെടുത്തത്? സരിത എസ് നായര്‍ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടാവാം ആ കറുത്ത അധ്യായത്തെ തള്ളിപ്പറഞ്ഞുകൊണ്ട് സരിത മുന്നോട്ടുവെക്കുന്ന സ്ത്രീ സ്വത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ, പാട്രിയാര്‍ക്കിയ്ക്ക് നേരെ കാര്‍ക്കിച്ച് തുപ്പുന്ന തന്റേടത്തെ കാണാനും തിരിച്ചറിയാനും അതിന് പിന്തുണ നല്‍കാനുമുള്ള ബാധ്യത കേരളത്തിലെ സ്ത്രീ സമൂഹത്തിനില്ലേ?

01-Feb-2016