കേരളം ആവശ്യപ്പെടുന്നത്
മുഖ്യമന്ത്രിയുടെ രാജിയാണ്
കോടിയേരി ബാലകൃഷ്ണന്‍

![]() |
|
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചും രാജിവെക്കാതിരുന്ന ഒരു മുഖ്യമന്ത്രി മാത്രമേയുള്ളു അത് ബി ജെ പിയുടെ മുഖ്യമന്ത്രി യദൂര്യപ്പ ആയിരുന്നു. യദൂര്യപ്പയെയാണ് ഇക്കാര്യത്തില്‍ തന്റെ ഗുരുവായി ഉമ്മന്‍ചാണ്ടി കണക്കാക്കിയിട്ടുള്ളത് എങ്കില്‍, മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് ബി ജെ പിയില്‍ നിന്ന് തന്നെ പുറത്തുപോവേണ്ടി വന്ന യദ്യൂരപ്പയുടെ അവസ്ഥ ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നത് നന്നാവും. കേരളത്തില്‍ എല്‍ ഡി എഫ് മന്ത്രിസഭയുടെ കാലഘട്ടങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിട്ട മന്ത്രിമാരെല്ലാം രാജിവെക്കുകയാണുണ്ടായത്. നായനാര്‍ മന്ത്രിസഭയിലെ നീലലോഹിതദാസന്‍ നാടാര്‍, വി എസ് മന്ത്രിസഭയില്‍ പി ജെ ജോസഫും ടി ഒ കുരുവിളയും രാജിവെച്ച് മാതൃക കാണിച്ചു. യു ഡി എഫ് കാലഘട്ടങ്ങളില്‍ കെ കരുണാകരനും കെ പി വിശ്വനാഥനും കെ കെ രാമചന്ദ്രന്‍ മാസ്റ്ററും രാജിവെക്കുകയാണ് ഉണ്ടായത്. എന്നാല്‍, കോണ്‍ഗ്രസ് സൃഷ്ടിച്ച കീഴ്‌വഴക്കം പോലും തനിക്ക് ബാധകമല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിക്ക് ഇനി അധികകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. ജുഡീഷ്യല്‍ അന്വേഷണം നേരിടുന്നൊരു മുഖ്യമന്ത്രി എങ്ങനെ ആധികാരത്തില്‍ തുടരുമെന്ന ചോദ്യത്തിന് അദ്ദേഹം പങ്കെടുകുന്ന എല്ലാ പരിപാടികളിലും ഉത്തരം നല്‍കേണ്ടി വരും. ഇങ്ങനെയൊരു പുതിയ സമരമുഖം തുറക്കാന്‍ ഉള്ള കരുത്താണ് ഈ ഉപരോധ സമരത്തിന് ശേഷം കേരളത്തില്‍ രൂപം കൊണ്ടിരിക്കുന്നത്. |
നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ നിയമസഭാ നടപടികളെല്ലാം ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞപ്പോള്‍ ഇതേ രൂപത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ച് സഭ നിര്‍ത്തിവെച്ചു എന്നായിരുന്നു അന്നത്തെ പ്രചരണം. സംസ്ഥാനത്തെ പതിനാല് കേന്ദ്രങ്ങളില്‍ നടത്തിവന്ന രാപ്പകല്‍ സമരവും സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് നിര്‍ത്തിയത് എന്ന് ആക്ഷേപമുന്നയിക്കപ്പെട്ടു. ആ ആക്ഷേപകര്‍ തന്നെയാണ് ഇപ്പോഴെടുത്ത തീരുമാനത്തെ സംബന്ധിച്ച് വക്രീകരിച്ചുള്ള പ്രചരണം സംഘടിപ്പിക്കുന്നത്. മറ്റൊരു വിഭാഗമാവട്ടെ മുഖ്യമന്ത്രി രാജിവെക്കുന്നതുവരെ ഉപരോധ സമരം നടത്തിക്കൂടായിരുന്നോ എന്ന വികാരം പ്രകടിപ്പിക്കുന്നവര്‍ ആണ്. മുഖ്യമന്ത്രി രാജിവെക്കണമെന്നത് കേരളത്തിന്റെ ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായമായി വളര്‍ന്നുവന്നിരിക്കുന്നു എന്നതാണ് ഈ ചോദ്യം വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുടെ ആത്മാര്‍ത്ഥതയെ ആരും ചോദ്യം ചെയ്യുന്നില്ല. ഉപരോധ സമരം നിര്‍ത്തിയതോടുകൂടി ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടിയുള്ള പ്രക്ഷോഭം കെട്ടടങ്ങിപ്പോയി എന്ന ശങ്കയില്‍ നിന്നാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. അതിശക്തമായ ഒരു സമരം കേരള വ്യാപകമായി വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ഉപരോധ സമരം അവസാനിപ്പിച്ചത്് എന്ന വസ്തുത വ്യക്തമാകുന്നതോടെ ഈ ആശങ്ക ഇല്ലാതാവും.
ഉപരോധ സമരം അനുവദിക്കില്ലെന്നും ഉപരോധ സമരം നടത്താന്‍ വരുന്നവര്‍ കലാപത്തിന് വേണ്ടി വരുന്നവരാണെന്നും ആഭ്യന്തര കലാപത്തിനാണ് അവര്‍ ലക്ഷ്യമിട്ടിട്ടുള്ളത് എന്നും യു ഡി എഫ് നേരത്തെ തന്നെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, സമരം സമാധാനപരമായിക്കുമെന്നും സെക്രട്ടേറിയറ്റില്‍ അതിക്രമിച്ച് കടക്കലോ, സെക്രട്ടേറിയറ്റ് തകര്‍ക്കലോ സമരത്തിന്റെ ഉദ്ദേശമല്ലെന്നും പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞാല്‍ അവ തള്ളിയിട്ട് അതിക്രമിച്ച് കടക്കില്ലെന്നും തടയുന്ന പോലീസുകാരെ ആക്രമിച്ച് മുന്നേറുകയില്ലെന്നും എല്‍ ഡി എഫ് വ്യക്തമാക്കിയതാണ്. എന്നാല്‍, ഇത് വിശ്വസിക്കാതെ ബാബറി മസ്ജിദ്് തകര്‍ത്ത ആര്‍ എസ് എസ് കര്‍സേവകരെപ്പോലെയാണ് ഇടതുപക്ഷക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വരുന്നത് എന്നും അവരെ നേരിടുവാന്‍ പട്ടാളത്തെ ഇറക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ശത്രുരാജ്യത്തെ നേരിടാനെന്നപോലെ സൈനികരേയും അര്‍ധസൈനികരേയും രംഗത്തിറക്കിക്കൊണ്ട് പ്രകോപനം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചത്. എന്നാല്‍, ആ പ്രകോപനത്തില്‍ പെട്ടുപോകാതെ ആത്മസംയമനത്തോടെ, സമാധാനപരമായി ഉപരോധം വിജയിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഇടതുപക്ഷത്തിന്റെ കരുത്ത് എത്ര വലുതാണ് എന്ന് വ്യക്തമാക്കിയിരിക്കയാണ്.
സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം സര്‍ക്കാര്‍ തന്നെ അടച്ചിട്ട് കന്റോണ്‍മെന്റ് ഗേറ്റ് മാത്രം തുറന്നുവച്ച് അതില്‍ക്കൂടി മന്ത്രിമാരെയും ഉദ്യോഗസ്ഥന്‍മാരെയും പ്രവേശിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ഇതിനുവേണ്ടി കന്റോണ്‍മെന്റ് ഗേറ്റുമുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കുന്ന ക്ലിഫ്ഹൗസ് റോഡ് വരെയുള്ള ഭാഗം അര്‍ധസൈനികരുടെയും പോലീസിന്റെയും നിയന്ത്രണത്തില്‍ ആക്കി. ആഗസ്ത് 12ന് പത്തുമണി മുതലാണ് ഉപരോധമെന്ന് എല്‍ ഡി എഫ് പ്രഖ്യാപിച്ചതുകൊണ്ട് പത്തുമണിക്കുള്ളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ കയറുകയും ഇറങ്ങുകയും ചെയ്തു. എന്നാല്‍, പത്തുമണിക്ക് ശേഷം ഇറങ്ങിയ ആറ് മന്ത്രിമാര്‍ സമരക്കാരുടെ മുന്നില്‍ പെട്ടുപോയി. അവര്‍ക്ക് സെക്രട്ടേറിയറ്റിലേക്ക് തിരികെ പോകേണ്ടി വന്നു. കന്റോണ്‍മെന്റ് ഗേറ്റിലേക്ക് പോകുന്ന റോഡില്‍, ബേക്കറി ജംഗ്ഷനിലും മ്യൂസിയത്തിന് മുന്നിലും ബാരിക്കേഡ് കൊണ്ട് തടസം സൃഷ്ടിച്ചെങ്കിലും അവിടങ്ങളില്‍ പതിനായിരക്കണക്കിന് സമരഭടന്‍മാര്‍ നിലയുറപ്പിച്ചതോടുകൂടി പോലീസ് വലയത്തിലുള്ള റോഡിലേക്ക് എപ്പോള്‍ വേണമെങ്കിലും ഉപരോധക്കാര്‍ക്ക് കടക്കാന്‍ സാധിക്കും എന്ന സ്ഥിതി ഉണ്ടായി. അനിശ്ചിതകാല ഉപരോധമായതിനാല്‍ പിറ്റേദിവസം കന്റോണ്‍മെന്റ്‌ഗേറ്റും ഉപരോധത്തിലാവും എന്ന സ്ഥിതി ഉണ്ടായി.
സമരശക്തി കണ്ട് വിറങ്ങലിച്ചുനില്‍ക്കുന്ന ഒരു ഗവണ്‍മെന്റിനെയാണ് അന്ന് കേരളം കണ്ടത്. പിറ്റേ ദിവസം മുതല്‍ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല എന്ന് ബോധ്യമായപ്പോള്‍ സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന് അവധി കൊടുക്കാമെന്ന് നിശ്ചയിച്ചു. ഇതിനെ തുടര്‍ന്ന് ആഗസ്ത് പതിമൂന്ന് മുതല്‍ സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പൂട്ടിയത് ഉപരോധ സമരം വിജയിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ഒരു ഗേറ്റ് തുറന്നുവെച്ച് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും എല്ലാ ദിവസവും കയറ്റിയിറക്കി സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കാമെന്ന ഉദ്ദേശത്തിലായിരുന്നു ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് പട്ടാളക്കാരുടെ നിയന്ത്രണത്തില്‍ ആക്കിയത്. 22 കമ്പനി കേന്ദ്രസേന അണിനിരന്നിട്ടും സെക്രട്ടേറിയറ്റ് തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് ബഹുജന സമരത്തിന്റെ മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയതിന്റെ ഭാഗമായിരുന്നു.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ രണ്ട് മുദ്രാവാക്യങ്ങളില്‍ സിറ്റിംഗ്ജഡ്ജിയെ കൊണ്ടുള്ള ജുഡീഷ്യല്‍ അന്വേഷണം എന്ന കാര്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം ജൂണ്‍ 12 മുതല്‍ നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. എന്നാല്‍, അസംബ്ലിക്കകത്ത് മുഖ്യമന്ത്രി വ്യക്തമാക്കിയത് ഒരു തരത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണത്തിനും രാജിക്കും തയ്യാറല്ല എന്നായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടി വരും എന്നതുകൊണ്ടായിരുന്നു മുഖ്യമന്ത്രി അതിന് സന്നദ്ധമാകാതിരുന്നത്.
സോളാര്‍ തട്ടിപ്പ് കേസ് മറ്റ് തട്ടിപ്പുകളെ പോലുള്ള ഒരു കേസല്ല. സര്‍ക്കാര്‍ സഹായത്തോടുകൂടി നടത്തിയ ഒരു കുംഭകോണമാണ്. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തത്തോടെയും കൂടി നടത്തിയ തട്ടിപ്പാണ്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഇത് പുറത്തുവരുമെന്നുള്ളത് കൊണ്ടാണ് അന്വേഷണത്തിന് തയ്യാറല്ല എന്ന നിലപാട് ആദ്യം മുതലേ മുഖ്യമന്ത്രി സ്വീകരിച്ചത്. സോളാര്‍ തട്ടിപ്പ് കേസിലുള്ള അന്വേഷണമൊക്കെ പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കിയ ശേഷം പ്രതിപക്ഷത്തിനെന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ ആ സമയത്ത് പരിശോധിക്കാമെന്ന് പിന്നിട് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പങ്കാളിത്തം ചൂണ്ടികാണിച്ച് കോടതിയില്‍ വന്നിട്ടുള്ള സ്വകാര്യ അന്യായവും ക്രിമിനല്‍ നടപടിക്രമം 164 പ്രകാരം ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴിയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള കേസില്‍ കുറ്റപത്രം നല്‍കുമ്പോള്‍ മുഖ്യമന്ത്രിയെ ഒഴിവാക്കി കൊണ്ട് കുറ്റപത്രം നല്‍കണമെന്നാണ് അന്വേഷണ സംഘത്തിന് ഗവണ്‍മെന്റ് കൊടുത്ത നിര്‍ദേശം. അത്തരത്തിലൊരു കുറ്റപത്രം നല്‍കി കഴിയുന്നതോടുകൂടി പോലീസ് അന്വേഷണത്തില്‍ താന്‍ ഒഴിവാക്കപ്പെട്ടിരിക്കയാണ് പിന്നെയെന്ത് ജുഡീഷ്യല്‍ അന്വേഷണമെന്ന ചോദ്യമുയര്‍ത്തുകയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശം. എന്നാല്‍, ആ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി എന്നതാണ് പ്രതിപക്ഷം നേടിയിട്ടുള്ള വിജയം.
ഇതിനകം ഉയര്‍ന്നുവന്ന പരാതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 39 കേസുകളില്‍ 4 കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വഞ്ചനാ കുറ്റം ആരോപിക്കുന്ന കേസില്‍ രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടും എന്നറിഞ്ഞുകൊണ്ടാണ് അത്തരത്തില്‍ കുറ്റപത്രം നല്‍കാതെ പെരുമ്പാവൂര്‍ കേസില്‍ സരിതാ നായര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സൗകര്യം ഗവണ്‍മെന്റ് ചെയ്തുകൊടുത്തത്. സരിത നായരുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കേസിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പി എ ആയിരുന്ന ജോപ്പന്‍ പ്രതിയായ കേസില്‍ ജാമ്യം കൊടുക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഈ കേസുകളിലെ പ്രതികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമെന്താണ് എന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഇത്. ജോപ്പനെ പോലെ കുറ്റം ചെയ്തിട്ടുള്ള സലീംരാജ്, ജിക്കുമോന്‍, തോമസ് കുരുവിള എന്നിവരെ പ്രതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. ഇവരെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് പുറത്തുവരുമെന്നുള്ളത് കൊണ്ടാണ് ഇവരെ പ്രതിലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ഇപ്പോഴുള്ള കേസന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതോടുകൂടി തകര്‍ന്നുപോവുമെന്നുള്ളത് കൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നത്. മുഖ്യമന്തിക്കും ഓഫീസിനുമെതിരായി പരാതിയൊന്നും വന്നിട്ടില്ലല്ലോ പിന്നെയെന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ പെടുത്തേണ്ടത് എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ ചോദിക്കുന്നത്. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിക്കുമെന്നും ഇതിന്റെ പരിഗണനാ വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി, ഉപരോധസമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു എന്ന പിണറായി വിജയന്റെ പ്രഖ്യാപനം പുറത്തുവന്നതിന് ശേഷം മലക്കം മറിഞ്ഞു. പ്രതിപക്ഷ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയും കെ എം മാണിയുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇത്തരത്തിലൊരു തകിടം മറിച്ചില്‍ നടത്തിയത്. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് അന്വേഷണ വിഷയം തീരുമാനിക്കും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അന്വേഷണത്തില്‍ താനുള്‍പ്പെടുകയില്ല എന്ന നിലപാട് സ്വീകരിച്ചത് കുറ്റവാളിയാണ് എന്ന് സ്വയം ബോധ്യമുള്ളതുകൊണ്ടല്ലേ? നിരപരാധിയാണെങ്കില്‍ അന്വേഷണപരിധിയില്‍ തന്നെയും തന്റെ ഓഫീസിനെയും ഉള്‍പ്പെടുത്തും എന്നല്ലേ അദ്ദേഹം പ്രഖ്യാപിക്കേണ്ടിയിരുന്നത്? മുഖ്യമന്ത്രി നിലപാട് മാറ്റിയെങ്കിലും ആഭ്യന്തരവകുപ്പ് മന്ത്രി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് മാത്രമേ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുകയുള്ളു എന്നും ആഭ്യന്തരമന്ത്രിയെ അതിന് ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നുമാണ്. സര്‍ക്കാരിന്റെ ആരെങ്കിലുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിയട്ടല്ല ഉപരോധം പിന്‍വലിച്ചത് എന്നുള്ളതുകൊണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാശയകുഴപ്പം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയത്. എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ഉള്‍പ്പെടുത്തില്ലെങ്കില്‍ പിന്നെ ജുഡീഷ്യല്‍ അന്വേഷണം വെറും പ്രഹസനമായിരിക്കും. സരിതയും ബിജുവും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ വേണ്ടിയിട്ടല്ല പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്.
നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കിയത് “ആര്‍ക്കും അവരുടെ കാര്യങ്ങളുമായി വരാന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രാപ്യമായിരിക്കണമെന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്... അത് ചിലര്‍ ദുരുപയോഗിച്ചു” എന്നാണ്. ഇതില്‍ നിന്ന് വ്യക്തമാവുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിനുവേണ്ടി ഉപയോഗിച്ചു എന്നതാണ്. മുഖ്യമന്ത്രി പറഞ്ഞതാണ് അത്. പിന്നെയെങ്ങിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുക? മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡും ഒപ്പും ഉപയോഗിച്ചുകൊണ്ടാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇതില്‍ ഒരു കത്ത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍, വേറെ നാലുകത്തുകള്‍ മുഖ്യമന്ത്രി ഒപ്പിട്ടു നല്‍കിയിട്ടുള്ളത് വ്യാജമാണെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പരിചയപ്പെടുത്തിയ കത്തുമായിട്ടാണ് കേന്ദ്രത്തിലെ പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് മന്ത്രി ഫറൂക്ക് അബ്ദുള്ളയെ സരിതാ നായര്‍ സമീപിച്ചത് എന്ന തെളിവ് പുറത്തുവന്നു. മുഖ്യമന്ത്രിയോട് അന്വേഷിച്ച് ഉറപ്പുവരുത്തിയിട്ടാണ് നാല്‍പ്പത് ലക്ഷം രൂപയുടെ ചെക്കുകള്‍ പൂര്‍ണമായും സരിത നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് പണമായി ശേഖരിക്കുന്നതിന് അനുവാദം നല്‍കിയത് എന്ന് ശ്രീധരന്‍ നായര്‍ കോടതിയില്‍ വ്യക്തമാക്കി. കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ഒരുമണിക്കൂര്‍ നേരം ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ വെച്ച് സരിതാ നായരെ മുഖ്യമന്ത്രി രണ്ട് പ്രാവശ്യം കണ്ടു. മുഖ്യമന്ത്രിയുമായി സരിതാ നായര്‍ക്കുള്ള ബന്ധം അനിഷേധ്യമായി തെളിയിക്കുന്ന ഫോട്ടോ പുറത്തുവന്നു. ഈ തട്ടിപ്പ് സംഘത്തിന് വേണ്ടി സോളാര്‍ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായിട്ടാണ് സോളാര്‍ പാനല്‍ വെക്കാന്‍ സ്വാകാര്യകമ്പനികള്‍ക്ക് അനുവാദം ലഭിച്ചത്. 2500 സ്‌ക്വയര്‍ഫീറ്റ് തഥവിസ്തീര്‍ണത്തില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനല്‍ നിര്‍ബന്ധിതമാക്കിക്കൊണ്ട് മന്ത്രിസഭ തീരുമാനമെടുത്തു. ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പാട്ടത്തിന് നല്‍കാമെന്ന ഉത്തരവ് പുറത്തിറക്കി. 330 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഒരു വ്യാജ കൊറിയന്‍ കമ്പനിക്ക് മന്ത്രിസഭ അനുവാദം കൊടുത്തു. അത്തരത്തിലൊരു തീരുമാനം വന്നത് സരിത നായര്‍-ബിജു രാധാകൃഷ്ണന്‍ ഇടപെടലിന്റെ ഭാഗമായാണ്. ഈ വ്യാജകമ്പനിയെ എമര്‍ജിംഗ് കേരളയില്‍ പങ്കെടുപ്പിച്ച് ഇത്തരം ഒരു മന്ത്രിസഭാ തീരുമാനമെടുപ്പിക്കാന്‍ മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയാണ്. ഇങ്ങനെയുള്ള ഒരു മുഖ്യമന്തിയെ അന്വേഷണ പരിധിയില്‍ എങ്ങനെ ഉള്‍പ്പെടുത്താതിരിക്കും? ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സിറ്റിംഗ് ജഡ്ജിയുടെ മുന്നില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷം തയ്യാറാണ്.
ഈ തട്ടിപ്പ് സംഘത്തിന് ആരില്‍ നിന്നെല്ലാമാണ് സഹായം ലഭിച്ചത് എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ സമര്‍പ്പിക്കാനായി സരിത തയ്യാറാക്കിയ 21 പേജുള്ള നോട്ട്. അത് നാല് പേജായി കുറച്ചതിന്റെ പിന്നില്‍ ആരൊക്കെയാണ് ഇടപെട്ടത്? എത്ര കോടി രൂപയാണ് ഇതിന് വേണ്ടി ഒഴുക്കിയത്? ഇത് ജുഡീഷ്യല്‍ അന്വേഷണത്തില്‍ കൂടി മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളു. സരിത നായര്‍ 21 പേജുള്ള നോട്ട് തന്റെ അഭിഭാഷകന് നല്‍കിയത് അദ്ദേഹം കൈപ്പറ്റിയിട്ടുണ്ട് എന്നുള്ള രേഖ പത്തനംതിട്ട ജില്ലാ ജയിലില്‍ ഉണ്ട്. ഈ രേഖയും ഈ ഇരുപത്തിയൊന്ന് പേജ് നോട്ടും കെവശം വെക്കുന്നവരില്‍ നിന്ന് അത് പിടിച്ചെടുക്കാനും സരിതാ നായരുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവും സംബന്ധിച്ച കാര്യങ്ങള്‍ കണ്ടെടുക്കാനും ജുഡീഷ്യല്‍ കമ്മീഷന്‍ തയ്യാറായാല്‍ എല്ലാ കള്ളകള്ളികളും പുറത്തുവരും. ഉന്നതങ്ങളിലുള്ളവരുടെ പങ്ക് പുറത്തുവരുമെന്ന കാരണത്താലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ഗവണ്‍മെന്റ് വൈമനസ്യം കാണിച്ചത്. ആ നിലപാട് തിരുത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഉരോധ സമരം കൊണ്ടുണ്ടായ നേട്ടം.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടുകൂടി മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം ധാര്‍മികമായും രാഷ്ട്രീമായും നിയമപരമായും നഷ്ടപ്പെട്ടിരിക്കയാണ്. മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യത്തിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതോടുകൂടി കൂടുതല്‍ കരുത്ത് വന്നിരിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണം നേരിടേണ്ടി വന്ന ഒരു മുഖ്യമന്ത്രിയും കേരളത്തില്‍ ഉണ്ടായിരുന്നിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണം നേരിടേണ്ടി വന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടി വന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അശോക് ചൗവാന്‍ ആദര്‍ശ് ഫ്‌ളാറ്റ് കുഭകോണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ രാജിവെച്ചു. ഈ അടുത്ത ദിവസമാണ് ജമ്മുകാശ്മീരില്‍ ആഭ്യന്തര സഹമന്ത്രി സജ്ജാദ് അഹമ്മദ് കിച്ചുലു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ രാജി സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചും രാജിവെക്കാതിരുന്ന ഒരു മുഖ്യമന്ത്രി മാത്രമേയുള്ളു അത് ബി ജെ പിയുടെ മുഖ്യമന്ത്രി യദൂര്യപ്പ ആയിരുന്നു. യദൂര്യപ്പയെയാണ് ഇക്കാര്യത്തില്‍ തന്റെ ഗുരുവായി ഉമ്മന്‍ചാണ്ടി കണക്കാക്കിയിട്ടുള്ളത് എങ്കില്‍, മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് ബി ജെ പിയില്‍ നിന്ന് തന്നെ പുറത്തുപോവേണ്ടി വന്ന യദ്യൂരപ്പയുടെ അവസ്ഥ ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നത് നന്നാവും. കേരളത്തില്‍ എല്‍ ഡി എഫ് മന്ത്രിസഭയുടെ കാലഘട്ടങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിട്ട മന്ത്രിമാരെല്ലാം രാജിവെക്കുകയാണുണ്ടായത്. നായനാര്‍ മന്ത്രിസഭയിലെ നീലലോഹിതദാസന്‍ നാടാര്‍, വി എസ് മന്ത്രിസഭയില്‍ പി ജെ ജോസഫും ടി ഒ കുരുവിളയും രാജിവെച്ച് മാതൃക കാണിച്ചു. യു ഡി എഫ് കാലഘട്ടങ്ങളില്‍ കെ കരുണാകരനും കെ പി വിശ്വനാഥനും കെ കെ രാമചന്ദ്രന്‍ മാസ്റ്ററും രാജിവെക്കുകയാണ് ഉണ്ടായത്. എന്നാല്‍, കോണ്‍ഗ്രസ് സൃഷ്ടിച്ച കീഴ്‌വഴക്കം പോലും തനിക്ക് ബാധകമല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിക്ക് ഇനി അധികകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. ജുഡീഷ്യല്‍ അന്വേഷണം നേരിടുന്നൊരു മുഖ്യമന്ത്രി എങ്ങനെ ആധികാരത്തില്‍ തുടരുമെന്ന ചോദ്യത്തിന് അദ്ദേഹം പങ്കെടുകുന്ന എല്ലാ പരിപാടികളിലും ഉത്തരം നല്‍കേണ്ടി വരും. ഇങ്ങനെയൊരു പുതിയ സമരമുഖം തുറക്കാന്‍ ഉള്ള കരുത്താണ് ഈ ഉപരോധ സമരത്തിന് ശേഷം കേരളത്തില്‍ രൂപം കൊണ്ടിരിക്കുന്നത്. .