മണ്ണ് നമുക്ക് വേണം
സുഗതകുമാരി
![]() |
|
അഞ്ച് ഹെക്ടര്‍ വരെയുള്ള സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നതിന് ഇനി പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കേരളത്തെ സംബന്ധിച്ച് ഈ തിരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നിരവധി നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടായിട്ടും മണ്ണിനെ വില്‍പ്പനയ്ക്ക് വെക്കുന്ന വാണിഭക്കാര്‍ കൂടി വരികയാണ്. അവര്‍ ഭൂമിയെ മുറിച്ചുമാറ്റും. കുന്നുകളെ ഇടിച്ച് നിരത്തും. മലകളെ ഇല്ലാതാക്കും. നാടിന്റെ ജീവനെ ഇല്ലാതാക്കുന്ന ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നയം ഉപകരിക്കുക. മണ്ണ്, ഭൂമാഫിയകള്‍ക്ക് വേണ്ടി പുറത്തിറക്കിയതാണോ കേന്ദ്രസര്‍ക്കാറിന്റെ ഈ ഉദാരനയമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. |
ജനസാന്ദ്രത തീരെ ഇല്ലാത്തതും വരണ്ടതുമായ ഭൂപ്രദേശങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാവും. അവിടെ ഈ കേന്ദ്ര നിയമം വലിയ കുഴപ്പൊന്നും ചിലപ്പോള്‍ ഉണ്ടാക്കി എന്ന് വരില്ല. പക്ഷെ, കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിന് രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ ഒരു ശതമാനം വലിപ്പം മാത്രമേയുള്ളു. എന്നാല്‍, ജനസംഖ്യയുടെ നാല്ശതമാനവും കേരളത്തിലാണ്. നിലവില്‍ കേരളത്തിലെ പ്രകൃതി ഒരു പാട് പ3തിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. പാടം നികത്തല്‍ പോലുള്ള പ്രവണതകള്‍, കുന്നിടിച്ച് ഭൂമിയാക്കി വീടുവെക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നിയമത്തിന്റെ കണ്ണുകള്‍ കെട്ടി ഇവിടെ സംഭവിക്കുന്നുണ്ട്. ഇവിടുത്തെ ശേഷിക്കുന്ന കുന്നുകളുടെയും പാടങ്ങളുടെയും നിലനില്‍പ്പിനെ ഇല്ലാതാക്കരുത്. കേന്ദ്രസര്‍ക്കാരിനെ ഉദാരമായ ഖനന നയം കേരളത്തിന് ഭീഷണിയാണ്.
സംസ്ഥാനത്ത് 'നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം' പ്രാബല്യത്തില്‍ വന്നത് 2008ലാണ്. അതില്‍ നമ്മുടെ മണ്ണിനെ സംരക്ഷിക്കാന്‍, പാടങ്ങളെ കാത്തുസൂക്ഷിക്കാന്‍ നിരവധി മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. അതൊക്കെ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ആറന്‍മുളയില്‍ വരെ നമ്മള്‍ കണ്ടത് അതാണ്. ഇവിടെ ലക്ഷക്കണക്കിന് ഏക്കര്‍ നെല്‍പാടവും തണ്ണീര്‍ത്തടങ്ങളും നിയമം വന്നതിന് ശേഷവും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഒരു കിലോമീറ്റര്‍ ദൂരം റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ചീറിപ്പായുന്ന ടിപ്പറുകളെ കാണാന്‍ സാധിക്കും. അവര്‍ മനുഷ്യരുടെ മുകളില്‍ കയറി ജീവഹാനി വരുത്തുംപോലെ പ്രകൃതിയെ കൊല്ലുന്ന ആസുരതയുടെ ചിഹ്നങ്ങള്‍ കൂടിയാണ്. നിയമവിരുദ്ധ ക്വാറികളും അനുമതിയില്ലാതെ യന്ത്രകൈകള്‍ നീട്ടുന്ന ജെ.സി.ബി.കളും ഒരു കാഴ്ചയല്ലാതായി മാറുന്ന വര്‍ത്തമാനത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളത്.
ജൈവവൈവിധ്യവും ജീവിതവ്യവസ്ഥയും സ്ഥലജല സന്തുലിതാവസ്ഥയും രൂപം കൊണ്ടത് ഭൂമിയുടെ നൈസര്‍ഗികമായ കിടപ്പിനെ ആധാരമാക്കിയാണ്. ഭൂവിനിയോഗം വാണിജ്യവത്കരിക്കപ്പെട്ടുകഴിഞ്ഞ ഭീഷണമായ സാഹചര്യത്തില്‍ ഇതൊക്കെ അട്ടിമറിക്കപ്പെടുന്നു. ഈ കേന്ദ്രനയം ഈ അവസ്ഥയ്ക്ക് കൂടുതല്‍ ബലം പകരും. ഇനിയുള്ളത് കൂടി തുടച്ചുനീക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ. അടിന്തിരമായും ഖനന നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്രതീരുമാനം പുനഃപരിശോധിക്കണം. അതിനായി ഭരണപ്രതിപക്ഷ ഭേദംകൂടാതെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം. അതിന് കേരളം മുന്‍കൈയെടുക്കണം.