പാസ്‌പോര്‍ട്ട്
സുനില്‍ തിരൂര്‍
ആദ്യത്തെ വരവായിരുന്നു.
പാസ്‌പോര്‍ട്ട് നോക്കി
അടക്കം പറയുന്നുണ്ട് ഉദ്യോഗസ്ഥര്‍.
സംശയാസ്പദമായ എന്തെല്ലാമോ
അവരുടെ കണ്ണുകളില്‍.
പാസ്‌പോര്‍ട്ടിലെ പേരിന്റെയവസാനം
പോക്കുവെയിലിന്റെ ഒരു ചീള്
വാള്‍മുന പോലെ.
വീട്ടുപേരെഴുതിയ അക്ഷരങ്ങള്‍ക്കിടയില്‍
കരിഞ്ഞ ഒരു തുളസിയിതള്‍.
സ്ഥലം രേഖപ്പെടുത്തിയ ഭാഗത്ത്
പാതി ചൊല്ലി നിര്‍ത്തിയ ഒരു കവിതയും
കുടിച്ചു തീരാത്ത ഒരു ഗ്ലാസ്സും
നടുപേജില്‍
നിലാവിലേക്ക് ചുഴറ്റിയെറിയപ്പെട്ട
അശാന്തമായ രണ്ടു കണ്ണുകള്‍.
അവസാന പേജില്‍
അറ്റമില്ലാത്ത ഇരുള്‍ വിഴുങ്ങിയ ഒരിടവഴി.
അന്വേഷണങ്ങള്‍ക്ക് ശേഷം
എന്നെ മാറ്റി നിര്‍ത്തി
നനയാത്ത വാക്കുകളില്‍
ഉദ്യോഗസ്ഥന്‍ മൊഴിഞ്ഞു;
ഇനിയും അടയാളപ്പെടുത്തേണ്ട
ചിലത് ബാക്കിയുണ്ടെന്നും
അതിനൊരു പാസ്‌പോര്‍ട്ടിന്റെ
പേജുകള്‍ മതിയാകില്ലെന്നും !.

https://www.facebook.com/sunil.tirur.7
ഉറുമ്പോളം ചെറുതായ ഞാന്‍
വര്‍മ്മ ബുദ്ധ
ചാവ് രാത്രിപോലെ തോന്നിച്ച
ഇന്നലത്തെ രാത്രിക്ക്
നിന്റെ വിശിഷ്ട സിദ്ധിയുള്ള വാക്കുകള്‍
ചിതല്‍പുറ്റ് തീര്‍ത്തു
ഉറക്കമറ്റ് കണ്ണുകളന്യോന്യം പകച്ചിരുന്നപ്പോള്‍
എനിക്കെന്റെ കിടക്കപോലും നഷ്ടമായി.
മരിക്കുക എനിക്കിഷ്ടമുള്ള കാര്യമല്ല
ഇങ്ങനെ അതിജീവിക്കുന്നതും
ഉദാഹരണങ്ങളില്‍ എത്രനാള്‍
ശ്വാസം കഴിക്കാനാകും
രൂപകങ്ങള്‍ ക്ഷുബ്ധമായ ഇണക്കങ്ങളെ
സ്മരണകളെ മറക്കും
എന്റെ പ്രജ്ഞയിലെ
ലാടക്കാലുകളാണവ.
ഞാനൊന്നും പുതച്ചു വച്ചില്ല
നിന്റെ തന്നെ മാംസചുവരിലൊളിച്ചു അനാവൃതനും
ഭയചകിതനുമാണ് ഞാന്‍
സ്വന്തം നിഴലിന്നു മീതെ ജീവിക്കുന്നവന്‍
പ്രണയസുഷിരത്തിലാണ് ഞാന്‍ ജീവിക്കുന്നത്
ഉറുമ്പോളം ചെറുതായ ഞാന്‍.

https://www.facebook.com/varma.budha
തോട്ടി
അനീഷ് പുതുവലില്‍

തോട്ടിയെ അറപ്പോടെ നോക്കിയിട്ടുണ്ട്
മനംപുരട്ടി ഒക്കാനിച്ചിട്ടുണ്ട്
എന്റെ വിസര്‍ജ്ജ്യമാണല്ലോ
അയാളുടെ ആഹാരം
എന്ന് കരുതി പരിഹസിച്ചിട്ടുണ്ട്.
കുറെയായി അയാളെ കാണുന്നേയില്ല
സെപ്റ്റിക്ക് ടാങ്ക്‌പൊട്ടി ഒലിക്കുന്നു
അയല്‍ക്കാര്‍ ഒഴിഞ്ഞു തുടങ്ങി
(എനിക്കത് ആവില്ലല്ലോ)
വിസര്‍ജ്ജ്യത്തിലെ ഈച്ചകള്‍
ഓരോ അരിമണിയിലും
അവകാശം സ്ഥാപിച്ചിരിക്കുന്നു
ഓരോ വറ്റിലും
വിസര്‍ജ്ജ്യത്തിന്റെ രൂക്ഷഗന്ധം
ഹോ ഭാഗ്യം!
ഇന്നയാള്‍ വന്നു
അറപ്പൊട്ടും ഇല്ലാതെ എല്ലാം വൃത്തിയാക്കി
ഇനി എനിക്ക് സ്വാദോടെ വിശപ്പടക്കാം
കൂലിക്ക് നീട്ടിയ കൈകള്‍ കണ്ടപ്പോള്‍ ഓര്‍ത്തു
അയ്യേ! ഇയാള്‍ തോട്ടിയല്ലേ
എന്റെ വിസര്‍ജ്ജ്യത്തെ ആഹാരമാക്കുന്ന !!
ഓക്കാനിക്കാന്‍ വരുന്നു.

www.facebook.com/aneesh.puthuvalil
വാക്കുറപ്പ്
ശാലിനി ദേവാനന്ദ്

അരക്ഷിതത്വത്തിന്റെ
അസഹിഷ്ണുതയേക്കാള്‍
അനാഥത്വത്തിന്റെ
ഉള്‍ചൂടാണ് എനിക്കിഷ്ടം
അവസരത്തിനൊത്ത്
ഉപയോഗിക്കുന്ന
വെറും ചരക്കായ
പ്രണയത്തേക്കാള്‍
എനിക്കിഷ്ടം
അപരിചിതത്വം
സമ്മാനിക്കുന്ന,
ലാഭനഷ്ടങ്ങളുടെ
കണക്കുപുസ്തകം
സൂക്ഷിക്കാത്ത,
വെറും പരിചയങ്ങളാണ്.

Comments
RSS feed for comments to this post