ആദിവാസി സമൂഹത്തെ തിരിച്ചറിയണം
ഡോ. കെ എന്‍ പണിക്കര്‍
![]() |
|
ആദിവാസികളെ അവര്‍ ജീവിക്കുന്ന സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പുനരധിവസിപ്പിക്കാനുള്ള ശ്രമം. അത്തരം ഒരു പറിച്ചുനടല്‍ നടത്തുമ്പോള്‍ അതിലുള്ള പ്രശ്‌നങ്ങള്‍, അപാകതകള്‍ എന്താണ് എന്നുപരിശോധിക്കപ്പെടണം. ഓരോ നടപടിയെടുക്കുമ്പോഴും, ഓരോ പദ്ധതി രൂപീകരിക്കുമ്പോഴും അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോഭാവവും കാഴ്ചപ്പാടും താല്പര്യവും അതിനെ വികലമാക്കാന്‍ ഇടയുണ്ട്. കേരളത്തിലെ ആദിവാസികളുടെ ജീവിതത്തില്‍ അതാണ് സംഭവിച്ചത്. ഇന്ന് ആദിവാസി കോളനിയില്‍ പട്ടിണി മരണങ്ങള്‍ സംഭവിക്കുമ്പോള്‍ കാരണം തേടി വേറൊരിടത്തും അലയേണ്ടതില്ല. . |
ആദിവാസികള്‍, ദളിതര്‍ എന്നിവരുടെ ജീവിതരീതിയും അവരുടെ ആവാസസ്ഥലവും പരിവര്‍ത്തിക്കപ്പെട്ടു. അവര്‍ക്ക് പലതും നഷ്ടപ്പെട്ടു. ഇത് വാസ്തവമാണ്. ഇതെല്ലാം ചരിത്രപ്രക്രിയയുടെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതാണ് എന്നൊക്കെ പറയുന്ന ആളുകളുണ്ട്. മുതലാളിത്തവല്‍ക്കരണവും വ്യവസായവത്ക്കരണവും എല്ലാം സംഭവിക്കുമ്പോള്‍, മറ്റ് പല മേഖലയിലും പല നഷ്ടങ്ങള്‍ സംഭവിക്കുന്നു എന്നത് സ്വാഭാവികമാണ് എന്നൊക്കെയുള്ള പല അഭിപ്രായങ്ങളും നിലവിലുണ്ട്. ഇവിടെ ദളിത് വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതരീതിയുടെയും സാംസ്‌ക്കാരിക നിലനില്‍പ്പിന്റെയും സ്വഭാവം തന്നെ മാറി.
ഒരുപക്ഷേ ദളിത് വിഭാഗത്തിന് ഗുണപരമായ കാര്യങ്ങള്‍ സംഭവിച്ചിട്ടില്ലേ. അവര്‍ക്ക് നഷ്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളുവോ എന്നും ആലോചിക്കേണ്ടതുണ്ട്. പക്ഷേ ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ അടിസ്ഥാനപരമായി സ്പര്‍ശിക്കേണ്ടതായിരുന്നു. അവരുടെ സവിശേഷതയും സാംസ്‌കാരിക ജീവിതവും കണക്കിലെടുത്തുകൊണ്ടുള്ള മാറ്റങ്ങള്‍ ആയിത്തീരേണ്ടതായിരുന്നു. ഉദാഹരണത്തിന് ആദിവാസികളെ അവര്‍ ജീവിക്കുന്ന സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പുനരധിവസിപ്പിക്കാനുള്ള ശ്രമം. അത്തരം ഒരു പറിച്ചുനടല്‍ നടത്തുമ്പോള്‍ അതിലുള്ള പ്രശ്‌നങ്ങള്‍, അപാകതകള്‍ എന്താണ് എന്നുപരിശോധിക്കപ്പെടണം. ഓരോ നടപടിയെടുക്കുമ്പോഴും, ഓരോ പദ്ധതി രൂപീകരിക്കുമ്പോഴും അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോഭാവവും കാഴ്ചപ്പാടും താല്പര്യവും അതിനെ വികലമാക്കാന്‍ ഇടയുണ്ട്. കേരളത്തിലെ ആദിവാസികളുടെ ജീവിതത്തില്‍ അതാണ് സംഭവിച്ചത്. ഇന്ന് ആദിവാസി കോളനിയില്‍ പട്ടിണി മരണങ്ങള്‍ സംഭവിക്കുമ്പോള്‍ കാരണം തേടി വേറൊരിടത്തും അലയേണ്ടതില്ല.
ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ രാഷ്ട്രീയമായ, സാമൂഹികമായ ഇടപെടല്‍ ആവശ്യമാണ്. ഒരു പ്രധാനപ്പെട്ട കാര്യം ഇവിടെയുണ്ടായിട്ടുള്ളത്, ഇത്തരം കാര്യങ്ങളില്‍ ഈ ജനവിഭാഗങ്ങളില്‍പ്പെട്ടവര്‍ സ്വയം ബോധവാന്മാരായിക്കൊണ്ടിരിക്കുന്നു എന്നതാണ്. രണ്ടാമതായി ഒരുപാട് സന്നദ്ധ സംഘടനകള്‍ ഈ മേഖലയില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ തീരും എന്നും കരുതാനാവില്ല. സവര്‍ണ രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങളും പ്രശ്‌നങ്ങള്‍ ഇതിലുണ്ട് എന്നത് തിരിച്ചറിയപ്പെടേണ്ട കാര്യം തന്നെയാണ്. അത്തരം തിരിച്ചറിവുകളില്‍ നിന്ന് ആദിവാസി വിഭാഗത്തിന് നേരെ അല്‍പ്പമെങ്കിലും ശ്രദ്ധപതിപ്പിക്കാന്‍ സാധിച്ചിട്ടുള്ളത് ഇടതുപക്ഷത്തിനാണെന്ന് കാണാന്‍ സാധിക്കും അത് കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ വ്യാപിപ്പിക്കുകയും സാര്‍ത്ഥകമാക്കുകയും ചെയ്യുകയാണ് ഇനി വേണ്ടത്. വലതുപക്ഷത്തിന്റെ ഭരണകൂടം ആദിവാസികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ തീര്‍ച്ചയായും ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍, അവര്‍ക്ക് വേണ്ടി നിലപാടെടുക്കാന്‍ ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്. അത് നിറവേറ്റുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്..