സാങ്കേതിക ലോകത്തെ ഞെട്ടിച്ച്, പ്രമുഖ ടെക് ഭീമനായ ഗൂഗിൾ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ നടത്തി. ഈ തവണ കമ്പനിയുടെ അതിവേഗം വളരുന്ന ക്ലൗഡ് വിഭാഗമാണ് കടുത്ത നടപടിക്ക് സാക്ഷ്യം വഹിച്ചത്. നൂറിലധികം ജീവനക്കാർക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടപ്പെട്ടത്. എഐയില്‍ കൂടുതലായി ശ്രദ്ധപതിപ്പിക്കുന്നതിന്‍റെ ഭാഗമായി തന്നെയാണ് ഈ പിരിച്ചുവിടലെന്നും വാര്‍ത്തയില്‍ പറയുന്നു. ജീവനക്കാരോട് എഐയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ ഗൂഗിള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ വാര്‍ത്ത വന്നിരിക്കുന്നത്. എത്ര പേരെയാണ് ഇപ്പോള്‍ ഗൂഗിള്‍ ഒഴിവാക്കിയിരിക്കുന്നതെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല.

ഗൂഗിളിന്റെ ഈ നീക്കം ശ്രദ്ധേയമാവുന്നത്, അവരുടെ ക്ലൗഡ് വിഭാഗം റെക്കോർഡ് ലാഭത്തിൽ പ്രവർത്തിക്കുമ്പോളാണ് എന്നതാണ്. കമ്പനിയുടെ ലാഭവിഹിതത്തിൽ ക്ലൗഡ് വിഭാഗം വലിയ സംഭാവന നൽകുന്നുണ്ട്. എന്നിരുന്നാലും, ഭാവി വളർച്ചയ്ക്ക് AI ആണ് പ്രധാനമെന്ന് കരുതുന്ന ഗൂഗിൾ, ആ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ ‘പുനഃസംഘടന’ നടപടികൾ തുടരുന്നത്.

ഗൂഗിള്‍ ക്ലൗഡ് യൂണിറ്റിന്‍റെ ക്വാണ്ടിറ്റേറ്റീവ് യൂസർ എക്‌സ്‌പീരിയൻസ് റിസർച്ച് ടീമിലെയും, പ്ലാറ്റ്‌ഫോം ആൻഡ് സർവീസ് എക്‌സ്‌പീരിയൻസ് ടീമിലെയും, മറ്റ് ചില അനുബന്ധ ടീമുകളിലേയും ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്.

ക്ലൗഡ് യൂണിറ്റിലെ ചില ഡിസൈൻ ടീമുകളിലെ ജോലിക്കാരുടെ എണ്ണം ഗൂഗിൾ പകുതിയാക്കി വെട്ടിക്കുറച്ചിട്ടുണ്ട്. ചില റോളുകള്‍ പൂര്‍ണമായും എടുത്തുകളഞ്ഞു. ഇപ്പോഴത്തെ തൊഴില്‍ നഷ്‌ടം നേരിട്ടവരില്‍ മിക്കവരും അമേരിക്കൻ ആസ്ഥാനമായി ജോലി ചെയ്‌തിരുന്നവരാണ്. പുതിയ ജോലി കണ്ടെത്താൻ ചില ജീവനക്കാർക്ക് ഡിസംബർ ആദ്യം വരെ സമയം ഗൂഗിള്‍ നീട്ടിനല്‍കിയിട്ടുമുണ്ട്. എങ്കിലും, സാങ്കേതിക മേഖലയിലെ ജോലിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ് ഗൂഗിളിൽ നിന്നുള്ള ഈ വാർത്ത.