സമാധാനത്തിന് നോബേല്‍ സമ്മാനം വേണമെന്ന് പറയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇസ്രയേലിന് പിന്തുണ നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . സാമ്രാജ്യത്തെ നേരിടുന്നതില്‍ സോവിയേറ്റ് റഷ്യ ഉണ്ടായിരുന്നുവെന്നും അറബ് രാജ്യങ്ങള്‍ക്ക് അവര്‍ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന എല്‍ഡിഎഫ് ഐക്യദാര്‍ഢ്യ സദസിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ല അബു ഷാവേഷിയും സദസിലെത്തി. 'കപ്പല്‍ പടയെ തടഞ്ഞ് സോവിയേറ്റ് റഷ്യ ഇന്ത്യക്കും പിന്തുണ നല്‍കി. സോവിയേറ്റ് റഷ്യയുടെ തകര്‍ച്ചയില്‍ സന്തോഷിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. സാമ്രാജ്യത്വത്തെ നേരിടുന്നതിന് ഇന്ന് ഒരു ശക്തിയില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലോകത്തിന് സമാധാനം നല്‍കി. ഭാവിയില്‍ ചൈനക്ക് അതിന് സാധിച്ചേക്കും', അദ്ദേഹം പറഞ്ഞു.
അതേപോലെതന്നെ, പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് തിരുത്തണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍ ജനത നേരിടുന്ന യാതന സമാനതകളില്ലാത്തതാണ്. സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും പലസ്തീന്‍ ജനതയുടെ വേദന നമ്മുടെത് കൂടിയാണെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനെതിരെ അമേരിക്ക നേരിട്ട് യുദ്ധത്തിന് ഇറങ്ങിയെന്നും ലോകത്തിന്റെ പ്രസിഡന്റാണ് എന്ന് ലജ്ജയില്ലാതെ ട്രംപ് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കന്‍ തീരുവയെയും എം വി ഗോവിന്ദന്‍ മാസ്റ്റർ വിമര്‍ശിച്ചു.