സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയിൽ നടന്ന ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ അത്യുജ്ജ്വല വിജയം നേടി. ആകെ 10 സീറ്റുകളിൽ 8 സീറ്റുകളിൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ജനറൽ കൗൺസിൽ ഇത്തവണ വൻ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ തിരിച്ചുപിടിക്കുകയായിരുന്നു.
“നിഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർത്ഥിത്വം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ക്യാമ്പസുകളിൽ സംഘടന തുടർച്ചയായി സ്വീകരിച്ച വിദ്യാർത്ഥിപക്ഷ നിലപാടുകൾക്കും ശക്തമായ ഇടപെടലുകൾക്കും ലഭിച്ച അംഗീകാരമാണ് ഈ വിജയം. ജനറൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചവർ:
മെമ്പർ മോഡേൺ മെഡിസിൻ – അശ്വിൻ എ.എം,
മെമ്പർ നഴ്സിംഗ് (ജനറൽ) – അറഫാത്ത് എൻ,
മെമ്പർ നഴ്സിംഗ് (വുമൺ) – ആര്യ പി, ലിയ റോസ്,
മെമ്പർ ഫാർമസി (വുമൺ) – ഫെമിത ഷെറിൻ,
മെമ്പർ അദർ താൻ ദ സബ്ജക്റ്റ് (ജനറൽ) – അഫ്സൽ കെ,
മെമ്പർ ഡെന്റൽ സയൻസ് – ആകാശ് ലവ്ജൻ,
മെമ്പർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ – ഹൃദ്യ ആർ.
വിദ്യാർത്ഥികളുടെ ജനാധിപത്യ ചിന്തകളെ സംരക്ഷിക്കുകയും വർഗീയതയ്ക്കും ക്യാമ്പസുകളിലെ അക്രമ രാഷ്ട്രീയത്തിനും എതിരായി എസ്എഫ്ഐ നടത്തിയ പ്രബുദ്ധമായ പ്രചാരണമാണ് ഈ വിജയത്തിന് അടിസ്ഥാനം. വിദ്യാർത്ഥി ഐക്യത്തിന്റെയും രാഷ്ട്രീയ ബോധത്തിന്റെയും ശക്തമായ പ്രതിഫലനമാണ് ഈ വിജയം എന്നും, വിദ്യാർത്ഥി അവകാശങ്ങൾ സംരക്ഷിക്കാൻ എസ്എഫ്ഐ മുന്നോട്ടുവച്ച സമഗ്രമായ രാഷ്ട്രീയ നിലപാടുകൾക്ക് വിദ്യാർത്ഥി സമൂഹം നൽകിയ അംഗീകാരമാണിതെന്നും നേതാക്കൾ പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ്., സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവർ അഭിനന്ദിച്ചു.
