കുട്ടികളുടെ അവധിക്കാലം പഠനഭാരമില്ലാതെ ആഘോഷിക്കാനുള്ളതാണെന്നും ഈ സമയത്ത് ക്ലാസുകൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വേനലവധിയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ കർശന നിലപാട്.

അവധിക്കാല ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, കുട്ടികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ സമയം ആസ്വദിക്കാൻ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കലോത്സവം തൃശൂരിൽ, ജനുവരി 14-ന് തിരിതെളിയും

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്‌കൂൾ കലോത്സവത്തിന് ഇത്തവണ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ വേദിയാകും. 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം നടക്കുന്നത്. തൃശൂർ തേക്കിൻകാട് മൈതാനം പ്രധാന വേദിയാകുന്ന കലാമാമാങ്കത്തിന്റെ ഷെഡ്യൂൾ പ്രകാശനം മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ. രാജനും ചേർന്ന് നിർവഹിച്ചു.

ജനുവരി 14-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 18-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാന വേദിയായ തേക്കിൻകാട് മൈതാനം ഉൾപ്പെടെ ആകെ 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.