പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രി പി. രാജീവ്. സതീശൻ ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റിപ്പറയുകയാണെന്നും, യഥാർത്ഥത്തിൽ അദ്ദേഹത്തിന് എന്തുപറ്റിയെന്ന് പോലും മനസിലാകുന്നില്ലെന്നും മന്ത്രി പരിഹസിച്ചു. നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മൗനം പാലിക്കുന്ന സതീശൻ, മറുപടി നൽകുമ്പോൾ ഒറ്റ ചോദ്യത്തിൽ പൊട്ടിത്തീരാവുന്ന ബലൂൺ മാത്രമാണെന്നും പി. രാജീവ് വിമർശിച്ചു.

വന്ദേ ഭാരത് ട്രെയിൻ വന്നപ്പോൾ കേരളത്തിന് അതിവേഗ ട്രെയിൻ വേണ്ടെന്ന് പറഞ്ഞ സതീശൻ ഇപ്പോൾ നിലപാട് മാറ്റി അതിവേഗ ട്രെയിൻ വേണമെന്ന് പറയുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. സ്പ്രിംഗ്ലർ, എഐ ക്യാമറ വിഷയങ്ങളിൽ കോടതിയെ സമീപിച്ച നടപടികളെയും അദ്ദേഹം വിമർശിച്ചു. ആ കേസുകൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് സതീശൻ ഓർക്കണമെന്നും, അദ്ദേഹം മുൻപ് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ എല്ലാം പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും പി. രാജീവ് പറഞ്ഞു.

ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിലെ ബോംബാണെന്ന് താൻ പറഞ്ഞുവെന്ന സതീശന്റെ ആരോപണം പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്നും, അത്തരമൊരു പരാമർശത്തിന് തെളിവായി വീഡിയോ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ തയ്യാറാകണമെന്നും മന്ത്രി വെല്ലുവിളിച്ചു.

പ്രതിപക്ഷ നേതാവിന്റെ സമീപകാല പ്രസ്താവനകൾ നീതിന്യായ സംവിധാനത്തെ പോലും അധിക്ഷേപിക്കുന്നതാണെന്നും, വസ്തുതകൾ പരിശോധിക്കാതെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഒരു പ്രതിപക്ഷ നേതാവിന് യോജിച്ചതല്ലെന്നും പി. രാജീവ് വ്യക്തമാക്കി. കേരളത്തിൽ പ്രതിപക്ഷ നേതാവ് എതിർക്കാത്ത ഒരു വികസന പദ്ധതിയെങ്കിലും ഉണ്ടോയെന്നും മന്ത്രി ചോദിച്ചു.