കേരള സ്റ്റോറി ടുവിന് എതിരെ സംസ്ഥാന സർക്കാർ. സിനിമ വിദ്വേഷ പടർത്താനുള്ള ആസൂത്രിത നീക്കമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. നുണകൾ ഉൽപ്പാദിപ്പിക്കുന്ന സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉൽപ്പന്നമാണ് കേരള സ്റ്റോറി. കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാനുള്ള നീക്കമാണ് സിനിമയെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.

വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ' ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മുസ്ലീം വിരുദ്ധത നിറഞ്ഞതാണ് സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി 27ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

."നമ്മുടെ പെൺമക്കൾ പ്രണയത്തിലാകുന്നതല്ല, അവർ കെണികളിൽ വീഴുകയാണ്. ഇനി ഇത് സഹിക്കില്ല. പോരാടും," എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവച്ചിരിക്കുന്നത്. 2023ൽ ഇറങ്ങിയ ആദ്യ ഭാഗത്തിൽ എന്ന പോലെ മതപരിവർത്തനം തന്നെയാണ് ഈ സിനിമയും ചർച്ച ചെയ്യുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.