സംസ്ഥാന സർക്കാരിന്റെ വികസന–ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് തുടക്കമാകും. മൂന്ന് മേഖലകളായി നടത്തുന്ന പര്യടനങ്ങളിൽ ആദ്യത്തേതായ വടക്കൻ മേഖലാ ജാഥ ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ജാഥാ ക്യാപ്റ്റൻ.
കേരളം കൈവരിച്ച വികസന മുന്നേറ്റവും എൽഡിഎഫ് സർക്കാരിന്റെ കരുതലും ജനങ്ങളോട് വിശദീകരിച്ച് ഭരണത്തുടർച്ചയ്ക്കുള്ള ജനവിധി തേടുക എന്നതാണ് ജാഥയുടെ മുഖ്യലക്ഷ്യം. കാസർകോട് മുതൽ പാലക്കാട് വരെ ആറു ജില്ലകളിലൂടെ സഞ്ചരിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി 16ന് പാലക്കാട് തരൂരിൽ സമാപിക്കും. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പി. സന്തോഷ് കുമാർ എംപി മാനേജറായ ജാഥയിൽ മുന്നണിയിലെ വിവിധ കക്ഷി നേതാക്കൾ സ്ഥിരാംഗങ്ങളായി പങ്കെടുക്കും.
