കേരളത്തിൽ ഇടതുപക്ഷ ഭരണം തുടരണമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവന ആത്മാർത്ഥത നിറഞ്ഞതാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇന്ത്യയിലുടനീളം അറിയപ്പെടുന്ന വ്യക്തിത്വമായ അയ്യർ, കേരളത്തിലെ വികസനവും വർഗീയ സംഘർഷങ്ങളില്ലാത്ത അന്തരീക്ഷവും കണ്ടറിഞ്ഞാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് രമേശ് ചെന്നിത്തലയേക്കാൾ കൂടുതൽ അറിവ് മണിശങ്കർ അയ്യർക്കുണ്ടെന്നും, എന്നാൽ അദ്ദേഹത്തിന്റെ വസ്തുതാപരമായ പ്രസ്താവന ഉൾക്കൊള്ളാൻ വി.ഡി. സതീശനും ചെന്നിത്തലയ്ക്കും സാധിക്കുന്നില്ലെന്നും മന്ത്രി പരിഹസിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 110 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനമാണ് മന്ത്രി ഉന്നയിച്ചത്. ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിപക്ഷം പ്രതിക്കൂട്ടിലായെന്നും, ഇനി ശബരിമല വിഷയം പറഞ്ഞ് വോട്ട് പിടിക്കാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരെയും മന്ത്രി രൂക്ഷമായ പരിഹാസം ഉയർത്തി.

കെ.സി. വേണുഗോപാലിന് ഇപ്പോൾ കോൺഗ്രസിലെ അടുക്കള കാര്യങ്ങൾ അന്വേഷിക്കാൻ മാത്രമേ സമയമുള്ളൂവെന്നും, ബിജെപി ചെയ്യുന്ന അതേ ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണ് ആരെങ്കിലും പാർട്ടിയിലേക്ക് വരുമോ എന്ന് ഫോൺ ചെയ്ത് ചോദിക്കുന്നതിലൂടെ വേണുഗോപാലും ചെയ്യുന്നതെന്നും മന്ത്രി വിമർശിച്ചു.

നടൻ പ്രേംകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി വ്യക്തമായ നിലപാട് രേഖപ്പെടുത്തി. സ്ഥാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എന്നും ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന വ്യക്തിയാണ് പ്രേംകുമാറെന്നും അദ്ദേഹത്തെ തനിക്ക് അടുത്തറിയാമെന്നും മന്ത്രി പറഞ്ഞു. പ്രേംകുമാർ ഒരിക്കലും കോൺഗ്രസിൽ പോയി അബദ്ധം കാണിക്കുമെന്ന് കരുതുന്നില്ലെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.