ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് നിലപാട് അറിയിക്കാൻ ആവശ്യമായ സമയം ലഭിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിധി വരുമ്പോൾ ആർക്കും ഒരു “സുവർണാവസരവും” വീണുകിട്ടില്ലെന്നും, അതിനെക്കുറിച്ച് അനാവശ്യ ഉത്കണ്ഠ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല യുക്തീ പ്രവേശന വിഷയത്തിൽ ഭരണഘടനാപരമായി വ്യാഖ്യാനിക്കേണ്ട ഏഴ് പ്രധാന ചോദ്യങ്ങളുണ്ടെന്ന് രാജീവ് ചൂണ്ടിക്കാട്ടി. സങ്കീർണമായ ഭരണഘടനാ പ്രശ്നങ്ങളാണ് കോടതി പരിഗണിക്കാൻ പോകുന്നതെന്നും സർക്കാർ നിലപാട് ഭരണഘടന ബഞ്ച് കേൾക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിധിക്ക് പിന്നാലെയാണ് “ഭരണഘടനാ ധാർമികത” എന്ന വിഷയത്തിൽ വ്യാപകമായ ചർച്ചകൾ നടന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ആദ്യ സത്യവാങ്മൂലത്തിൽ, ഹിന്ദു ആചാരങ്ങളിൽ പാണ്ഡിത്യമുള്ളവരെയും സാമൂഹ്യ പരിഷ്കർത്താക്കളെയും ഉൾപ്പെടുത്തി ഒരു കമ്മീഷൻ രൂപീകരിക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. വിശ്വാസ സമൂഹത്തിൻ്റെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും താൽപ്പര്യങ്ങൾ സമതുലിതമാക്കിയാണ് സർക്കാർ നിലപാട് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതീ പ്രവേശന വിധിയുടെ എല്ലാ വശങ്ങളും കോടതി വിശദമായി പരിശോധിക്കുമെന്നും, സുപ്രീം കോടതി വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചാൽ അത് ശരിയോ തെറ്റോ എന്ന് മുൻകൂട്ടി വിലയിരുത്താൻ കഴിയില്ലെന്നും രാജീവ് പറഞ്ഞു.

വിധി വന്ന സമയത്ത് വിവിധ രാഷ്ട്രീയ കക്ഷികൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിരുന്നുവെന്നും, എൻഎസ്എസ് ആദ്യം മുതൽ വ്യക്തമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ പ്രത്യേക നിലപാട് പിന്തുണച്ചുവെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച മന്ത്രി, ഏത് വിശ്വാസത്തെയും സംരക്ഷിക്കുകയാണ് സർക്കാരിന്റെ നിലപാടെന്നും വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിബദ്ധമാണെന്നും വ്യക്തമാക്കി.