കോഴിക്കോട് നഗരത്തിനാകെ ഗുണകരമാകുന്നതാണ് പുതിയ പാലമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് പ്രതിസന്ധി ഉണ്ടായാലും അത് അതിജീവിച്ച് പദ്ധതികളെ ഫലപ്രാപ്തിയിലെത്തിക്കുന്ന സർക്കാരാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയുടെ സഹായത്തോടെ 60 കോടി രൂപ ചെലവഴിച്ചാണ് പാലം പൂർത്തിയാക്കിയതെന്ന് മന്ത്രി ഉദ്ഘാടനം ചടങ്ങിൽ പറഞ്ഞു. ഒരു പ്രദേശത്തിന്റെ ഏറെക്കാലത്തെ സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ് തുടർച്ചയായ ഇടപെടലുകളാണ് സർക്കാർ നടത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വികസന കാര്യങ്ങളിൽ ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ പ്രാധാന്യത്തിന് മുൻഗണന നൽകിയാണ് മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം ഉറച്ച് നിന്ന സർക്കാരാണ് ഇത്. അഞ്ചുവർഷത്തിനുള്ളിൽ 100 പാലങ്ങൾ പൂർത്തിയാക്കുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ 100 മാത്രമല്ല, 150 പാലങ്ങൾ ഇതിനോടകം പൂർത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കി.