സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നുണകള്‍ എന്ന പേരില്‍ മത്സരം നടത്തി ഡിവൈഎഫ്‌ഐ. രണ്ട് മിനിറ്റില്‍ സതീശന്റെ 11 നുണകള്‍ എണ്ണി പറഞ്ഞ് മഹാരാജാസ് വിദ്യാര്‍ഥി സഫ്വാന്‍ ഒന്നാമതും 10 നുണകള്‍ ചൂണ്ടിക്കാണിച്ച അഥീന രണ്ടാമതുമെത്തി. ഡിവൈഎഫ്‌ഐയുടെ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സതീശന്‍ പറഞ്ഞ നുണകള്‍- നുണപറയല്‍ മത്സരം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.

രണ്ട് മിനിറ്റുകൊണ്ട് സതീശന്‍ പറഞ്ഞ പരമാവധി നുണകള്‍ പറയുന്നതായിരുന്നു മത്സരം. സതീശന്റെ നുണകള്‍ എന്ന പേരില്‍ ഇടത് സൈബര്‍ പോരാളികള്‍ ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചിരുന്നു. സതീശന്‍ ടോക്ട്‌സ് നുണ പറയാതൊരു ദിവസമില്ലെനിക്കീ ഭൂമിയില്‍ എന്നാണ് പേജിന്റെ ബയോയില്‍ കുറിച്ചിരിക്കുന്നത്.

യാതൊരു ഉളുപ്പുമില്ലാതെ നിരന്തരം പച്ചക്കള്ളം മാത്രം പറയുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ യഥാര്‍ഥ മുഖം പൊതുജനത്തിന് മുന്നില്‍ തുറന്നു കാണിക്കുക എന്നതാണ് ലക്ഷ്യമെന്ന് പേജില്‍ അഡ്മിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദങ്ങളും നട്ടാല്‍ക്കുരുക്കാത്ത നുണക്കോട്ടകളും തീര്‍ത്ത് കേരളത്തിന്റെ മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനുള്ള താക്കീതാണിതെന്നും പോസ്റ്റില്‍ പറയുന്നു.