വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരംഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദുരന്തത്തില്‍ പൂര്‍ണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.

കടയുടമയ്ക്ക് ഒന്നില്‍ കൂടുതല്‍ കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവര്‍ക്കുണ്ടായ നഷ്ടത്തിന്റെ 50% അല്ലെങ്കില്‍ താഴെപ്പറയുന്ന പ്രകാരമുള്ള പരമാവധി തുക ഓരോ സംരംഭത്തിനും നഷ്ടപരിഹാരമായി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

(a) Manufacturing Sector - 20 ലക്ഷം

(b) Service - 10 ലക്ഷം

(c) Trade - 7 ലക്ഷം

നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുവാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.