മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയനാട് ടൗൺഷിപ്പ് യാഥാർത്ഥ്യമായി. ഒന്നാംഘട്ടമായി 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സർക്കാർ വാക്ക് പാലിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഒട്ടും എളുപ്പമായിരുന്നില്ല ഈ യജ്ഞം. പല പ്രതിസന്ധികളെയും മറികടന്നാണ് ഇന്നത്തെ ഘട്ടത്തിലെത്തിയത്,” എന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ 178 പേർക്കാണ് പട്ടയം കൈമാറുന്നതെന്നും തെരഞ്ഞെടുപ്പ് വന്നാലും മഴക്കാലത്തിന് മുമ്പായി മുഴുവൻ ദുരന്തബാധിതർക്കും വീടും ഭൂമിയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
നമ്മുടെ നാടിന്റെ പ്രത്യേകത രാജ്യത്തിനും ലോകത്തിനും മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയാണിതെന്നും ഒരുമയും ഐക്യവും സഹോദര്യവുമാണ് ഇത്തരം ഒരു സംരംഭത്തെ യാഥാർത്ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ ജനങ്ങൾ മനസിനെ നടുക്കുന്ന ദുരന്തത്തിനാണ് ഇരയായത്. ദുരന്തത്തെ അതിജീവിച്ചവർ “മുൻപ് ജീവിച്ചതുപോലെ ഒരുമിച്ച് തന്നെ കഴിയണം” എന്ന ആവശ്യം മുന്നോട്ടുവച്ചപ്പോഴാണ് ടൗൺഷിപ്പ് എന്ന ആശയം രൂപം കൊണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പദ്ധതി പൂർത്തിയാക്കുന്നതിൽ സർക്കാർ ഒരിക്കലും സംശയിച്ചിട്ടില്ലെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വാഗ്ദാനങ്ങൾ നൽകിയവർ അവ പാലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തടസങ്ങളും വിമർശനങ്ങളും
പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി നിരവധി തടസങ്ങൾ നേരിട്ടതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യാജപ്രചാരണം, കേന്ദ്രനിഷേധം, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ ഉണ്ടായതായും കോടതി വ്യവഹാരങ്ങൾ നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ചിലർ പ്രചാരണം നടത്തിയതും വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിച്ചതും അദ്ദേഹം വിമർശിച്ചു.
ദുരന്തബാധിതരുടെ വായ്പാകുടിശ്ശിക എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും എന്നാൽ സംസ്ഥാന സർക്കാർ അത് ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീട് നിർമാണത്തിൽ പങ്കാളികളായ എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ജില്ലാ കളക്ടർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർമാണ തൊഴിലാളികൾ എന്നിവരുടെ പരിശ്രമം അദ്ദേഹം പ്രത്യേകമായി പരാമർശിച്ചു.
