പശ്ചിമേഷ്യയിൽ നിലനിൽക്കുന്നത് പുതിയൊരു സാഹചര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർപറഞ്ഞു. ലോകത്തെയാകെ യുദ്ധത്തിലേക്ക് നയിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങൾക്ക് എതിരെ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം.
ഇന്നും നാളെയും യുദ്ധവിരുദ്ധ റാലികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോകം കത്തിക്കാൻ അമേരിക്കൻ സാമ്രാജ്യത്വം പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണെന്നും ധാർഷ്ട്യം നിറഞ്ഞ സാമ്രാജ്യത്വം ട്രംപ് മുഖേനെ ലോകമെമ്പാടും നടപ്പാക്കാൻ നോക്കുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഇസ്രയേലിനെ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ കടന്നാക്രമിക്കുന്നത്. സമാധാനത്തിൻ്റെ പേരിൽ ഒരു ജനതയെ ഒഴിവാക്കി ഭൂമി പിടിച്ചെടുക്കാൻ ശ്രമം നടത്തുകയാണ്. ഇസ്രയേൽ ആക്രമണം ഏകപക്ഷീയമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒരു ഭീകരവാദിയാണ്. ഇറാന്റെ പ്രതിരോധം പ്രതിരോധിച്ചത് ഇസ്രായേൽ അല്ല. അമേരിക്കൻ യുദ്ധക്കപ്പലുകളാണ് അതിനെ പ്രതിരോധിച്ചതെന്നും എം വി ഗോവിന്ദൻ മാസ്റ്റർപറഞ്ഞു. ഈ കടന്നാക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേര് മരിച്ചു. ഏത് രാജ്യത്തെ ആക്രമിക്കാനും രാജ്യ തലവന്മാരെ കൊല്ലാനും അവകാശമുണ്ടെന്ന് അമേരിക്കൻ സാമ്രാജ്യത്വം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
