കോവളം കടൽത്തീരത്ത് രുചിഭേദങ്ങളുടെ ഉത്സവമാെരുക്കി ഫൻഡാങ്കോ 2026 ഭക്ഷ്യ-സാംസ്കാരിക മേള. മെഡിറ്ററേനിയൻ വിഭവങ്ങൾ മുതൽ തമിഴ്നാടിന്റെ കൽദോശയും കേരളത്തിന്റെ നെയ്മീൻ പൊള്ളിച്ചതും വരെ അണിനിരത്തിക്കൊണ്ടുള്ള ഫൻഡാങ്കോ മേള, കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ഐഎച്ച്എംസിടി) യിലെ വിദ്യാർത്ഥികളുടെ വൈദഗ്ധ്യം നേരിട്ട് അനുഭവിച്ചറിയാനുള്ള ഒരു വേദി കൂടിയായി മാറി. അവസാന വർഷ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി നടന്ന മേള, പ്രദേശവാസികൾക്കും സന്ദർശകർക്കും രുചി വൈവിധ്യങ്ങളുടെ മൂന്നു ദിനങ്ങളാണ് ഒരുക്കിയത്.
ഐഎച്ച്എംസിടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ വിവിധ ഭക്ഷ്യ കൗണ്ടറുകളായിരുന്നു മേളയുടെ പ്രധാന ആകർഷണം. മെഡിറ്ററേനിയൻ വിഭവങ്ങൾ വിളമ്പിയ ലാറ്റിറ്റ്യൂഡ് 45, കേരളത്തിന്റെ തനത് മത്സ്യവിഭവങ്ങൾക്കായുള്ള മീൻപുരാണം എന്നിവയ്ക്കൊപ്പം, ചൈനീസ്, നോർത്ത് ഇന്ത്യൻ, അറബിക് വിഭവങ്ങൾക്കും മോക്ടെയിൽ, ഡെസേർട്ടുകൾ എന്നിവയ്ക്കുമുള്ള കൗണ്ടറുകളും മേളയിൽ ശ്രദ്ധ നേടി.
കൗണ്ടറുകൾ ഒരുക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമെല്ലാം വിദ്യാർത്ഥികൾ തന്നെയാണെന്ന് പ്രിൻസിപ്പാൾ ഡോ. അനന്തകൃഷ്ണൻ പറഞ്ഞു. കൗണ്ടറുകൾ തയ്യാറാക്കുന്നതിനു പുറമേ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തി അനുമതികൾ വാങ്ങുന്നതും, ആവശ്യമായ വസ്തുക്കൾ നേരിട്ട് എത്തിക്കുന്നതും വരെ വിദ്യാർത്ഥികൾ തന്നെയാണെന്നും, ഒരു റെസ്റ്റോറന്റ് പുതുതായി തുടങ്ങുമ്പോൾ അഭിമുഖീകരിക്കേണ്ട എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്റൂമുകൾക്കു പുറത്തേക്കു നീളുന്ന പഠനാനുഭവം വാഗ്ദാനം ചെയ്യുകയാണ് മേളയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎച്ച്എംസിടി വിദ്യാർത്ഥികൾക്ക് മാത്രമല്ല, കോവളത്തെത്തുന്ന തദ്ദേശീയരും അല്ലാത്തവരുമായ വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഹോട്ടൽ മാനേജ്മെൻ്റ് മേഖലയിലെ പ്രമുഖർക്കുമെല്ലാം ഒരുപോലെ ഉത്സവപ്രതീതി സൃഷ്ടിക്കുകയാണ് ഫൻഡാങ്കോ. പ്രതിദിനം ആയിരത്തോളം സന്ദർശകരാണ് മേളയിൽ പങ്കെടുക്കാനായി എത്തിച്ചേരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷ്യവൈവിധ്യം ഒന്നിച്ച് അനുഭവിക്കുക എന്നതിലുപരി, മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന സാംസ്കാരിക പരിപാടികൾ ആസ്വദിക്കാൻ കൂടിയാണ് ഫൻഡാങ്കോ വേദിയിലേക്ക് സന്ദർശകർ എത്തുന്നത്.
കഥകളി, തിരുവാതിര തുടങ്ങിയ കലാരൂപങ്ങളും വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, ഫാഷൻ ഷോ എന്നിവയും ഫൻഡാങ്കോയുടെ ഭാഗമായി അരങ്ങേറി. വിദേശ ടൂറിസ്റ്റുകളാണ് ഫൻഡാങ്കോയുടെ അതിഥികളിലേറെയും. എല്ലാ വർഷവും ഫൻഡാങ്കോയിൽ പങ്കെടുക്കാനായി മാത്രം കേരളത്തിലെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഫെബ്രുവരി 27ന് ആരംഭിച്ച മാർച്ച് ഒന്നിനാണ് സമാപിച്ചത്. വിദ്യാർത്ഥികളുടെ തൊഴിൽ വൈദഗ്ധ്യം പ്രദർശിപ്പിക്കാനും മെച്ചപ്പെടുത്താനുമായി നടത്തുന്ന ഇത്തരം മേളകളിൽ ഏറ്റവും ജനപങ്കാളിത്തമുള്ളവയിലൊന്നാണ് ഫൻഡാങ്കോ എന്നും ഡോ. അനന്തകൃഷ്ണൻ സൂചിപ്പിച്ചു.
