കോൺഗ്രസ് ഭരിക്കുന്ന കർണാടകയും ഹിമാചൽ പ്രദേശ്യും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് സർക്കാർ ജീവനക്കാർ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഹിമാചൽ പ്രദേശിൽ കേന്ദ്ര ഗ്രാന്റുകൾ കുറഞ്ഞതിനെ തുടർന്ന് “അസാധാരണ സാമ്പത്തിക വെല്ലുവിളികൾ” നേരിടുകയാണെന്ന് സർക്കാർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 20 മുതൽ 30 ശതമാനം വരെ താൽക്കാലിക വെട്ടിക്കുറവ് ഏർപ്പെടുത്തി. മേയ് മുതൽ അടുത്ത ആറുമാസത്തേക്കാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ഭരണഘടനയുടെ 309ാം അനുച്ഛേദം പ്രകാരം ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചു.
മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുയുടെ ശമ്പളത്തിൽ 50 ശതമാനവും മന്ത്രിമാർക്ക് 30 ശതമാനവും എം.എൽ.എമാർക്ക് 20 ശതമാനവും കുറയ്ക്കാനുള്ള തീരുമാനം ഇതിനകം എടുത്തിട്ടുണ്ട്. ചീഫ് സെക്രട്ടറി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും ശമ്പളക്കുറവ് ബാധകമാണ്.
അതേസമയം, കർണാടകയിൽ ഏപ്രിൽ മൂന്നാം ആഴ്ച്ചയിലേക്കും കടന്നിട്ടും നിരവധി വകുപ്പുകളിലെ ഏകദേശം 6.4 ലക്ഷം ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം പോലും ലഭിച്ചിട്ടില്ല. റവന്യൂ, വിദ്യാഭ്യാസം, പൊലീസ്, മൃഗസംരക്ഷണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് തുടങ്ങിയ പ്രധാന വകുപ്പുകളിലാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്.
ദാവണഗരെ സൗത്ത്, ബാഗൽകോട്ട് ഉപതിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ‘ഗൃഹലക്ഷ്മി’ പദ്ധതിക്ക് വൻതോതിൽ ഫണ്ട് മാറ്റിവെച്ചതാണ് ശമ്പളം വൈകാൻ കാരണമെന്നാണ് ജീവനക്കാരുടെ ആരോപണം.
ഇതിനിടെ തെലങ്കാനയിലും സമാനമായ പ്രശ്നങ്ങൾ ഉയർന്നു. ശമ്പളവും പെൻഷനും മുടങ്ങുന്നതിനെതിരെ ജീവനക്കാരും പെൻഷൻകാരും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
