കോൺഗ്രസ് പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രിസ്ഥാനം ചുറ്റിപ്പറ്റിയുള്ള പോരാട്ടം കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ സാധ്യതകൾ വ്യക്തമായിട്ടില്ലാത്ത ഈ സ്ഥാനത്തിനായി നേതാക്കൾ തമ്മിലുള്ള മത്സരം ശക്തമാകുന്നു. കെ.സി., ആർ.സി., വി.ഡി. എന്നിവരടങ്ങുന്ന പ്രധാന നേതാക്കൾ തമ്മിൽ മുന്നേറ്റത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.
പരസ്പരം വിമർശനങ്ങളും രാഷ്ട്രീയ നീക്കങ്ങളും ശക്തമാകുന്ന സാഹചര്യത്തിൽ, വിവിധ ഇടങ്ങളിൽ നേതാക്കളുടെ പിന്തുണയ്ക്കായി പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ, മറ്റൊരു ശ്രദ്ധേയ സംഭവവും അരങ്ങേറിയിരിക്കുകയാണ്.
കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രിയാകുന്നതിന് തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് നീങ്ങണമെന്നാശംസിച്ച്, ഒരു കോൺഗ്രസ് പ്രവർത്തകൻ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടായി തുലാഭാരം നേർന്നിരിക്കുകയാണ്. പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് ഈ വഴിപാടു നടത്തിയത്.
തൃശൂർ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ സി.എം. അനിൽകുമാർ ആണ് ഈ വഴിപാടിന് പിന്നിൽ. കെ.സി. വേണുഗോപാലിന്റെ ജന്മദിനമായ മേയ് 18-നാണ് തുലാഭാരം നടത്താൻ തീയതി നിശ്ചയിച്ചിരിക്കുന്നത്.
